Sunday, 22 November 2026 | 12:43 PM

Latest

‘വന്നി’യിൽ പെൺപോരാളിയായി ഇനിയ; വർഷങ്ങൾക്കുശേഷം നായികാ വേഷം

sreyas 21 November 2026 11:40 AM
‘വന്നി’യിൽ പെൺപോരാളിയായി ഇനിയ; വർഷങ്ങൾക്കുശേഷം നായികാ വേഷം

Highlights

ചെന്നൈ, ശ്രീലങ്ക, നാഗപട്ടണം, പൂമ്പുഹാർ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

 

തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ച മലയാളി താരം ഇനിയ വീണ്ടും നായികയായി എത്തുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന ശക്തമായ കഥാപാത്രത്തെയാണ് താരം പുതിയ ചിത്രമായ ‘വന്നി’യിൽ അവതരിപ്പിക്കുന്നതെന്നാണ് വിവരം.

‘വാഗൈ ചൂടവാ’, ‘യുദ്ധം സെയ്’, ‘മൗനഗുരു’, ‘അമ്മാവിൻ കൈപേശി’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഇനിയ. നായികാ വേഷങ്ങളിൽ അവസരങ്ങൾ കുറഞ്ഞ ഘട്ടത്തിൽ സഹനായികയായും പ്രാധാന്യമുള്ള മറ്റ് കഥാപാത്രങ്ങളായും താരം അഭിനയിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ‘മൂക്കുത്തി അമ്മൻ 2’ലും ഇനിയ ചെറിയൊരു വേഷത്തിലാണ് എത്തിയത്.

ഇതിനിടെയാണ് വർഷങ്ങൾക്കുശേഷം ‘വന്നി’യിലൂടെ പ്രധാന നായികയായി അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ചെല്ലമ്മാൾ മൂവി മേക്കേഴ്സും ശുക്രൻ ടാക്കീസും ചേർന്ന് നിർമിക്കുന്ന ചിത്രം എസ്.എ. കാർത്തികേയനാണ് സംവിധാനം ചെയ്യുന്നത്. സമൂഹത്തിനുവേണ്ടി പോരാടുന്ന സ്ത്രീയുടെ കഥ പറയുന്ന ചിത്രത്തിൽ പോരാട്ടവീര്യമുള്ള കഥാപാത്രമായാണ് ഇനിയ എത്തുന്നത്. സ്ത്രീകളുടെ അവകാശങ്ങളും സാമൂഹിക വിഷയങ്ങളും ചിത്രത്തിന്റെ പ്രമേയമാകുന്നുവെന്നാണ് സൂചന.

ഗണേഷ് വെങ്കിട്ടരാമൻ, തമ്പി രാമയ്യ, സായ് രത്ന, പ്രിയങ്ക ദിനേശ്, ബാലാജി മുരുഗദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചെന്നൈ, ശ്രീലങ്ക, നാഗപട്ടണം, പൂമ്പുഹാർ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച ഇനിയയ്ക്ക് ‘വന്നി’യിലെ നായികാ വേഷം കരിയറിൽ പുതിയ വഴിത്തിരിവാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.