Monday, 21 September 2026 | 11:21 AM

Interviews

തുടക്കക്കാലത്ത് സിനിമ എനിക്കൊരു വലിയ സ്വപ്നവും പാഷനും മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അഭിനയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്... - നന്ദന്‍ ഉണ്ണി

ബിന്ദു പി.പി 21 September 2026 06:32 AM
തുടക്കക്കാലത്ത് സിനിമ എനിക്കൊരു വലിയ സ്വപ്നവും പാഷനും മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അഭിനയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്... - നന്ദന്‍ ഉണ്ണി

Highlights

മലയാളികള്‍ക്ക് അടുത്ത വീട്ടിലെ പയ്യന്‍ എന്ന ഫീല്‍തരുന്ന അഭിനേതാവാണ് നന്ദന്‍ ഉണ്ണി. തന്‍റെ സിനിമാ--ജീവിതകഥ നാനയോട് പങ്കുവയ്ക്കുന്നു...

 


നാടകരംഗത്തേയ്ക്ക് എത്തിയതും പിന്നീട് വിനീത് ശ്രീനിവാസന്‍റെ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും എങ്ങനെയായിരുന്നു?

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയിട്ട് കാര്യമില്ലെന്നും ഒരു ആക്ടിംഗ് ട്രെയിനിങ് വേണമെന്നും എന്‍റെ ഒരു മെന്‍ററാണ് എന്നോട് പറഞ്ഞത്. അങ്ങനെ ഞാന്‍ എറണാകുളത്തെ 'ലോകധര്‍മ്മി' എന്ന തിയേറ്റര്‍ ഗ്രൂപ്പില്‍ എത്തി. അവിടെ ചന്ദ്രദാസന്‍ മാഷിന്‍റെ കീഴില്‍ ഒരു അഞ്ചുവര്‍ഷത്തോളം നാടകങ്ങള്‍ ചെയ്തു. അവിടെവച്ചാണ് വിനയ് ഫോര്‍ട്ടിനെ പരിചയപ്പെടുന്നത്. അവിടുത്തെ അനുഭവങ്ങളാണ് എനിക്ക് കൂടുതല്‍ കോണ്‍ഫിഡന്‍സ് തന്നത്.

അതിനുശേഷം വീണ്ടും ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് 'ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സി'ന്‍റെ സിനിമയിലേക്ക്(ദിലീപ് പ്രൊഡ്യൂസ് ചെയ്ത) ആളുകളെ ആവശ്യമുണ്ടെന്ന് കാണിച്ച് മനോരമ പത്രത്തില്‍ ഒരു പരസ്യം കണ്ടത്. അതിലേക്ക് ഒരു ഫോട്ടോ അയച്ചു. എറണാകുളം വൈ.എം.സി.എയില്‍ വെച്ചായിരുന്നു ഓഡിഷന്‍. അവിടെ ചെന്നപ്പോഴാണ് ഡയറക്ടറായ വിനീത് ശ്രീനീവാസനെ നേരിട്ട് കാണുന്നത്. വിനീതേട്ടനെ കണ്ടപ്പോഴാണ് ഇതൊരു ജെന്യൂന്‍ ഓഡിഷന്‍ ആണെന്ന് ബോധ്യമായതും വലിയൊരു ആശ്വാസം തോന്നിയതും.

കേരളത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി ഏതാണ്ട് ആറായിരത്തോളം പേര്‍ പങ്കെടുത്ത ആ ഓഡിഷനില്‍ നിന്ന് ഫൈനല്‍ വന്ന 15 പേരില്‍ ഒരാളായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഞങ്ങള്‍ക്ക് ആലുവ പാലസില്‍ വെച്ച് മൂന്ന് ദിവസത്തെ വര്‍ക്ക്ഷോപ്പ് ഉണ്ടായിരുന്നു. അതില്‍ നിന്നാണ് നിവിന്‍പോളി, അജുവര്‍ഗ്ഗീസ്, ഹരികൃഷ്ണന്‍ എന്നിവരടങ്ങുന്ന അഞ്ച് നായകന്മാരെയും എന്നെയും തിരഞ്ഞെടുത്തത്. 'മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്' എന്ന സിനിമയില്‍ സുരാജേട്ടന്‍റെ കൂടെ 'ഏഴാം ക്ലാസ് ബ്ലാക്ക് ബെല്‍റ്റ് കണ്ണന്‍' എന്ന ഒരു നല്ല കഥാപാത്രം എനിക്ക് ലഭിച്ചു. അങ്ങനെയാണ് സിനിമയിലേക്കുള്ള എന്‍റെ ആദ്യത്തെ എന്‍ട്രി. അതിനുശേഷം വിനീതേട്ടന്‍ തന്നെ നിര്‍മ്മിച്ച്, മാര്‍ട്ടിന്‍ പ്രക്കാട്ട് ഡയറക്ട് ചെയ്ത 'ബെസ്റ്റ് ആക്ടര്‍' എന്ന സിനിമയില്‍ ശ്രീനിസാറിന്‍റെ അസിസ്റ്റന്‍റായി ഒരു ചെറിയ വേഷം ചെയ്തു. അതിനുശേഷമാണ് 2012 ല്‍ വിനീതേട്ടന്‍ എന്നെ വീണ്ടും വിളിക്കുന്നതും 'തട്ടത്തിന്‍ മറയത്ത്' എന്ന സിനിമ സംഭവിക്കുന്നതും. എനിക്ക് വലയൊരു ബ്രേക്ക് തന്ന സിനിമയായിരുന്നു അത്.

സിനിമയിലെ ഈ 16 വര്‍ഷത്തെ യാത്രയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

2010 മുതല്‍ 2026 വരെയുള്ള എന്‍റെ ഈ 16 വര്‍ഷത്തെ യാത്രയെക്കുറിച്ച് ആലോചിക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്. തുടക്കക്കാലത്ത് സിനിമ എനിക്കൊരു വലിയ സ്വപ്നവും പാഷനും മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അഭിനയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അഭിനയംതന്നെയാണ് എന്‍റെ പ്രൊഫഷന്‍.

യഥാര്‍ത്ഥത്തില്‍ ഞാന്‍ ഇപ്പോഴും ഒരു വിദ്യാര്‍ത്ഥിയാണ്. ഓരോ ദിവസത്തെയും നമ്മുടെ അനുഭവങ്ങള്‍, നമ്മള്‍ പഠിക്കുന്ന പാഠങ്ങള്‍, നമ്മള്‍ കാണുന്ന മനുഷ്യര്‍ എന്നിവരില്‍ നിന്നൊക്കെ കാര്യങ്ങള്‍ ഒബ്സര്‍വ്വ് ചെയ്ത് ഞാന്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്.

താങ്കള്‍ ചെയ്തതില്‍ വച്ച് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏതാണ്?

അങ്ങനെ ഒരു കഥാപാത്രം മാത്രമായി എടുത്തുപറയാന്‍ കഴിയില്ല. എങ്കിലും ആളുകള്‍ എന്നെ കാണുമ്പോള്‍ ആദ്യം ഓര്‍ക്കുന്നതും എനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ടതുമായ ഒരു വേഷം 'തട്ടത്തിന്‍മറയത്ത്' എന്ന സിനിമയിലെ ബൈജു എന്ന കള്ളന്‍റെ കഥാപാത്രമാണ്. പോലീസ് സ്റ്റേഷനിലെ ആ രംഗങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടപ്പെടുകയും എനിക്ക് ഒട്ടനവധി അഭിനന്ദനങ്ങള്‍ നേടിത്തരികയും ചെയ്ത ഒന്നാണത്.

പിന്നെ എന്‍റെ ആദ്യചിത്രമായ 'മലര്‍വാടി ആര്‍ട്സ് ക്ലബ്ബി'ലെ വേഷവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിനുശേഷം 'പുണ്യാളന്‍ അഗര്‍ബത്തീസ്.' ക്രിക്കറ്റിനെ സ്നേഹിക്കുന്നവര്‍ക്ക് ഏറെ പ്രിയങ്കരമായ '1983' എന്നീ സിനിമകളിലെ കഥാപാത്രങ്ങളും ഞാന്‍ ഇഷ്ടപ്പെട്ട് ചെയ്തവയാണ്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ആട്ടം' എന്ന സിനിമയില്‍ അഭിനയപ്രാധാന്യമുള്ള, സിനിമയിലുടനീളമുള്ള  ഒരു നല്ല വേഷം ചെയ്യാന്‍ കഴിഞ്ഞതും വലിയ സന്തോഷം നല്‍കുന്നു. ഒപ്പം ഏറ്റവും പുതിയ ചിത്രമായ 'ദൃഢം' എന്ന സിനിമയിലെ കഥാപാത്രവും ഇപ്പോള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അങ്ങനെ നല്ല കുറച്ച് കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.


 

Tags
nandan unni