ആയിരത്തിലധികം കുത്തിവയ്പ്പുകൾ; രണ്ട് ഗർഭം അലസലുകൾ; മാതൃത്വയാത്രയിലെ വേദന പങ്കുവെച്ച് നടി തേജസ്വിനി
Highlights
നിരന്തരമായ ഹോർമോൺ കുത്തിവയ്പ്പുകൾ തന്റെ ശരീരത്തെയും മനസ്സിനെയും ആഴത്തിൽ ബാധിച്ചുവെന്നും താരം വ്യക്തമാക്കി.
മുംബൈ: മാതൃത്വത്തിലേക്കുള്ള തന്റെ യാത്ര എളുപ്പമായിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും മോഡലുമായ തേജസ്വിനി കോലാപുരെ. അഞ്ച് തവണ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായെന്നും, രണ്ട് തവണ ഗർഭം അലസലുണ്ടായെന്നും, ആയിരത്തിലധികം കുത്തിവയ്പ്പുകൾ സഹിക്കേണ്ടി വന്നുവെന്നും താരം വെളിപ്പെടുത്തി. അവതാരകൻ സിദ്ധാർഥ് കണ്ണനുമായുള്ള പോഡ്‌കാസ്റ്റിലായിരുന്നു മനസുതുറച്ചത്.
"ഞാൻ അഞ്ച് തവണ ഐവിഎഫ് ചെയ്തു. അതിനെക്കുറിച്ച് പറയാൻ എനിക്ക് മടിയില്ല. ആദ്യത്തെ രണ്ട് ശ്രമങ്ങൾ അതീവ ബുദ്ധിമുട്ടേറിയതായിരുന്നു. പിന്നീട് അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞെങ്കിലും ഓരോ തവണയും ക്ലിനിക്കിൽ പോയി കുത്തിവയ്പ്പുകൾ സ്വീകരിക്കുക എന്നത് മാനസികമായി വലിയ പരീക്ഷണമായിരുന്നു," തേജസ്വിനി പറഞ്ഞു.
നിരന്തരമായ ഹോർമോൺ കുത്തിവയ്പ്പുകൾ തന്റെ ശരീരത്തെയും മനസ്സിനെയും ആഴത്തിൽ ബാധിച്ചുവെന്നും താരം വ്യക്തമാക്കി. ഗർഭധാരണം സ്ഥിരീകരിക്കുന്നതുവരെ ചികിത്സ തുടർന്നുവെങ്കിലും ആദ്യ നാല് ശ്രമങ്ങളും പരാജയപ്പെട്ടതായി അവർ പറഞ്ഞു. അഞ്ചാം ശ്രമത്തിലാണ് മാതൃത്വം സ്വന്തമാക്കാൻ കഴിഞ്ഞത്. അതിനിടെ രണ്ട് തവണ ഗർഭം അലസലുണ്ടായതും ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്നായിരുന്നുവെന്നും തേജസ്വിനി കൂട്ടിച്ചേർത്തു.
"ആ അനുഭവങ്ങൾ എന്നെ പൂർണമായും മാറ്റിമറിച്ചു. അന്നത്തെ എന്നെയും ഇന്നത്തെ എന്നെയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇപ്പോൾ ഞാൻ മാനസികമായി കൂടുതൽ ശക്തയാണ്," താരം പറഞ്ഞു.
ജീവിതത്തിൽ വൈകിയാണ് കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചതെന്നും, സാധ്യമെങ്കിൽ സ്ത്രീകൾ 35 വയസിന് മുമ്പ് മാതൃത്വത്തെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലതെന്നും തേജസ്വിനി അഭിപ്രായപ്പെട്ടു. പ്രായം കൂടുംതോറും ഗർഭധാരണ ചികിത്സകൾ കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ചലച്ചിത്ര നിർമാതാവും നടനുമായ പങ്കജ് സരസ്വത്തിനെയാണ് തേജസ്വിനി വിവാഹം ചെയ്തത്. എട്ട് വർഷത്തെ കാത്തിരിപ്പിനും ചികിത്സകൾക്കും ശേഷം 2015 ജനുവരി 30-നാണ് ഇവർക്ക് വേദിക എന്ന മകൾ ജനിച്ചത്.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് തേജസ്വിനി എത്തുന്നത്. നടി പത്മിനി കോലാപുരെയും ശക്തി കപൂറിന്റെ ഭാര്യ ശിവാങ്കി കോലാപുരെയും സഹോദരിമാരാണ്. ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂറിന്റെയും സിദ്ധാന്ത് കപൂറിന്റെയും ചെറിയമ്മ കൂടിയാണ് അവർ.
ടെലിവിഷൻ പരമ്പരയായ മുജെ ചാന്ദ് ചാഹിയേയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയ തേജസ്വിനി പിന്നീട് പാഞ്ച്, രാവൺ, അഗ്ലി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ദാദി കി ശാദിയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.