Interviews
ഒരു ദിവസം ഡോക്ടറായി അഭിനയിക്കണം, അടുത്തദിവസം വക്കീലായി അഭിനയിക്കണം, അതിനടുത്ത ദിവസം എഞ്ചിനീയറായിട്ട് അഭിനയിക്കണം. ഇങ്ങനെ ഓരോ ദിവസവും ഓരോ കഥാപാത്രങ്ങള് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം
അജയ്കുമാര്
16 June 2026 08:38 AM
Highlights
അനുമോള് ആണിപ്പോള് തമിഴകത്തെ താരം. ഹോട്ട് സ്റ്റാറില് സ്ട്രീമിങ് ചെയ്ത വെബ് സീരീസായ 'ഹാര്ട്ട് ബീറ്റ്' ക്ലിക്ക് ആയതോടെ അതിലെ ഡോ. രാധയായ അനുമോളും വലിയ രീതിയില് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു
ഹോട്ട് സ്റ്റാറില് സ്ട്രീമിങ് ചെയ്ത 'ഹാര്ട്ട് ബീറ്റ്' എന്ന വെബ് സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടുവല്ലോ ?
അതെ. അതിലെ ഡോക്ടര് രതി എന്ന കഥാപാത്രം ഏറെ ചര്ച്ചാവിഷയമായി. നിങ്ങള്ക്കറിയുമോ? ആദ്യം ഈ പ്രോജക്ട് ഞാന് നിരസിച്ചു. കാരണം ഒരേ കഥാപാത്രമായി ഇരുന്നൂറ് എപ്പിസോഡൊക്കെ അഭിനയിക്കുന്നത് ആര്ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ബോറടിക്കും. അതുകൊണ്ട് 'നോ' പറഞ്ഞു. ഒരു ദിവസം ഡോക്ടറായി അഭിനയിക്കണം, അടുത്തദിവസം വക്കീലായി അഭിനയിക്കണം, അതിനടുത്ത ദിവസം എഞ്ചിനീയറായിട്ട് അഭിനയിക്കണം. ഇങ്ങനെ ഓരോ ദിവസവും ഓരോ കഥാപാത്രങ്ങള് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. 'ഒരുനാള് ഇരവില്' എന്ന തമിഴ് സിനിമയില് അഭിസാരികയായിട്ടാണ് അഭിനയിച്ചത്. ഇങ്ങനെ വെറൈറ്റിയായിട്ടുള്ള കഥാപാത്രങ്ങള് ചെയ്യണം. ഞാന് വേണ്ടാ എന്നുപറഞ്ഞിട്ടും നിങ്ങള് ചെയ്താലേ ഭംഗിയാവൂ എന്നുപറഞ്ഞ് എന്നെ ചേസ് ചെയ്ത് ഹാര്ട്ട് ബീറ്റില് കമ്മിറ്റ് ചെയ്യിക്കയായിരുന്നു. ഒടുവില് മനസ്സില്ലാ മനസ്സോടെയാണ് ഞാന് സമ്മതിച്ചത്. അത് സ്വീകരിക്കാതിരുന്നെങ്കില് വലിയ നഷ്ടമായേനെ.
മലയാളത്തേക്കാള് തമിഴില് സമ്പന്നമായ ഒരു ആരാധകവൃന്ദം അനുമോള്ക്ക് ഉണ്ടല്ലോ?
ഞാന് ആരാധകരുമായി നേരിട്ട് സംവദിക്കുന്ന ആളാണ്. വാട്ട്സപ്പ്, സോഷ്യല്
മീഡിയകളിലൂടെ നിരന്തരം ആരാധകര് എന്നോട് ബന്ധപ്പെടുന്നു. അവരുടെ സ്നേഹത്തിന് മുന്നില് ഞാന് കീഴടങ്ങി. എന്റെ ജന്മദിനത്തില് ഒരു ആരാധിക നൂറുപേര്ക്ക് അന്നദാനം നല്കി. അതുകണ്ടിട്ട് മറ്റൊരു ആരാധിക അവര്ക്ക് കഴിയുംവിധം മറ്റുള്ളവര്ക്ക് ഭക്ഷണം നല്കി. ദിവസവും പത്തുപേരെങ്കിലും ഗ്രൂപ്പുകളില് ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. മനുഷ്യനായിട്ട് ജനിച്ചാല് മാത്രം പോരാ മറ്റുള്ളവരുടെ സന്തോഷത്തില് നമ്മളും സന്തോഷിക്കുന്ന മനുഷ്യത്വമാണ് പ്രധാനം. എനിക്ക് ഇങ്ങനെ ഒരു മോട്ടിവേഷന് നല്കാനായി എന്നതില് എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന് എപ്പോഴും ആരാധകരെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. തിരിച്ച് അവരും അങ്ങനെതന്നെ. അക്കാര്യത്തില് ഞാന് സമ്പന്നയാണ്.