Sunday, 22 November 2026 | 12:43 PM

Interviews

'തുടരുമി'ലെയും 'ലോ ആന്‍ഡ് ഓര്‍ഡറി'ലെയും വേഷങ്ങള്‍ രണ്ട് വ്യത്യസ്ത തലങ്ങളിലുള്ള കഥാപാത്രങ്ങളാണ്.... -പ്രകാശ് വര്‍മ്മ

അപ്പൂസ് കെ.എസ് 20 November 2026 09:01 AM
'തുടരുമി'ലെയും 'ലോ ആന്‍ഡ് ഓര്‍ഡറി'ലെയും വേഷങ്ങള്‍ രണ്ട് വ്യത്യസ്ത തലങ്ങളിലുള്ള കഥാപാത്രങ്ങളാണ്.... -പ്രകാശ് വര്‍മ്മ

Highlights

'തുടരും' എന്ന ചിത്രത്തിലെ കടുപ്പക്കാരനായ ജോര്‍ജ് സാറായി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടനും പ്രശസ്ത പരസ്യസംവിധായകനുമായ പ്രകാശ് വര്‍മ്മ അടുത്തകാലത്ത് രഞ്ജിത്ത് സംവിധാനം ചെയ്ത  'ലോ ആന്‍ഡ് ഓര്‍ഡറി'ല്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ആ ചിത്രത്തിലെ അനുഭവങ്ങള്‍ പ്രകാശ് വര്‍മ്മ പങ്കുവയ്ക്കുന്നു

പ്രകാശ് വര്‍മ്മയുടെ കാഴ്ചപ്പാടില്‍ എന്താണ് 'സക്സസ്' അല്ലെങ്കില്‍ വിജയം?

എത്രയധികം പണം സമ്പാദിച്ചാലും ഇഷ്ടപ്പെട്ട ജോലി ചെയ്യാന്‍ അവസരം ലഭിച്ചാലും അതിനെയൊന്നും പൂര്‍ണ്ണമായും 'സക്സസ്' എന്നുവിളിക്കാന്‍ കഴിയില്ല. നമ്മള്‍ എത്ര ഉയരത്തില്‍ എത്തിയാലും എപ്പോഴും റൂട്ടഡ് ആയിരിക്കണം. ഒരു ദിവസം രാത്രി സമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥവിജയം. പണം പ്രധാനമാണ്, പക്ഷെ അതിനൊരു പരിധിയുണ്ട്; സമാധാനം തന്നെയാണ് അതിനേക്കാള്‍ പ്രധാനം.

'തുടരുമി'ലെ ജോര്‍ജ് സാര്‍ വലിയ വിജയമായിരുന്നു. 'ലോ ആന്‍ഡ് ഓര്‍ഡറി'ലും പോലീസ് വേഷം തന്നെയാണ്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്നോ റിപ്പീറ്റേഷന്‍ ഉണ്ടാകുമെന്നോ പേടിയുണ്ടായിരുന്നോ?

'തുടരും' എന്ന സിനിമ നന്നാവുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതിലെ കഥാപാത്രം എനിക്ക്  നന്നായി ചെയ്യാന്‍ പറ്റി. എന്നാല്‍ അതിനെയൊരു ഭാരമായി ഞാന്‍ ചുമക്കുന്നില്ല. നമ്മള്‍ ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം; അതിനെക്കുറിച്ച് അധികം ആലോചിക്കേണ്ട കാര്യമില്ല. 'തുടരുമി'ലെയും 'ലോ ആന്‍ഡ് ഓര്‍ഡറി'ലെയും വേഷങ്ങള്‍ രണ്ട് വ്യത്യസ്ത തലങ്ങളിലുള്ള കഥാപാത്രങ്ങളാണ്.

യുവസംവിധായകനായ തരുണ്‍മൂര്‍ത്തിക്കൊപ്പമാണ് 'തുടരും' ചെയ്തത്. എന്നാല്‍ 'ലോ ആന്‍ഡ് ഓര്‍ഡര്‍' ചെയ്തത് മുതിര്‍ന്ന സംവിധായകനായ രഞ്ജിത്താണ്. രണ്ടുപേരുടെയും രീതികള്‍ ശ്രദ്ധിച്ചിരുന്നോ?

എത്രപേരെ എടുത്തുനോക്കിയാലും എല്ലാവരിലും അവരുടേതായ ഒരു തനിമ ഉണ്ടാകും. ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ തരുണിന്‍റെ മേക്കിങ് ശൈലിയില്‍ വലിയ വ്യത്യാസമുണ്ട്. എന്നാല്‍ രഞ്ജിത്ത് സാറിനെപ്പോലുള്ള സംവിധായകരെ ഇനി നമ്മള്‍ക്ക് കിട്ടില്ല. അവരുടെ കാലഘട്ടത്തിലെ സംവിധാനരീതിയും എഴുത്തുമെല്ലാം തികച്ചും വ്യത്യസ്തമാണ്. ഒരു സിനിമാവിദ്യാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ ഇതെല്ലാം നിരീക്ഷിക്കാറുണ്ട്.

താങ്കള്‍  ചെയ്യുന്ന പരസ്യചിത്രങ്ങള്‍ പുറത്തുള്ളവര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടോ?

പരസ്യങ്ങള്‍ പലപ്പോഴും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതാണല്ലോ. അതുകൊണ്ടുതന്നെ ചെറിയൊരു വീഡിയോ ക്ലിപ്പ് എടുക്കുന്ന പരിപാടിയാണ് ഇതെന്ന് ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ആ കുറഞ്ഞ സെക്കന്‍ഡുകള്‍ക്ക് പിന്നില്‍ എത്ര ദിവസത്തെ കഷ്ടപ്പാടുണ്ടെന്ന് പലരും മനസ്സിലാക്കുന്നില്ല. അങ്ങനെയുള്ള സംസാരങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ഞാന്‍ അതൊന്നും കാര്യമാക്കാറില്ല.

ജീവിതത്തിലോ കരിയറിലോ റിസ്ക് എടുക്കാന്‍ ഇഷ്ടമാണോ?

തീര്‍ച്ചയായും ഇഷ്ടമാണ്. നമ്മള്‍ റിസ്ക് എടുക്കുമ്പോള്‍ താഴെ വീണുപോകാതിരിക്കാന്‍ ഒരു പ്രത്യേക ഫോക്കസ് ഉണ്ടാകും. അതൊരു നല്ല അനുഭവമാണ്. ഒരു മുന്‍വിധിയുമില്ലാതെ അനിശ്ചിതത്വങ്ങളിലേക്ക് മുന്നേറുമ്പോഴുള്ള ആവേശവും അതില്‍ നിന്ന് പഠിക്കുന്ന പാഠങ്ങളും വളരെ വലുതാണ്.

 

Tags
Prakash Varma thudarum law and order