ഫെമിനിച്ചി ഫാത്തിമ ഉൾപ്പെടെ ഐ.എഫ്.എഫ്.കെ മത്സരവിഭാഗത്തിലെ പതിനാല് സിനിമകൾ പ്രദർശിപ്പിക്കും
കേരളത്തിൻ്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിൽ മാറ്റുരച്ച പതിനാല് ചിത്രങ്ങളും കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും.
ഐ. എഫ്. എഫ്. കെ യിൽ മികച്ച സിനിമക്കുള്ള സുവർണ ചകോരം നേടിയ മാലൂ(ബ്രസീൽ), മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ഫർഷാദ് ഹാഷീമിയുടെ മീ, മറിയം, ദി ചിൽഡ്രൻ ആൻ്റ് 26 അദേഴ്സ് (ഇറാൻ) , ഐ.എഫ്.എഫ്.കെ ഓഡിയൻസ് ജൂറി പുരസ്കാരം നേടിയ മലയാള ചലച്ചിത്രം ഫെമിനിച്ചി ഫാത്തിമ (ഫാസിൽ മുഹമ്മദ്)
അണ്ടർ ഗ്രൗണ്ട് ഓറഞ്ച് (ചിലി ), മലയാള സംവിധായിക ഇന്ദു ലക്ഷ്മിയുടെ അപ്പുറം (ഇന്ത്യ), ദി ഹൈപ്പർ ബോറിയൻ സ്(ചിലി ), ജയൻ ചെറിയാൻ്റെ 'റിഥം ഓഫ് ദ്ദമ്മാം ( കൊങ്കിണി), മെമ്മറീസ് ഓഫ് ഏ ബേർണിംഗ് ബോഡി (കോസ്റ്ററിക്ക) , ലിൻഡ (അർജൻ്റീന), ഹൂമൺ (സ്പെയിൻ ), എൽബോ (തുർക്കി), ഈസ്റ്റ് ഓഫ് നൂൺ (ഈജിപ്ത്), ബോഡി ( ഹിന്ദി - ഇന്ത്യ), ആൻ ഓസിലേറ്റിംഗ് ഷാഡോ ( ചിലി ) എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.
2018 ന് ശേഷം കോഴിക്കോട് വേദിയാകുന്ന മേഖലാ ഐ.എഫ്.എഫ്.കെയിൽ ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
കൈരളി, ശ്രീ, കോറണേഷൻ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. മൂന്നിടങ്ങളിലായി അഞ്ചു പ്രദർശനങ്ങളാണ് ഉണ്ടാകുക.
ലോക സിനിമാ വിഭാഗത്തിൽ 14, ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഏഴ്, മലയാള സിനിമാ വിഭാഗത്തിൽ 11 എന്നിങ്ങനെ 58 ചലച്ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. കൂടാതെ കാലിഡോസ്കോപ്പ് വിഭാഗത്തിൽ മലയാളം, ആസ്സാമീസ് ഭാഷകളിൽ നിന്ന് ഓരോന്നും ഫീമെയിൽ ഗെയ്സ് വിഭാഗത്തിൽ മൂന്ന്, ഫെസ്റ്റിവൽ ഫേവറിറ്റ് സ് അഞ്ച് എന്നിവയും പ്രശസ്ത അഭിനേത്രി ശബാന ആസ്മിയുടെ അങ്കുർ എന്നിവയും പ്രദർശിപ്പിക്കും.
രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്കാണ് തിയേറ്ററിൽ പ്രവേശനം. 354 രൂപയാണ് ഡെലിഗേറ്റ് ഫീസ് (വിദ്യാർത്ഥികൾക്ക് 177 രൂപ). https:// registration.iffk.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൈരളി തിയേറ്ററിൽ സജ്ജമാക്കിയ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.