Monday, 27 July 2026 | 01:27 AM

Latest

നടി സമന്ത മൂന്നുമാസം ​ഗർഭിണിയോ?

sreyas 21 June 2026 04:38 AM
നടി സമന്ത മൂന്നുമാസം ​ഗർഭിണിയോ?

Highlights

നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം ഗർഭച്ഛിദ്രം നടത്തിയെന്നടക്കമുള്ള പ്രചാരണങ്ങൾ തനിക്ക് ഏറെ വേദനയുണ്ടാക്കിയിരുന്നുവെന്ന് നടി തുറന്നുപറഞ്ഞിരുന്നു

നടി സമന്ത റൂത്ത് പ്രഭു ഗർഭിണിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നടിയുടെ പുതിയ ചിത്രം മാ ഇന്റി ബംഗാരം വിജയാഘോഷ ചടങ്ങിനിടെ പകർത്തിയ ഒരു വീഡിയോയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്.

ഭർത്താവ് രാജ് നിഡിമോരുവിനും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന സമന്തയുടെ ദൃശ്യങ്ങളാണ് വൈറലായത്. വെള്ള നിറത്തിലുള്ള ടി-ഷർട്ടും ഡെനിം ജീൻസും ധരിച്ചെത്തിയ നടിയുടെ രൂപത്തിൽ ചില ആരാധകർ ശ്രദ്ധ കേന്ദ്രീകരിച്ചു. വീഡിയോയിൽ സമന്തയുടെ വയർ പതിവിലേതിനേക്കാൾ അല്പം മുന്നോട്ടു കാണപ്പെടുന്നതായി ചിലർ ചൂണ്ടിക്കാട്ടിയതോടെയാണ് ഗർഭധാരണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഉയർന്നത്.

തുടർന്ന് നടി ഗർഭിണിയാണെന്നും നിലവിൽ ഗർഭകാലത്തിന്റെ മൂന്നാം മാസത്തിലാണെന്നുമുള്ള സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഡിസംബറിൽ ആദ്യ കുഞ്ഞ് ജനിക്കുമെന്ന തരത്തിലുള്ള പോസ്റ്റുകളും ഇതിനോടകം വൈറലായിട്ടുണ്ട്. എന്നാൽ സമന്തയോ രാജ് നിഡിമോരുവോ ഇത്തരത്തിലുള്ള വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് സമന്തയും രാജ് നിഡിമോരുവും കോയമ്പത്തൂരിൽ വിവാഹിതരായത്. ദി ഫാമിലി മാൻ 2 വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയതെന്നും പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് വളർന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വിവിധ പൊതുപരിപാടികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാവുകയും പിന്നീട് വിവാഹത്തിലേക്ക് എത്തുകയും ചെയ്തു.

ഇതിനിടെ, സമന്തയുടെ ഗർഭധാരണ വാർത്ത പങ്കുവെച്ച ഒരു വാർത്താ പോസ്റ്റിന് നടി കാജൾ അഗർവാൾ ലൈക്ക് നൽകിയതും സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതിനെ ചിലർ വാർത്തയ്ക്ക് കൂടുതൽ വിശ്വാസ്യത നൽകുന്ന സംഭവമായി വ്യാഖ്യാനിച്ചെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭ്യമായിട്ടില്ല.

അതേസമയം, വ്യക്തിജീവിതവുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങൾ മുമ്പും സമന്ത നേരിട്ടിട്ടുണ്ട്. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം ഗർഭച്ഛിദ്രം നടത്തിയെന്നടക്കമുള്ള പ്രചാരണങ്ങൾ തനിക്ക് ഏറെ വേദനയുണ്ടാക്കിയിരുന്നുവെന്ന് നടി തുറന്നുപറഞ്ഞിരുന്നു. വിവാഹമോചനം തന്നെ ഏറെ വേദനാജനകമായ അനുഭവമാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തളർത്താൻ അനുവദിക്കില്ലെന്നും അന്ന് സമന്ത പ്രതികരിച്ചിരുന്നു.

ഇപ്പോൾ പ്രചരിക്കുന്ന ഗർഭധാരണ വാർത്തകളും സോഷ്യൽ മീഡിയയിലെ ചർച്ചകളും ആരാധകരുടെ ശ്രദ്ധ നേടുന്നുണ്ടെങ്കിലും, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.

Tags
samantha ruth prabhu pregnant