Sunday, 20 September 2026 | 03:37 PM

Interviews

സിനിമ എന്നത് എനിക്ക് ഒരു 'ലോങ് ടേം ഗോള്‍' ആണ്! -ഡോ. ആതിര ഹരികുമാര്

ബിന്ദു പി.പി 10 September 2026 06:51 AM
സിനിമ എന്നത് എനിക്ക് ഒരു 'ലോങ് ടേം ഗോള്‍' ആണ്! -ഡോ. ആതിര ഹരികുമാര്

Highlights

സിനിമ എന്നത് എനിക്ക് ഒരു 'ലോങ് ടേം ഗോള്‍' ആണ്! 'പാല്‍ത്തു ജാന്‍വര്‍' ഫെയിം ഡോ. ആതിര ഹരികുമാര്‍ തന്‍റെ സിനിമാവിശേഷങ്ങളും ജീവിത കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്നു...
 
 
ഇന്‍സ്റ്റഗ്രാം വൈറല്‍ ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകാതെ, നല്ല കഥാപാത്രങ്ങളിലൂടെ മാത്രം ആളുകളുടെ മനസ്സില്‍ ഇടം നേടാന്‍ ആഗ്രഹിക്കുന്ന നടിയാണ് ഡോ. ആതിര ഹരികുമാര്‍. പ്രൊഫഷന്‍ കൊണ്ട് ഡെന്‍റിസ്റ്റായ ആതിര, സിനിമ കാണാന്‍ വേണ്ടി കുഞ്ഞിലെ സ്ക്കൂള്‍ കട്ട് ചെയ്തിരുന്ന ആ പഴയ കുട്ടിക്കാലത്തുനിന്നും ഭാവന സ്റ്റുഡിയോസിന്‍റെ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയതിലേക്ക് എത്തിയ കഥ പറയുന്നു. പത്തുവര്‍ഷത്തെ കാത്തിരിപ്പ്, നഷ്ടമായ വലിയ അവസരങ്ങള്‍, സിനിമയിലെ അതിജീവനം ആതിര സംസാരിക്കുന്നു.
 
സിനിമയോടുള്ള അടങ്ങാത്ത പ്രണയം
 
ചെറുപ്പത്തിലേ സിനിമാനടിയാകണം എന്നതിലുപരി ഒരു ആര്‍ട്ടിസ്റ്റ് ആകണം എന്നായിരുന്നു ആഗ്രഹമെന്ന് ആതിര പറയുന്നു. കുടുംബത്തില്‍ സിനിമാപശ്ചാത്തലമുള്ള ആരുമില്ലെങ്കിലും ഡാന്‍സും സിനിമാ കഥാപാത്രങ്ങളെ അനുകരിക്കലുമായിരുന്നു പ്രധാന വിനോദം. 'മണിച്ചിത്രത്താഴ്' സിനിമയിലെ ശോഭനയുടെ മാത്രമല്ല, പപ്പുവിന്‍റെ കഥാപാത്രം പോലും ഒരാഴ്ചയോളം താന്‍ അനുകരിച്ച് നടക്കുമായിരുന്നു. ജയറാം, ദിവ്യഉണ്ണി, തിലകന്‍ എന്നിവരുടെ ബൈ ഹാര്‍ട്ട് ഫാനായിരുന്ന ആതിര, പത്രത്തിലെ സിനിമാ ലിസ്റ്റ് നോക്കി വ്യാജ വയറുവേദന അഭിനയിച്ച് സ്ക്കൂളില്‍ പോകാതെ സിനിമ കണ്ടിരുന്ന കുട്ടിക്കാലത്തെക്കുറിച്ചും ഓര്‍ക്കുന്നു.
 
പഠനവും സിനിമയിലേക്കുള്ള ചുവടുവെപ്പും
 
സ്ക്കൂളില്‍ നന്നായി പഠിച്ചിരുന്ന കുട്ടിയായിരുന്നു ആതിര. എച്ച്. എം. ആയ അമ്മയുടെ കര്‍ശനനിര്‍ദ്ദേശപ്രകാരം പ്രൊഫഷണല്‍ ഡിഗ്രിയായ ബി.എസ്.സി(ആഉട) പൂര്‍ത്തിയാക്കിയശേഷമാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്.
 
'പാല്‍ത്തു ജാന്‍വര്‍' നല്‍കിയ വഴിത്തിരിവ്
 
ജിബൂട്ടി, വേട്ടപ്പട്ടികളും ഓട്ടക്കാരനും തുടങ്ങിയ സിനിമകള്‍ക്കുശേഷമാണ് 'പാല്‍ത്തു ജാന്‍വര്‍' തേടിയെത്തുന്നത്. ശ്യാം പുഷ്ക്കരന്‍, വിനോയ് തോമസ്, അനീഷ്, സംഗീത് പി. രാജന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ഓഡിഷന്‍ നടത്തിയത്. ക്ലൈമാക്സിലെ പശുവും പ്രഗ്നന്‍റായ കുട്ടിയുമായുള്ള വൈകാരിക ബന്ധം പറയുന്ന രംഗമാണ് ഓഡിഷനില്‍ ചെയ്തത്. ഗ്രാമീണപശ്ചാത്തലത്തില്‍ വളര്‍ന്നതുകൊണ്ട് ആ ഇമോഷന്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ഓഡിഷന്‍ സമയത്ത് തന്നെ ഡയറ്റ് ഒന്നും നോക്കണ്ട എന്നുപറഞ്ഞത് ഉറപ്പായതിന്‍റെ സൂചനയായിരുന്നു.
 
പത്ത് വര്‍ഷത്തെ കാത്തിരിപ്പും സിനിമാ കാഴ്ചപ്പാടുകളും
 
സിനിമയില്‍ വന്നിട്ട് 10 വര്‍ഷമായെങ്കിലും ഷോര്‍ട്ട്-ടേം ലക്ഷ്യങ്ങളല്ല ആതിരയ്ക്കുള്ളത്. കല എന്നത് ഫോഴ്സ്ഫുള്ളായി പിടിച്ചെടുക്കാവുന്ന ഒന്നല്ലെന്നും ലക്കും കഠിനാധ്വാനവും ടാലന്‍റും ഒത്തുവരേണ്ടതാണെന്നും താരം വിശ്വസിക്കുന്നു. സിനിമയില്‍ നിന്ന് ഫ്രെയിമിനേക്കാള്‍ സമാധാനവും സന്തോഷവുമാണ് താന്‍ ആഗ്രഹിക്കുന്നത്. ചെയ്യുന്ന കഥാപാത്രത്തിന് സിനിമയില്‍ കൃത്യമായ പ്രാധാന്യം ഉണ്ടായിരിക്കണം എന്നാണ് ആതിരയുടെ നിലപാട്.
 
ലോക്ക്ഡൗണിലെ ജിബൂട്ടി അനുഭവങ്ങള്‍
 
നാല് ദിവസത്തെ ഷൂട്ടിനായി ജിബൂട്ടിയില്‍ പോയ ആതിരയ്ക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിതമായ ലോക്ക്ഡൗണ്‍ പ്രതിസന്ധിയാണ്. 70 പേരുള്ള ക്രൂവിനൊപ്പം ഒന്നര-രണ്ടുമാസത്തോളം അവിടെ കുടുങ്ങിയ ശേഷം പ്രത്യേക വിമാനത്തിലാണ് നാട്ടില്‍ തിരിച്ചെത്തിയത്.
 
മള്‍ട്ടി ടാസ്കിങ് ആയ ജീവിതവും കണ്ടന്‍റ് ക്രിയേഷനും
 
അഭിനയത്തിന് പുറമെ ഡെന്‍റല്‍ കണ്‍സള്‍ട്ടേഷനും, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് വര്‍ക്കുകളും, വെഡ്ഡിങ് ഫോട്ടോഗ്രാഫി കമ്പനിയും, ക്ലാസിക്കല്‍ ഡാന്‍സും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും ഒരേസമയം കൈകാര്യം ചെയ്യുന്നുണ്ട് ആതിര. സോഷ്യല്‍ മീഡിയ റീല്‍സുകളില്‍ സജീവമല്ലാതിരുന്ന താന്‍ ഒരു 'ഓള്‍ഡ് സ്ക്കൂള്‍' രീതിയാണ് പിന്തുടരുന്നത്. റീല്‍സിലൂടെ പെട്ടെന്ന് ശ്രദ്ധ നേടുന്നതിനേക്കാള്‍ സിനിമയിലെ കഥാപാത്രങ്ങളിലൂടെ ആളുകള്‍ തിരിച്ചറിയുന്നതാണ് തനിക്ക് ഇഷ്ടം.
 
കരിയറിലെ തിരിച്ചടികളും അതിജീവനവും
 
'കനകം കാമിനി കലഹം' സിനിമയില്‍ വിന്‍സി അലോഷ്യസ് ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം സെലക്ടായിരുന്നെങ്കിലും അവസാനനിമിഷം കൊവിഡ് പോസിറ്റീവ് ആയത് കാരണം ആ അവസരം നഷ്ടപ്പെട്ടത് വലിയ വിഷമമായിരുന്നു. എങ്കിലും ഓഡിഷനുകളില്‍ ലക്ക് വലിയൊരു ഫാക്ടറാണെന്നും, തളര്‍ന്നുപോകാതെ ലോങ്-ടേം ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആതിര വ്യക്തമാക്കുന്നു.
 
 
Tags
dr. athira harikumar