താരസംഘടനയിൽ നടക്കുന്നത് നീതിനിഷേധമെന്ന് ഉണ്ണി ശിവപാൽ
Highlights
മുതിർന്ന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ പ്രമുഖ അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
കൊച്ചി: താര സംഘടനയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ട്രഷറർ ഉണ്ണി ശിവപാൽ രംഗത്ത്. സംഘടനയിൽ നീതി നിഷേധം നടക്കുന്നുവെന്നും ഓഫീസ് ജീവനക്കാരുടെ പരാതിയിൽ തന്റെ ഭാഗം കേൾക്കാൻ പോലും നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗം ഇന്ന് ചേരാനിരിക്കെയാണ് ‘അമ്മ’യുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ ഉണ്ണി ശിവപാൽ വിമർശനം ഉയർത്തിയിരിക്കുന്നത്.
നടി അൻസിബ ഹസൻ നൽകിയ പരാതിയും സംഘടനയ്ക്കുള്ളിലെ ഭിന്നതകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്നത്തെ ജനറൽ ബോഡി യോഗത്തിൽ പ്രധാന ചർച്ചയാകുമെന്നാണ് സൂചന. മുതിർന്ന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ പ്രമുഖ അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
ഇതിനിടെ, നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതിയിൽ പ്രാഥമികമായി കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്നാണ് പൊലീസിന്റെ നിലപാട്. പരാതിയുമായി ബന്ധപ്പെട്ട് ഇരുവരുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.