Tuesday, 28 July 2026 | 05:37 AM

Interviews

അച്ഛനൊപ്പമുള്ള അവസാന നാളുകളെക്കുറിച്ച് -ഷോബി തിലകന്‍

അപ്പൂസ് കെ.എസ് 05 May 2026 12:30 PM
അച്ഛനൊപ്പമുള്ള അവസാന നാളുകളെക്കുറിച്ച് -ഷോബി തിലകന്‍

തിലകന്‍ സാര്‍ സംഘടനയുടെ തലപ്പത്തുവരണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?

അങ്ങനെയൊരിക്കലും ആഗ്രഹിച്ചിട്ടില്ല. സിനിമാസമരം നടന്ന സമയത്തൊക്കെ ഉത്തമ കമ്മ്യൂണിസ്റ്റുകാരനെപ്പോലെ മുണ്ടൊക്കെ മടക്കിക്കുത്തി പോകുന്ന ചിത്രമെല്ലാം ഞാന്‍ പത്രത്തില്‍ കണ്ടിട്ടുണ്ട്. പക്ഷേ ഒരു നേതൃനിരയില്‍ വന്നാല്‍ എങ്ങനെയിരിക്കുമെന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. അച്ഛന്‍റെ മനസ്സിലുള്ള കാര്യങ്ങള്‍ എല്ലാം തുറന്നുപറയുന്ന ഒരാളാണ്. പലരേയും വിമര്‍ശിച്ചിട്ടുണ്ട്. അതിന്‍റെ പേരില്‍ അമ്മയില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അമ്മ സംഘടന അച്ഛന് ഏര്‍പ്പെടുത്തിയ വിലക്ക് അദ്ദേഹത്തിന്‍റെ മരണശേഷവും പിന്‍വലിച്ചില്ല. അമ്മയിലെ ചില താരങ്ങള്‍ ഇടപെട്ട് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു എന്ന് തിലകന്‍ പറഞ്ഞിട്ടുണ്ട്. 

താരസംഘടനയില്‍ നിന്ന് അച്ഛനെ പുറത്താക്കിയത് വിഷമമുണ്ടാക്കിയിരുന്നു എന്നും അവരത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്. അച്ഛന്‍ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞത് കാരണം മകനായ തനിക്ക് സിനിമയില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ താനതിനെ മറ്റൊരു രീതിയിലാണ് കാണുന്നത്. കിട്ടാതെ പോയ അവസരങ്ങള്‍ എനിക്കുള്ളതല്ല. ഓരോ അരിമണിയിലും അത് കഴിക്കേണ്ടവന്‍റെ പേരെഴുതി വച്ചിട്ടുണ്ടെന്ന് പറയും. എനിക്ക് വന്ന കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യേണ്ടതാണ്. എന്നിലേക്ക് വന്നില്ലെങ്കില്‍ അത് ഞാന്‍ ചെയ്യേണ്ടതല്ല. അങ്ങനെ ചിന്തിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് അച്ഛന്‍റെ തുറന്നുപറച്ചിലുകളിലൂടെ അവസരം നഷ്ടപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഞാന്‍ ചിന്തിക്കാറില്ല.

പ്രശ്നമുണ്ടെങ്കില്‍ ഞാനുള്‍പ്പെടുന്ന സംഘടനയാണ് എന്നെ താങ്ങിനിര്‍ത്തേണ്ടത്. എന്നാല്‍ സംഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന പേരിലാണ് അച്ഛനെ പുറത്താക്കിയത്. ഫെഫ്ക തിരുത്തിയതുപോലെ അമ്മയും തിരുത്തേണ്ടതാണ്. അമ്മ സംഘടനയിലെ മരണപ്പെട്ടുപോയ ആളുകളുടെ ലിസ്റ്റില്‍ നിന്നുവരെ അച്ഛന്‍റെ പേര് വെട്ടി എന്ന് താന്‍ കേട്ടിരുന്നു.

പിന്നീട് അത് പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും കേട്ടു. എല്ലാവരും കലാകാരന്മാരാണ്. സെന്‍റിമെന്‍റലാണ്. എല്ലാവരുടെയും സെന്‍റിമെന്‍റല്‍ പരിഗണിക്കുക എന്നത് മാത്രമേ ഇതില്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ആരേയും കുറ്റം പറയുന്നില്ല.  അച്ഛന്‍ അച്ഛന്‍റെ രീതിയിലാണ് ജീവിച്ചത്.

അച്ഛന്‍ ഹോസ്പിറ്റലില്‍

അച്ഛന്‍ ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ അച്ഛനെക്കാണാന്‍ വന്ന മൂന്നേ മൂന്ന് പേരെ മാത്രമേ ഞങ്ങള്‍ ഉള്ളില്‍ കടത്തിവിട്ടിട്ടുള്ളൂ. അതിലൊന്ന് വി.എസ്. ആണ്. രണ്ടാമത്തേത് മനോജ് കെ. ജയന്‍റെ അച്ഛനാണ്. മൂന്നാമത്തെയാള്‍ സുരേഷ്ഗോപിയായിരുന്നു. മമ്മൂക്ക വന്നിട്ടുപോലും അന്ന് കയറിയിരുന്നില്ല. മമ്മൂക്ക പക്ഷേ അകത്ത് കയറണമെന്ന് പറഞ്ഞിരുന്നില്ല. ഡോക്ടറെ മമ്മൂക്ക കണ്ടു. അദ്ദേഹം അന്ന് ഡോക്ടറോട് പറഞ്ഞ വാക്കുകള്‍ ഇന്നും എന്‍റെ ഓര്‍മ്മയിലുണ്ട്. ഞങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ടൊരാളാണ്. അതുപോലെതന്നെ ഞങ്ങള്‍ക്കിങ്ങ് തരണം എന്നാണ് മമ്മൂക്ക പറഞ്ഞത്. ഞാനത് കേട്ടതുമാണ്.

അച്ഛനൊപ്പമുള്ള അവസാന നാളുകളെക്കുറിച്ച്

അച്ഛനോടൊപ്പമുള്ള ഓരോ നിമിഷവും അത്രയും വിലപ്പെട്ടതായിരുന്നു. അച്ഛനോടൊപ്പം അവസാനനിമിഷങ്ങളില്‍ ഉണ്ടായിരുന്നത് താനായിരുന്നു. അത്ഭുതവസ്തുവിനെപ്പോലെയായിരുന്നു വളരെ ചെറുപ്പത്തില്‍ ഞാന്‍ അച്ഛനെ കണ്ടിരുന്നത്. അച്ഛനോട് കയര്‍ത്ത് സംസാരിക്കുകയോ ഒരുപാട് സ്നേഹത്തോടെ സംസാരിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്‍റെ കയ്യില്‍ പിടിക്കാന്‍ തന്നെ എനിക്ക് പേടിയായിരുന്നു. അദ്ദേഹത്തിന്‍റെ മരണനിമിഷംവരെ അതേ കാഴ്ചപ്പാട് തന്നെയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ആരോഗ്യസ്ഥിതി മോശമായി അച്ഛന്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്തായിരുന്നു അച്ഛനുമായി ഞാന്‍ കൂടുതല്‍ അദ്ദേഹവുമായി അടുത്തത്. അച്ഛനോടൊപ്പം അടുത്തുനില്‍ക്കാന്‍ ഞാനേറെ ആഗ്രഹിച്ചിരുന്നു.

മനസ്സിലടക്കി വെച്ചിരുന്ന സ്നേഹം ആ ആശുപത്രിയില്‍ കിടന്ന സമയത്ത് എനിക്ക് പ്രകടിപ്പിക്കാനായി. അച്ഛനോടൊപ്പം ഇരിക്കാനും അദ്ദേഹത്തെ പരിചരിക്കാനും ഒപ്പം നില്‍ക്കാനും ആ നിമിഷങ്ങളില്‍ തനിക്ക് സാധിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന്‍റെ അന്ന് രാത്രിയില്‍ വീട്ടില്‍ വച്ച് 11 മണിക്ക് അച്ഛന് മരുന്ന് നല്‍കി കിടത്തി ഉറക്കിയിട്ടാണ് താന്‍ ഉറങ്ങാന്‍ പോയത്. കൂടെ കിടക്കണോ എന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ സമ്മതിച്ചില്ല. ആവശ്യം വന്നാല്‍ വിളിക്കാമെന്നും പറഞ്ഞു. അന്ന് രാത്രി 1 മണിക്ക് അച്ഛന്‍ വിളിച്ചു. അച്ഛനപ്പോള്‍ എഴുന്നേറ്റിരിക്കുകയായിരുന്നു.

ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു. കാറിന് പകരം ആംബുലന്‍സ് വിളിക്കാന്‍ പറഞ്ഞു. അങ്ങനെ അച്ഛന്‍ നിര്‍ബന്ധിച്ചതിനാല്‍ ആംബുലന്‍സ് വിളിച്ചു. ആ യാത്ര ശാസ്തമംഗലത്ത് എത്തിയപ്പോഴേക്കും അച്ഛന് ബോധം പോയി. അത്രയും നേരം ഓരോന്ന് സംസാരിച്ചിരുന്നതാണ്. പക്ഷേ അതിനുശേഷം അച്ഛനൊന്നും പറഞ്ഞില്ല, പ്രതികരിച്ചില്ല.

 

Tags
shobi thilakan thilakan shammy thilakan