ദൃഡത്തിലെ ആനന്ദ് മനോഹര്‍ എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ നേടാന്‍ സാധിച്ചു. അതിന്‍റെ വലിയൊരു സന്തോഷത്തിലാണ് ഞാനിപ്പോള്‍... -നന്ദന്‍ ഉണ്ണി
Highlights
മലയാളികള്‍ക്ക് അടുത്ത വീട്ടിലെ പയ്യന്‍ എന്ന ഫീല്‍തരുന്ന അഭിനേതാവാണ് നന്ദന്‍ ഉണ്ണി. തന്‍റെ സിനിമാ--ജീവിതകഥ നാനയോട് പങ്കുവയ്ക്കുന്നു...
അവസാനം പുറത്തിറങ്ങിയ 'ദൃഢം' എന്ന സിനിമയെക്കുറിച്ചും അതിലെ കഥാപാത്രത്തെക്കുറിച്ചും എന്താണ് പറയാനുള്ളത്?
സിനിമയിലെ എന്‍റെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍, അതൊരു പോലീസ് കോണ്‍സ്റ്റബിള്‍ വേഷമാണ്. ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ എസ്.ഐ ആയി അഭിനയിക്കുന്നത്. ഷെയ്നിന്‍റെ കൂടെയുള്ള അഞ്ച് പോലീസുകാരില്‍ ഒരാളായ 'ആനന്ദ് മനോഹര്‍'എന്ന ക്യാരക്ടറാണ് ഞാന്‍ ചെയ്തിരിക്കുന്നത്. സിനിമയിലുടനീളം ഉള്ള ഒരു നല്ല കഥാപാത്രമാണിത്. എനിക്ക് ലഭിച്ച ആനന്ദ് മനോഹര്‍ എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ നേടാന്‍ സാധിച്ചു. സിനിമ കണ്ടവരെല്ലാം തന്നെ വളരെ നല്ല കാര്യങ്ങളാണ് പങ്കുവച്ചത്. അതിന്‍റെ വലിയൊരു സന്തോഷത്തിലാണ് ഞാനിപ്പോള്‍.
ജീത്തുജോസഫ് സാറാണ് താങ്കളെ ഈ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത് എന്ന് കേട്ടു. അത് എങ്ങനെയായിരുന്നു?
അതെ, ജീത്തുസാറാണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. മൂന്ന് നാഷണല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ, 2023 ല്‍ പുറത്തിറങ്ങിയ 'ആട്ടം' എന്ന സിനിമയിലെ എന്‍റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് ജീത്തു സാര്‍ എന്നെ ഈ ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്തത്. സാര്‍ സംവിധായകന്‍ മാര്‍ട്ടിനോട് എന്നെക്കുറിച്ച് പറയുകയും, അങ്ങനെ ഞാന്‍ മാര്‍ട്ടിനെ നേരിട്ടുകണ്ട് കഥ കേള്‍ക്കുകയുമാണുണ്ടായത്. അങ്ങനെയാണ് ഞാന്‍ 'ദൃഢം' എന്ന സിനിമയുടെ ഭാഗമാകുന്നത്.
മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും കലാജീവിതം തുടങ്ങി പിന്നീട് സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച്?
സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ഏഴാം ക്ലാസ്, എട്ടാം ക്ലാസ് ഒക്കെ ആയപ്പോള്‍ മിമിക്രി, മോണോആക്ട് എന്നിവയിലൂടെ ഞാന്‍ കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി. യൂത്ത് ഫെസ്റ്റിവലുകളിലൊക്കെ പോയി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. അക്കാലത്ത് സിനിമാ നടന്മാരെയൊക്കെ അനുകരിക്കുമായിരുന്നു. അന്നേ മനസ്സില്‍ ഒരു കലാകാരനാകണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്ക്കൂളിലെ ടീച്ചര്‍മാര്‍ ഭാവിയില്‍ എന്താകണം എന്ന് ചോദിച്ചപ്പോള്‍ മറ്റുള്ള കുട്ടികള്‍ ഡോക്ടര്‍, എഞ്ചിനീയര്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് എനിക്കൊരു സിനിമാനടനാകണം എന്നാണ്.
പഠിത്തം കഴിഞ്ഞ്, പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് പത്രത്തില്‍ കുട്ടികളെ ആവശ്യമുണ്ട് എന്ന് കാണിച്ച് ഒരു പരസ്യം കണ്ടു. അതിലേക്ക് അപേക്ഷിച്ച് എന്നെ ഓഡിഷന് വിളിച്ചു. തിരുവനന്തപുരത്തായിരുന്നു ഷൂട്ട് എങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ അയ്യായിരം രൂപ വേണമെന്ന് അവര്‍ പറഞ്ഞു. അന്നത്തെ കാലത്ത് അത് വലിയൊരു തുകയായിരുന്നു. എങ്കിലും അച്ഛന് എന്‍റെ ആഗ്രഹത്തിന് വേണ്ടി ആ പൈസ ഒപ്പിച്ചുതന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത് വലിയൊരു ചതിയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. അതൊരു ടെലിഫിലിം ആയിരുന്നു.
അതോടെ സിനിമ എന്ന മോഹം പെട്ടെന്ന് സാക്ഷാത്ക്കരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. പിന്നീട് ജോലിക്കൊക്കെ പോകുമ്പോഴും മനസ്സില്‍ ഈ സ്വപ്നം ഉണ്ടായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുന്ന ഒരാള്‍ വഴി ഞാന്‍ കുറച്ച് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയി. അവിടുത്തെ വസ്ത്രങ്ങളൊക്കെ നമ്മള്‍ തന്നെയായിരുന്നു കൊണ്ടുപോകേണ്ടിയിരുന്നത്. പക്ഷേ, അവിടെ പോയാലും ഡയറക്ടറെയും ക്യാമറമാനെയും മാത്രമേ നമുക്കറിയൂ. ആരോടാണ് ചാന്‍സ് ചോദിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. അങ്ങനെ പോയിട്ട് എങ്ങും എത്തില്ലെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അത് നിര്‍ത്തി.