Friday, 31 July 2026 | 05:53 AM

Latest

നടി മീന ഗണേഷ് അന്തരിച്ചു

nila 05 May 2026 12:30 PM
നടി മീന ഗണേഷ് അന്തരിച്ചു

പാലക്കാട്: നടി മീന ഗണേഷ് അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്നു കഴിഞ്ഞ അഞ്ചു ദിവസമായി ചികിത്സയിലായിരുന്നു. 

19–ാം വയസ്സിൽ  നാടകത്തിൽ അഭിനയിച്ചാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. പി.എ.ബക്കറിന്റെ ‘മണിമുഴക്കം’ എന്ന സിനിമയിലാണ് ആദ്യമായി വേഷമിടുന്നത്.  നൂറിലേറെ മലയാള സിനിമകളിലും ഒട്ടേറെ സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞ‍ാനും, നന്ദനം, കരുമാടിക്കുട്ടൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച്ച് ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കി.

സിനിമാ നാടക നടൻ എ.എൻ.ഗണേശിന്റെ ഭാര്യയാണ്. സംവിധായകൻ മനോജ് ഗണേഷ് മകനും, സംഗീത മകളുമാണ്. ബിന്ദു മനോജ്, സംഗീത ഉണ്ണികൃഷ്ണൻ എന്നിവരാണ് മരുമക്കൾ. സംസ്കാരം വൈകിട്ട് ഷൊർണൂർ ശാന്തീതീരത്ത്.