വിശ്വനാഥ് ആൻഡ് സൺസിന്റെ പോസ്റ്ററിൽ മമിതയുടെ പേരില്ലാത്തത് വിവാദമാകുന്നു
Highlights
40 വയസുകാരനും 20 കാരി യുവതിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്
സൂര്യ നായകനാകുന്ന പുതിയ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് റിലീസിന് മുന്നോടിയായി വിവാദത്തിൽ. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പോസ്റ്ററിൽ നായികയായ മമിത ബൈജുവിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന ആരോപണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതിനെതിരെ ആരാധകരും സിനിമാപ്രേമികളും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തിൽ പ്രതികരിച്ച് നടി സനം ഷെട്ടിയും അണിയറ പ്രവർത്തകരെ വിമർശിച്ചു. മമിതയുടെ പേര് പോസ്റ്ററിൽ നിന്ന് ഒഴിവാക്കാൻ എന്താണ് കാരണമെന്നും, മറ്റെല്ലാ പ്രധാന പ്രവർത്തകരുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടും നായികയ്ക്ക് മാത്രം അർഹമായ അംഗീകാരം നിഷേധിച്ചതാണ് കാണുന്നതെന്നും സനം ചൂണ്ടിക്കാട്ടി.
മമിത ബൈജു തന്റെ കഴിവ് തെളിയിച്ച നടിയാണെന്നും, അതുകൊണ്ടുതന്നെയാണ് ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമായതെന്നും സനം പറഞ്ഞു. പുതുമുഖമായാലും അല്ലാതെയായാലും ഒരു നടിക്ക് തുല്യ ബഹുമാനവും പ്രാധാന്യവും ലഭിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
“കഥയിൽ നായികയ്ക്ക് പ്രധാന സ്ഥാനമുണ്ടെങ്കിൽ, സിനിമയുടെ പ്രചാരണത്തിനായി അവളുടെ സാന്നിധ്യം ഉപയോഗിക്കുന്നുണ്ടെങ്കിൽ, പോസ്റ്ററുകളിലും അവൾക്ക് അർഹമായ ക്രെഡിറ്റ് ലഭിക്കണം. വിപണി മൂല്യത്തിന്റെ പേരിൽ അത്തരം അംഗീകാരം നിഷേധിക്കാനാവില്ല. ഇത് തുല്യതയുടെയും ബഹുമാനത്തിന്റെയും വിഷയമാണ്,” എന്നാണ് സനം ഷെട്ടിയുടെ പ്രതികരണം.
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും. 40 വയസുകാരനും 20 കാരി യുവതിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. സിതാര എന്റർടെയ്ൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മാണം.