Sunday, 20 September 2026 | 03:37 PM

Interviews

മലയാള സിനിമയില്‍ ലോബികള്‍ -നിര്‍മ്മാതാവ് റാഫി മതിര

ജി. കൃഷ്ണന് 17 September 2026 07:16 AM
മലയാള സിനിമയില്‍ ലോബികള്‍ -നിര്‍മ്മാതാവ് റാഫി മതിര

Highlights

ദിലീപ് സിനിമയുമായി വീണ്ടും- നിര്‍മ്മാതാവ് റാഫി മതിര

 

ഒരു സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി ആ സിനിമ സ്വന്തമായി നിര്‍മ്മിച്ചു. വീണ്ടും സിനിമ നിര്‍മ്മിച്ചു. പിന്നീട് ഒരു സിനിമ സംവിധാനം ചെയ്തു. റാഫി മതിര എന്ന നിര്‍മ്മാതാവിന്‍റെയും സംവിധായകന്‍റെയും സിനിമാജീവിതാനുഭവങ്ങളുടെയും തുടക്കം ഇങ്ങനെയായിരുന്നു. ദിലീപ് നായകനായി അഭിനയിച്ച 'തങ്കമണി'എന്ന സിനിമയുടെ നിര്‍മ്മാതാവായിരുന്നു റാഫി മതിര. ഇപ്പോള്‍ വീണ്ടും ദിലീപിനെ നായകനാക്കി പുതിയ സിനിമ നിര്‍മ്മിക്കുന്നതിന്‍റെ പ്രാരംഭ ജോലികളിലാണ് ഇദ്ദേഹം. ആ പശ്ചാത്തലത്തില്‍ റാഫി മതിരയുമായി ഒരു അഭിമുഖം.

തങ്കമണിക്കുശേഷം താങ്കള്‍ വീണ്ടും ദിലീപിനെ നായകനാക്കി പുതിയ സിനിമ നിര്‍മ്മിക്കുന്നുണ്ടല്ലോ. ആ സിനിമയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പറയാമോ?

സിനിമയുടെ ഒന്നാംഘട്ട ചര്‍ച്ച കഴിഞ്ഞതെയുള്ളു. ആരംഭജോലികള്‍ നടന്നുവരുന്നു. ഈ ദിലീപ് ചിത്രം നല്ലൊരു കഥയാണ്. ഒരു കാര്യം ഉറപ്പിച്ചുപറയാം. പ്രേക്ഷകര്‍ നിരാശരാകില്ല.

തങ്കമണി എന്ന സിനിമ പ്രതീക്ഷയ്ക്കൊത്ത് വിജയിച്ചിരുന്നോ? എന്താണ് ആ സിനിമയില്‍ നിന്നും താങ്കള്‍ പഠിച്ച പാഠം?

തങ്കമണി എന്ന സിനിമ സാമ്പത്തികമായി പരാജയമായിരുന്നു. സിനിമയില്‍ നിന്നും ഞാന്‍ പഠിച്ച പാഠം സിനിമയെ വീണ്ടും പഠിക്കുക എന്നതായിരുന്നു.

താങ്കള്‍ ഒരു സിനിമ സംവിധാനം ചെയ്തിട്ടുമുണ്ടല്ലോ..?

കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത 'പി.ഡി.സി. അത്ര ചെറിയ ഡിഗ്രി അല്ല' എന്ന സിനിമ സംവിധാനം ചെയ്തത് ഞാനാണ്. എന്‍റെ തന്നെ ബയോ ഫിക്ഷണല്‍ മൂവി ആയിരുന്നു അത്.

താങ്കളുടെ ആദ്യത്തെ സിനിമ ഏതായിരുന്നു?

എന്‍റെ ആദ്യത്തെ സിനിമ 'രാമരാവണന്‍' ആയിരുന്നു. സുരേഷ് ഗോപിയായിരുന്നു നായകന്‍. ഞാന്‍ പാട്ടുകള്‍ എഴുതുമായിരുന്നു. ഒരു സിനിമയ്ക്ക് ഗാനരചന നിര്‍വ്വഹിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പാട്ടുകളെഴുതി. എന്നാല്‍... ഒടുവില്‍ ആ സിനിമ ഞാന്‍ തന്നെ നിര്‍മ്മിക്കേണ്ടി വന്നു. അങ്ങനെയാണ് സിനിമയില്‍ എന്‍റെ തുടക്കം.

സിനിമാരംഗത്ത് എത്തണം എന്നൊരു ലക്ഷ്യവും ചിന്തയും പണ്ടുമുതലെ ഉണ്ടായിരുന്നൊ?

ഇല്ല. അവിചാരിതമായിരുന്നു. നിര്‍മ്മാതാവ് ആകണമെന്നോ, സംവിധായകന്‍ ആകണമെന്നോ ഉള്ള ആഗ്രഹമൊന്നും മനസ്സിലില്ലായിരുന്നു. എല്ലാം അവിചാരിതമായി ഉണ്ടായതാണ്. കഴിവുണ്ടായിരുന്നത് ഗാനരചനയിലായിരുന്നു.

താങ്കളുടെ സിനിമാമോഹത്തെക്കുറിച്ചും സിനിമാക്കാഴ്ചയെക്കുറിച്ചും?

സിനിമ താല്‍പ്പര്യമായിരുന്നു. ചെറുപ്പം മുതല്‍ സിനിമകള്‍ കണ്ടിട്ടുണ്ട്. സ്ക്കൂള്‍ കാലഘട്ടത്തില്‍ വീട്ടില്‍ പറയാതെ പോലും സിനിമകള്‍ കണ്ടിട്ടുണ്ട്.

ഒരു സിനിമാസംവിധായകന്‍ എന്ന നിലയില്‍ സിനിമയുടെ അണിയറ ജോലികള്‍ താങ്കള്‍ ഹൃദിസ്ഥമാക്കിയത് എങ്ങനെയാണ്?

സിനിമ കാണുന്ന കാലം മുതലും ആദ്യ സിനിമ നിര്‍മ്മിക്കുന്നത് മുതലും ഞാനൊരു സിനിമാവിദ്യാര്‍ത്ഥിയാണ്.

ഇനിയും താങ്കള്‍ സിനിമാരംഗത്ത് തുടരുന്നത് എങ്ങനെയായിരിക്കും? പ്രൊഡ്യൂസര്‍ ആയിട്ടോ, അല്ലെങ്കില്‍ സംവിധായകനായിട്ടൊ...?

സംവിധാനം അറിയാവുന്ന നിര്‍മ്മാതാവ് എന്ന നിലയില്‍. അതായിരിക്കാം കൂടുതല്‍ സൗകര്യം.

അഭിനയത്തിനോട് ഇഷ്ടമുണ്ടോ? താങ്കള്‍ ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ?

അഭിനയത്തില്‍ താല്‍പ്പര്യം ഉണ്ട്. എന്‍റെ രണ്ടാമത്തെ സിനിമയായ സ്വന്തം ഭാര്യ സിന്ദാബാദില്‍ ഒരു നിര്‍മ്മാതാവിന്‍റെ വേഷത്തില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്. പിന്നെ, ഞാന്‍ സംവിധാനം ചെയ്ത പി.ഡി.സി എന്ന സിനിമയില്‍ ഒരു പോലീസ് ഓഫീസറായും അഭിനയിച്ചിട്ടുണ്ട്.

മുന്‍കാലത്തെ അപേക്ഷിച്ച് സിനിമ കാണാന്‍ പ്രേക്ഷകര്‍ തീയേറ്ററില്‍ എത്തുന്നില്ല എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

ഇല്ല. മുന്‍കാലത്തെപ്പോലെ തന്നെ ആളുകള്‍ തീയേറ്ററിലെത്തുന്നുണ്ട്.

ഒ.ടി.ടി ഫ്ളാറ്റ്ഫോമില്‍ സിനിമകള്‍ കൊടുക്കുന്നത് വളരെ പെട്ടെന്നല്ലേ. അതിന്‍റെ ദൈര്‍ഘ്യം കുറഞ്ഞത് സിനിമയെ ബാധിച്ചിട്ടുണ്ടോ?

തിയേറ്റര്‍ റിലീസ് ചിലവുകളും റിസ്ക്ക് ഒഴിവാക്കലുമാണ് ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്ഫോം കൊണ്ടുള്ള നേട്ടം.

ഒ.ടി.ടി പ്ലാറ്റ്ഫോം ഉള്ളതുകൊണ്ട് വീട്ടിലിരുന്ന് സിനിമ കാണാനുള്ള അവസരം ആളുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുവാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടോ?

തിരക്കുകള്‍ക്കിടയില്‍ തീര്‍ച്ചയായും അതുണ്ടാകും. എന്‍റെ അഭിപ്രായത്തില്‍ സിനിമയുടെ ആസ്വാദനം പൂര്‍ണ്ണമായും ലഭിക്കണമെങ്കില്‍ തീയേറ്ററില്‍ തന്നെ പോയി സിനിമ കാണണം.

ഈ അവസ്ഥ മാറിയാല്‍ തീയേറ്റര്‍ കളക്ഷന്‍ കൂടുതലാകും എന്ന് കരുതുന്നുണ്ടോ?

സിനിമ റിലീസാകും മുന്നെ, ചില കോര്‍ണറുകളില്‍ നിന്നും അതിനെ പരാജയപ്പെടുത്താന്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ അവസ്ഥ മാറിയാല്‍ തീയേറ്റര്‍ കളക്ഷന്‍ കൂടും.

താങ്കള്‍ സ്ഥിരമായി ദുബായില്‍ ആണല്ലോ ഉള്ളത്. അവിടെ ബിസിനസ്സാണോ, കേരളത്തില്‍ താങ്കളുടെ സ്വദേശം എവിടെയാണ്?

അതെ. ഞാന്‍ 1994 മുതല്‍ ദുബായിലുണ്ട്. ദുബായില്‍ എനിക്ക് ബിസ്സിനസ്സുണ്ട്. സ്വന്തംനാട് കൊല്ലം ജില്ലയിലെ തിരുവനന്തപുരം അതിര്‍ത്തിഗ്രാമമായ മതിരയാണ്.

ആദ്യം കണ്ട സിനിമ ഏതായിരിക്കും? ഓര്‍മ്മയിലുള്ളത്?

പ്രേംനസീര്‍ സാറിന്‍റെ 'കെണി' എന്ന സിനിമയാണ് ഞാനാദ്യം കാണുന്നത്. 1982 ല്‍ എന്‍റെ വീടിനടുത്തുള്ള കല്ലറ ശരവണ തീയേറ്ററില്‍ സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത് വീട്ടില്‍ പറയാതെ പോയി കണ്ട സിനിമയായിരുന്നു അത്. ഒടുവില്‍ എനിക്കൊരു കെണിയായി മാറുകയും ചെയ്തു. - ചിരിയോടെ റാഫി മതിര പറഞ്ഞുനിര്‍ത്തി.

 

Tags
rafi mathira dileep