Sunday, 22 November 2026 | 02:46 PM

Interviews

മമ്മൂക്കയോ കമലഹാസന്‍ സാറോ എന്ന് ചിന്തിച്ചിടത്തുനിന്നും ഒരു അമ്മയിലേക്ക്... -സഫര്‍ സനല്

ബിന്ദു പി.പി 17 November 2026 06:55 AM
മമ്മൂക്കയോ കമലഹാസന്‍ സാറോ എന്ന് ചിന്തിച്ചിടത്തുനിന്നും ഒരു അമ്മയിലേക്ക്... -സഫര്‍ സനല്

Highlights

മലയാള സിനിമയില്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്തവിധം അത്യപൂര്‍വ്വമായ പ്രമേയപരിസരവുമായി തിയേറ്ററുകളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് 'ആശ' എന്ന ചിത്രം. ഒരു സാധാരണ റിവഞ്ച് ത്രില്ലറിന്‍റെ എല്ലാ പരമ്പരാഗത ചട്ടക്കൂട്ടുകളെയും അട്ടിമറിച്ച്, പ്രേക്ഷകരുടെ സദാചാരബോധത്തെയും ചിന്താഗതികളെയും ചോദ്യം ചെയ്യുന്ന ഈ ചിത്രം സവിശേഷമായ ഒരു ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ചിത്രത്തിന്‍റെ വലിയ വിജയത്തിന് പിന്നാലെ, സിനിമയുടെ രൂപീകരണത്തെക്കുറിച്ചും, എഴുത്തുരീതികളെക്കുറിച്ചും ഉര്‍വശി എന്ന മഹാപ്രതിഭയുടെ അവിസ്മരണീയ പ്രകടനത്തെക്കുറിച്ചും ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമായ സഫര്‍ സനല്‍ "നാന"യോട് മനസ്സ് തുറക്കുന്നു.

 

പ്രതികാര കഥകളുടെ ടെംപ്ലേറ്റ് പൊളിച്ചെഴുതിയ ആശയം

2019ല്‍ 'പീസ്'എന്ന സിനിമയില്‍ സഹ എഴുത്തുകാരനായി പ്രവര്‍ത്തിക്കുന്ന കാലത്താണ് ഞാനും എന്‍റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ രമേഷ് ചേട്ടനും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ പ്രാഥമിക ആശയത്തെക്കുറിച്ച് ചിന്തിക്കുന്നത്. സിനിമകളില്‍ നമ്മള്‍ സാധാരണയായി കാണാറുള്ളത് ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ക്ക് അപ്രതീക്ഷിതമായി ഒരു അത്യാഹിതം സംഭവിക്കുമ്പോള്‍ പ്രതികാരത്തിന് ഇറങ്ങിത്തിരിക്കുന്ന അച്ഛനെയോ അമ്മയെയോ ഒക്കെയാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു സാധാരണ മനുഷ്യനാണ് അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നതെങ്കില്‍ എന്തൊക്കെ സംഭവിക്കും? 

റിയാലിറ്റിയില്‍ നിന്നുകൊണ്ട് അതിനെ നോക്കിക്കണ്ടാല്‍ ആ പ്രതികാരയാത്ര എങ്ങനെമാറും? ആ ഒരു ചിന്തയില്‍ നിന്നാണ് ഈ പ്രോജക്റ്റിന്‍റെ തുടക്കം.

കഥ പുരോഗമിക്കുമ്പോള്‍, ആദ്യപകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പെര്‍സ്പെക്റ്റീവ് ഷിഫ്റ്റ് കൊണ്ടുവരിക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. ട്രെയിലര്‍ കണ്ടവര്‍ക്ക് ഒരുപക്ഷേ ഇതൊരു ഈഗോ ക്ലാഷ് ആയി തോന്നാം. എന്നാല്‍ തിയേറ്ററില്‍ ഫസ്റ്റ് ഹാഫ് കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന വഴികളിലൂടെയല്ല രണ്ടാം പകുതി  സഞ്ചരിക്കുന്നത്. ഒരാളുടെ പുറംമോടിയും പെരുമാറ്റവും കണ്ടുകൊണ്ട് നമ്മള്‍ രൂപപ്പെടുത്തുന്ന മുന്‍വിധികളെ പൊളിച്ചെഴുതാനാണ് ഞങ്ങള്‍ ശ്രമിച്ചത്.

മമ്മൂക്കയോ കമലഹാസന്‍ സാറോ എന്ന് ചിന്തിച്ചിടത്തുനിന്നും ഒരു അമ്മയിലേക്ക്.

ആദ്യഘട്ടത്തില്‍ ഇതൊരു ഫീമെയില്‍ പെര്‍സ്പെക്റ്റീവിലാണ് ചിന്തിച്ചതെങ്കിലും പിന്നീട് ജോജുച്ചേട്ടനുമായുള്ള ചര്‍ച്ചകള്‍ക്കിടയില്‍ കഥയ്ക്ക് വലിയൊരു കൊമേഴ്സ്യല്‍ വ്യാപ്തി ഉണ്ടെന്ന് മനസ്സിലായി. അങ്ങനെവന്നപ്പോഴാണ് ഇതൊരു പുരുഷ കേന്ദ്രീകൃത കഥാപാത്രത്തിലേക്ക് മാറ്റിയാലോ എന്ന ചിന്ത ഉയര്‍ന്നത്. മമ്മൂക്കയെയോ അല്ലെങ്കില്‍ കമലഹാസന്‍ സാറിനെയോ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാവുന്ന ഒരു ഡ്രീം പ്രോജക്റ്റ് എന്ന നിലയില്‍ ഞങ്ങള്‍ ആ രീതിയിലും എഴുത്തുപരീക്ഷണങ്ങള്‍ നടത്തിനോക്കി.

എന്നാല്‍ കാലഘട്ടത്തിനനുസരിച്ച് പ്രേക്ഷകരുടെ കാഴ്ചപ്പാടുകളിലുണ്ടായ മാറ്റങ്ങളും സിനിമയുടെ ആന്തരിക തലങ്ങളും വിലയിരുത്തിയപ്പോള്‍, ഒരു സ്ത്രീ കഥാപാത്രത്തിലേക്ക് തിരികെ, എത്തുമ്പോഴാണ് ഈ സിനിമയ്ക്ക് കൂടുതല്‍ ആഴവും തീവ്രതയും ലഭിക്കുക എന്ന് വ്യക്തമായി. അതോടെ ഇതൊരു അമ്മയുടെ കണ്ണിലൂടെ പറയാന്‍ ഉറപ്പിച്ചു. ആ നിമിഷത്തില്‍ തന്നെ ഞങ്ങള്‍ക്ക് ബോധ്യമായി. ഇത് കൈകാര്യം ചെയ്യാന്‍ ഉര്‍വ്വശിചേച്ചി അല്ലാതെ ഇന്‍ഡസ്ട്രിയില്‍ മറ്റൊരാളും ഇല്ലെന്ന്.

അഭിനേത്രി എന്നതിലുപരി വലിയൊരു ഇന്‍ഡിവിജ്വല്‍

ആശ എന്ന കഥാപാത്രത്തിന് ഒരു മികച്ച അഭിനേത്രി മാത്രം പോരായിരുന്നു. സമൂഹത്തെയും ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളെയും മൊറാലിറ്റിയെയും കുറിച്ച് കൃത്യമായ ബോധ്യമുള്ള, മനുഷ്യവികാരങ്ങളെ അത്രമേല്‍ അടുത്തറിയുന്ന ഒരു വലിയ വ്യക്തിത്വം തന്നെ ആ വേഷം ചെയ്യണമായിരുന്നു. 

ഉര്‍വശിചേച്ചിയിലേക്ക് എത്തിയപ്പോള്‍ ആ കഥാപാത്രം മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു. ചേച്ചി നോ പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ഈ ചിത്രം തന്നെ ഉപേക്ഷിക്കേണ്ടിവരുമായിരുന്നു.

ലുക്ക് ടെസ്റ്റിനായി ഞങ്ങള്‍ ഒരു ഫോട്ടോഷൂട്ട് നടത്തിയപ്പോഴാണ് ചേച്ചിയുടെ അര്‍പ്പണബോധം ശരിക്കും തിരിച്ചറിഞ്ഞത്. ചെടികള്‍ക്കിടയില്‍ നില്‍ക്കുന്ന ആ പോസ്റ്ററിനായി എത്തിയപ്പോള്‍ തന്നെ ചേച്ചി തന്‍റെ വ്യക്തിത്വത്തെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തി 'ആശ'യായി മാറിക്കഴിഞ്ഞിരുന്നു. സെറ്റില്‍ വന്ന് ഡയലോഗുകള്‍ കാണാതെ പഠിക്കുന്ന രീതിയൊന്നും ചേച്ചിക്കില്ല. സീനിന്‍റെ മൂഡൂം സന്ദര്‍ഭവും ഞങ്ങള്‍ വായിച്ചുകേള്‍പ്പിച്ചാല്‍ മതി, ആദ്യടേക്കില്‍ തന്നെ അതിന്‍റെ ഒഴുക്കോ ഡയലോഗിന്‍റെ താളമോ തെറ്റാതെ അതിഗംഭീരമായ ഇംപ്രവൈസേഷന്‍ ചേച്ചി പുറത്തെടുക്കും. ആദ്യസീന്‍ എടുത്തപ്പോള്‍ തന്നെ ഞങ്ങള്‍ കഥയില്‍ സങ്കല്‍പ്പിച്ച ആശ സെറ്റില്‍ പൂര്‍ണ്ണമായി നിറഞ്ഞുനില്‍ക്കുകയായിരുന്നു.

 

Tags
safar sanal asha