Sunday, 22 November 2026 | 02:45 PM

Interviews

ഏഷ്യന്‍ രാജ്യങ്ങള്‍ മാറ്റുരച്ച ഡിജികോണ്‍ ഏഷ്യാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാനിലെ ഫൈനല്‍ വേദിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'കിങ്കരകാവ്യം' എന്ന അനിമേഷന്‍ ചിത്രത്തിന്‍റെ വിശേഷങ്ങളുമായി രാഹുല്‍ റിജി നായര്

നിരഞ്ജന ഇന്ദു 17 November 2026 08:29 AM
ഏഷ്യന്‍ രാജ്യങ്ങള്‍ മാറ്റുരച്ച ഡിജികോണ്‍ ഏഷ്യാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാനിലെ ഫൈനല്‍ വേദിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'കിങ്കരകാവ്യം' എന്ന അനിമേഷന്‍ ചിത്രത്തിന്‍റെ വിശേഷങ്ങളുമായി  രാഹുല്‍ റിജി നായര്

Highlights

'ഒറ്റമുറി വെളിച്ചം', 'കള്ളനോട്ടം' തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. ഓരോ സിനിമയിലും സ്ഥിരം ഫോര്‍മുലകള്‍ പൊളിച്ച് പുതിയ ജോണറുകളും പ്രമേയങ്ങളും തേടുന്ന രാഹുലിന്‍റെ ഏറ്റവും പുതിയ പരീക്ഷണമാണ് 'കിങ്കരകാവ്യം' എന്ന അനിമേഷന്‍ ചിത്രം. ഏഷ്യന്‍ രാജ്യങ്ങള്‍ മാറ്റുരച്ച ഡിജികോണ്‍ ഏഷ്യാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാനിലെ ഫൈനല്‍ വേദിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിന്‍റെ വിശേഷങ്ങളുമായി രാഹുല്‍ റിജി നായര്‍ സംസാരിക്കുന്നു.

 

ഒറ്റമുറി വെളിച്ചത്തില്‍ നിന്ന് 'കിങ്കരകാവ്യ'ത്തില്‍ എത്തുമ്പോള്‍ വലിയൊരു ജോണര്‍ ഷിഫ്റ്റാണ് കാണുന്നത്. ഈ പരീക്ഷണങ്ങള്‍ക്ക് പിന്നിലെ ചേതോവികാരം എന്താണ്?

അങ്ങനെ പ്ലാന്‍ ചെയ്ത് ചെയ്യുന്നതല്ല ഇതൊന്നും. എപ്പോഴും എന്നെ ഞാനൊരു കഥ പറച്ചിലുകാരനായാണ് കാണുന്നത്. നമ്മള്‍ പല കഥകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഓരോ കഥയും അതിന്‍റെ മാധ്യമം സ്വയം ആവശ്യപ്പെടാറുണ്ട്. എഴുത്ത്, ലൈവ് ആക്ഷന്‍ സിനിമകള്‍, ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിലിം ഒക്കെപ്പോലെ കഥ പറയാനുള്ള മറ്റൊരു സുന്ദരമായ മീഡിയമാണ് അനിമേഷന്‍.

അനിമേഷന്‍ പശ്ചാത്തലമില്ലാത്ത ഒരാള്‍ ഇങ്ങനെയൊരു പ്രോജക്റ്റിലേക്ക് എടുത്തുചാടിയത് എങ്ങനെയാണ്?

2020 ലെ കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് അനിമേഷനില്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വരുന്നത്. സത്യത്തില്‍ അനിമേഷനെക്കുറിച്ച് വലിയ വിവരമില്ലാതിരുന്നതുകൊണ്ടാണ് ഇതിലേക്ക് അന്ന് ധൈര്യമായി ഇറങ്ങിത്തിരിച്ചത്. ഇതിനുപിന്നില്‍ ഇത്രയധികം അധ്വാനവും പണച്ചെലവും സമയവും ആവശ്യമുണ്ടെന്ന് അന്നറിയില്ലായിരുന്നു. ഇത് വെറും 14 മിനിറ്റുള്ള ഒരു ചിത്രമാണ്. പക്ഷേ, അത് പൂര്‍ത്തിയാക്കാന്‍ ഞാന്‍  മൂന്നര നാല് വര്‍ഷത്തോളം എടുത്തു. ഈ കാലയളവില്‍ ഞാന്‍ 'ജയ് മഹേന്ദ്രന്‍' എന്ന വെബ്സീരീസും മറ്റ് സിനിമകളുമൊക്കെ ചെയ്തുതീര്‍ത്തു. എന്നാല്‍ ഈ 14 മിനിറ്റ് തീര്‍ക്കാന്‍ വലിയൊരു പ്രയത്നം തന്നെ വേണ്ടി വന്നു.

എ.ഐ (AI) തരംഗമായി മാറിയ ഇക്കാലത്ത് 'കിങ്കരകാവ്യ'ത്തിന് ഒരു പ്രത്യേകതയുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. 2022 നവംബറിലാണ് ചാറ്റ് ജി.പി.ടിയും പിന്നീട് ഇമേജ് ജനറേഷനുമൊക്കെ ലോകത്ത് വരുന്നത്. ഞങ്ങള്‍ ഈ ചിത്രം ആരംഭിച്ചത് അതിനും രണ്ടുവര്‍ഷം മുന്‍പാണ്. ഇന്ന് സിനിമയുടെ ടീസര്‍ കാണുമ്പോള്‍ പലരും ചോദിക്കുന്നത് 'ഏത് എ.ഐ മോഡലാണ് ഉപയോഗിച്ചത്' എന്നാണ്. മൂന്നാലുകൊല്ലം കഷ്ടപ്പെട്ട അധ്വാനത്തെ ആളുകള്‍ അങ്ങനെയൊറ്റവാക്കില്‍ ചോദിക്കുമ്പോള്‍ വിഷമം തോന്നും. അതുകൊണ്ട് സിനിമയില്‍ ഞങ്ങള്‍ ഒരു ഡിസ്ക്ലൈമര്‍ തന്നെ വെച്ചിട്ടുണ്ട്. 'ഇതില്‍ ഒരു ഫ്രെയിം പോലും എ.ഐ ഉപയോഗിച്ചതല്ല, പൂര്‍ണ്ണമായും മനുഷ്യന്‍റെ ക്രിയേറ്റിവിറ്റിയാണ്' എന്ന്.

കൊച്ചിയുടെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണല്ലോ. എന്താണ് ഇതിവൃത്തം?

ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും പണ്ട് ആഫ്രിക്കന്‍ അടിമക്കച്ചവടം (African slave trade) നടന്നിരുന്നു എന്ന ചരിത്രം വായിച്ചപ്പോഴാണ് അതെന്നെ വല്ലാതെ ആകര്‍ഷിച്ചത്. പാശ്ചാത്യരാജ്യങ്ങളില്‍ മാത്രം നടന്നിരുന്ന ഒന്നല്ല, നമ്മുടെ നാട്ടിലും അത് നടന്നിരുന്നു എന്നത് രേഖപ്പെടുത്തണമെന്ന് തോന്നി. പതിനേഴാം നൂറ്റാണ്ടിലെ ആ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. ആഫ്രിക്കയില്‍ നിന്ന് അടിമയായി എത്തുന്ന ഒരാളും ഇവിടുത്തെ അധഃസ്ഥിത വിഭാഗത്തിലുള്ള ഒരു പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയവും അവരുടെ അതിജീവനവുമാണ് 'കിങ്കരകാവ്യം' പറയുന്നത്. രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന മനുഷ്യര്‍ ഒരേ അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക ബന്ധമാണത്.

രാജ്യാന്തര വേദികളില്‍'കിങ്കരകാവ്യ'ത്തിന് വലിയ അംഗീകാരം ലഭിച്ചല്ലോ?

ഡിജികോണ്‍ ഏഷ്യാ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിന്നറായി 'കിങ്കരകാവ്യം' തിരഞ്ഞെടുക്കപ്പെട്ടു. 14 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിജയികള്‍ മത്സരിക്കുന്ന ഫൈനല്‍ നവംബര്‍ അഞ്ചിന് ജപ്പാനില്‍ വച്ചാണ് നടക്കുന്നത്. മുംബൈയിലെ അനിമേഷന്‍ ഫെസ്റ്റിവലില്‍ സൗത്ത് ഏഷ്യന്‍ മത്സരവിഭാഗത്തിലായിരുന്നു ഇതിന്‍റെ വേള്‍ഡ് പ്രീമിയര്‍. തിയേറ്ററില്‍ നിറഞ്ഞിരുന്ന കാണികള്‍ക്കൊപ്പം സിനിമ കണ്ട്, അവരുടെ കയ്യടി ഏറ്റുവാങ്ങിയ ആ നിമിഷമാണ് നാല് വര്‍ഷത്തെ പ്രയത്നത്തിന് എനിക്ക് കിട്ടിയ ഏറ്റവും വലിയ തൃപ്തി.

സംവിധാനത്തോടൊപ്പം അഭിനയത്തിലും സജീവമാണല്ലോ? ജയ് മഹേന്ദ്രനിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു?

അഭിനയിക്കണമെന്ന ആഗ്രഹം പണ്ട് മുതലേ ഉണ്ടായിരുന്നു. എന്നാല്‍ സംവിധായകനാവുക എന്നതായിരുന്നു പ്രധാനം. ആദ്യകാലങ്ങളില്‍ അതിനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു. 'ജയ് മഹേന്ദ്രന്‍' എന്ന വെബ് സീരീസിലെ കഥാപാത്രമാണ് നടന്‍ എന്ന രീതിയില്‍ കൂടുതല്‍ ശ്രദ്ധ നേടിത്തന്നത്. ജിയോ ഹോട്ട് സ്റ്റാറിലെ 'കാപ്പി സ്ക്വാഡ്' എന്ന പുതിയ സീരീസിലും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍, എഴുത്തുകാരന്‍... ഇതില്‍ ഏറ്റവും ആസ്വദിക്കുന്നത് ഏതാണ്?

ഏറ്റവും എന്‍ജോയ് ചെയ്യുന്നത് റൈറ്റിംഗ് ആണ്. അവിടെ നമ്മള്‍ നമ്മളോട് തന്നെയാണ് സംസാരിക്കുന്നത്. അവിടെ മറ്റാരുടെയും സമ്മര്‍ദ്ദമില്ല. എന്നാല്‍ ഏറ്റവും ലീസ്റ്റ് എന്‍ജോയ് ചെയ്യുന്നതും ബുദ്ധിമുട്ടിയതുമായ കാര്യം പ്രൊഡക്ഷന്‍ ആണ്! അതൊരു താങ്ക്ലെസ്സ് ജോലിയാണ്. സിനിമയ്ക്ക് എന്ത് സംഭവിച്ചാലും അവസാനം പഴി കേള്‍ക്കുന്നത് പ്രൊഡ്യൂസറാണ്. പക്ഷേ, ഇപ്പോള്‍ പത്തുവര്‍ഷങ്ങളോളം നിര്‍മ്മാതാവായി ഈ രംഗത്ത് നിലനില്‍ക്കുന്നതില്‍ അഭിമാനമുണ്ട്.

 

Tags
Rahul Riji Nair Kingara Kavyam