Wednesday, 29 July 2026 | 09:30 AM

Latest

ശിവകാർത്തികേയന്റെ 'പരാശക്തി' പ്രതിസന്ധിയിൽ

05 May 2026 12:30 PM
 ശിവകാർത്തികേയന്റെ 'പരാശക്തി' പ്രതിസന്ധിയിൽ

സുധ കൊങ്കര സംവിധാനം ചെയ്ത്, ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർ അഭിനയിച്ച ചിത്രമാണ് 'പരാശക്തി'.  ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രത്തിന്  ജി.വി. പ്രകാശ് കുമാരാണ് സംഗീതം നൽകിയിരിക്കുന്നത്.   ചിത്രം 1960-കളിൽ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രതിഷേധങ്ങളെ ആസ്പദമാക്കിയാണ് എടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഈ സിനിമയിൽ ശിവകാർത്തികേയനും, അഥർവയും ജേഷ്ഠനും, സഹോദരനുമായും, രവി മോഹൻ വില്ലനായുമാണ് അഭിനയിക്കുന്നത്.

  ആദ്യം ഈ ചിത്രം ജനുവരി 14-നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. പിന്നീട്  ചിത്രം ജനുവരി 10-ന് തിയേറ്ററുകളിൽ എത്തുമെന്ന് ചിത്രത്തിന്റെ  നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ,  'പരാശക്തി'യുടെ സെൻസർ സർട്ടിഫിക്കറ്റിനായി  ചിത്രം പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ചിത്രം കണ്ട സെൻസർ ഉദ്യോഗസ്ഥർ ചിത്രത്തിലെ  ചില രംഗങ്ങൾ വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സംവിധായിക സുധ കൊങ്കര ഇതിനെ എതിർത്തിരിക്കുകയാണ്. സെൻസർ ഉദ്യോഗസ്ഥർ ആവശ്യപ്പെട്  ആ രംഗങ്ങൾ നീക്കം ചെയ്യുന്നത് കഥയെ ഇല്ലാതാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് സുധ കൊങ്കര എതിർത്തിരിക്കുന്നത്. ഇതിനെ തുടർന്ന് ചിത്രം റിവൈസിങ്ങ് കമ്മിറ്റിക്ക് അയക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. 

 ഈ സാഹചര്യത്തിൽ ചിത്രം മറ്റൊരു പ്രതിസന്ധിയെയും നേരിട്ടിരിക്കുകയാണ്. അതായത്  തന്റെ  'സെമ്മോഴി' എന്ന കഥയെ  കോപ്പിയടിച്ചാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്, ഈ സിനിമയുടെ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സഹസംവിധായകനായ  രാജേന്ദ്രൻ ചെന്നൈ ഹൈക്കോടതിയിൽ ഒരു  കേസും ഫയൽ ചെയ്തിട്ടുണ്ട്. 1965-ൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ നടന്ന ഭാഷാ യുദ്ധത്തെ അടിസ്ഥാനമാക്കിയാണ്  'സെമ്മോഴി' എന്ന പേരിൽ കഥ എഴുതിയിരിക്കുന്നത് എന്നും, ഈ കഥ  2010-ൽ സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രാജേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയിട്ടുള്ള ഹർജിയിൽ പറഞ്ഞിട്ടുണ്ടത്രെ! ഈ രണ്ടു പ്രതിസന്ധികളാൽ 'പരാശക്തി' നിശ്ചയിച്ചിരിക്കുന്ന ദിവസം റിലീസാകുമോ എന്നുള്ള കാര്യം സംശയമാണ് എന്നാണ് കോളിവുഡിലെ ഇപ്പോഴത്തെ സംസാരം!

Tags
Parasakthi Sivakarthikeyan Ravi Mohan Atharvaa Sreeleela Sudha Kongara Prasad