Monday, 27 July 2026 | 09:41 PM

Latest

സന്ദീപ് സിങ് - റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

sreyas 27 July 2026 11:57 AM
സന്ദീപ് സിങ് - റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

Highlights

നിർഭയ യോദ്ധാവ് രാജ്ഞി ബെലവാടി മല്ലമ്മയുടെ വേഷം ആണ് ഭൂമി അവതരിപ്പിക്കുന്നത്.

 

റിഷഭ് ഷെട്ടിയെ നായകനാക്കി സന്ദീപ് സിങ് ഒരുക്കാൻ പോകുന്ന "ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജി"ലെ താരനിരയിലേക്ക് കൂടുതൽ താരങ്ങൾ. പ്രശസ്ത അഭിനേതാക്കൾ മുതൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സാങ്കേതിക വിദഗ്ധർ വരെ അണിനിരക്കുന്ന ചിത്രം, ഒരു അസാധാരണ ടീമിനെയാണ് ക്രമാനുഗതമായി കോർത്തിണക്കുന്നത്. നടി ഭൂമി സതീഷ് പെഡ്‌നേക്കർ ആണ് ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത്. ധൈര്യത്തിനും അചഞ്ചലമായ മനോഭാവത്തിനും ഓർമ്മിക്കപ്പെടുന്ന, നിർഭയ യോദ്ധാവ് രാജ്ഞി ബെലവാടി മല്ലമ്മയുടെ വേഷം ആണ് ഭൂമി അവതരിപ്പിക്കുന്നത്.

ഇതിഹാസ യോദ്ധാവ് രാജാവ് ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി വേഷമിടുന്ന ചിത്രത്തിൽ, അർജുൻ രാംപാൽ, വിവേക് ഒബ്‌റോയ് എന്നിവരും, പ്രശസ്തരായ കലാകാരന്മാരുടെ ഒരു സംഘവും തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൻ്റെ ഭാഗമാകുന്നതിലുള്ള ആവേശം പ്രകടിപ്പിച്ചുകൊണ്ട് ഭൂമി സതീഷ് പെഡ്‌നേക്കർ പറയുന്നത്, മഹാനായ മറാത്ത യോദ്ധാവും രാജാവുമായ ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ചുള്ള, ഈ സ്കെയിലിലെ ആദ്യത്തെ ഇന്ത്യൻ സിനിമാറ്റിക് വിസ്മയത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ അഭിമാനം ഉണ്ടെന്നാണ്. കർണാടകയിലെ ധീര യോദ്ധാവ് റാണി ബെലവാടി മല്ലമ്മയെ അവതരിപ്പിക്കാനും അവരെ സ്‌ക്രീനിൽ ജീവസുറ്റതാക്കാനും കഴിയുന്നത് ഒരു ആദരവായി ആണ് താൻ കാണുന്നത് എന്നും, താൻ ഒരു വലിയ "കാന്താര" ആരാധിക കൂടിയാണെന്നും ഭൂമി പറഞ്ഞു. അതിലെ റിഷഭ് ഷെട്ടിയുടെ അതിശയകരമായ പ്രകടനം  തന്നെ അത്ഭുതപ്പെടുത്തി എന്നും, അതിനാൽ, സന്ദീപ് ഈ ചിത്രവുമായി തൻ്റെ മുന്നിലെത്തിയ നിമിഷം തന്നെ തന്നിലെ അഭിനേത്രി സമ്മതം മൂളി എന്നും ഭൂമി പറയുന്നു. ഇത് താൻ മുമ്പ് ചെയ്ത കഥാപാത്രങ്ങളിൽ നിന്നെല്ലാം  വ്യത്യസ്തമാണ് എന്നും, തന്നെ പൂർണ്ണമായും പുതിയൊരു വെളിച്ചത്തിൽ കണ്ടതിന് ചിത്രത്തിൻ്റെ നിർമ്മാതാക്കളോട് താൻ നന്ദിയുള്ളവളാണ് എന്നും ഭൂമി കൂട്ടിച്ചേർത്തു.

സന്ദീപ് സിംഗ് സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന 'ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്' വമ്പൻ കാൻവാസിൽ ആണ് ഒരുങ്ങുന്നത്. ഈ ഇതിഹാസ മറാത്ത രാജാവിന്റെ ജീവിതത്തെ ആസ്പദമാക്കി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ സിനിമാറ്റിക് പ്രദർശനങ്ങളിലൊന്നായി ഇത് വിഭാവനം ചെയ്യപ്പെടുന്നു.


രണ്ട് ഭാഗങ്ങളുള്ള ഒരു ഇതിഹാസമായി ആസൂത്രണം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ രചന ഋഷി വിർമണിയാണ്. സംഗീതം അമിത് ത്രിവേദി, വരികൾ ദേശീയ അവാർഡ് ജേതാവായ ഗാനരചയിതാവ് പ്രസൂൺ ജോഷി. പ്രശസ്തരായ അഭിനേതാക്കളുടെയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിരയുടെ പിന്തുണയോടെ, ഈ ബ്രഹ്മാണ്ഡ ചിത്രം ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കും. ഈ ചരിത്ര ദർശനത്തെ ജീവസുറ്റതാക്കുന്നതിനുള്ള വിപുലമായ പ്രീ-പ്രൊഡക്ഷൻ ഇതിനോടകം തന്നെ പുരോഗമിക്കുകയാണ്. പിആർഒ - ശബരി