Tuesday, 22 September 2026 | 09:05 PM

Latest

താൻ കണ്ടതിൽ ഏറ്റവും ഫ്ലെക്സിബിളായ നടൻ മമ്മൂട്ടിയെന്ന് പൃഥ്വിരാജ്

sreyas 26 June 2026 02:08 AM
താൻ കണ്ടതിൽ ഏറ്റവും ഫ്ലെക്സിബിളായ നടൻ മമ്മൂട്ടിയെന്ന് പൃഥ്വിരാജ്

Highlights

 "മമ്മൂക്കയുടെയും ലാലേട്ടന്റെയും പേര് പറഞ്ഞാൽ കൈയടി കിട്ടുമെന്നതുകൊണ്ടല്ല ഞാൻ ഇത് പറയുന്നത്," 

മമ്മൂട്ടിയുടെ കഥാപാത്രങ്ങളിലേക്കുള്ള രൂപമാറ്റവും അഭിനയത്തിലെ വഴക്കവുമാണ് തന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചതെന്ന് നടൻ പൃഥ്വിരാജ്. കൊച്ചിയിൽ നടന്ന 'ഐ നോബഡി' ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവിലെ തന്റെ ലുക്ക് വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ'യിലെ ആമിർ അലി എന്ന കഥാപാത്രത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു നടനെന്ന നിലയിൽ പരമാവധി ഫ്ലെക്സിബിളായി തുടരാനാണ് താൻ എപ്പോഴും ശ്രമിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഫ്ലെക്സിബിളായ നടൻ മമ്മൂട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് പറഞ്ഞതോടെ സദസ്സിൽ വലിയ കൈയടിയും ആരവവും ഉയർന്നു. അതിന് മറുപടിയായി, "മമ്മൂക്കയുടെയും ലാലേട്ടന്റെയും പേര് പറഞ്ഞാൽ കൈയടി കിട്ടുമെന്നതുകൊണ്ടല്ല ഞാൻ ഇത് പറയുന്നത്," എന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

മമ്മൂട്ടി ഏത് കഥാപാത്രത്തെ അവതരിപ്പിച്ചാലും അതിന്റെ രൂപത്തിലും ഭാവത്തിലും പൂർണമായി ഇഴുകിച്ചേരുന്ന നടനാണെന്ന് അദ്ദേഹം പറഞ്ഞു. 'അമരം' സിനിമയിലെ അച്ചൂട്ടിയായി കാണുമ്പോൾ തനി മുക്കുവനായും, 'ദി കിങ്'യിലെ കലക്ടറായി കാണുമ്പോൾ അതേ ഗാംഭീര്യത്തോടെയും അദ്ദേഹം അനുഭവപ്പെടുന്നുവെന്ന് പൃഥ്വിരാജ് വിശദീകരിച്ചു. കഥാപാത്രത്തിനനുസരിച്ച് ശാരീരികമായും മാറാൻ മമ്മൂട്ടിക്കുള്ള കഴിവ് അപൂർവമാണെന്നും, കമൽ ഹാസനും അതേ രീതിയിൽ കഥാപാത്രങ്ങളിലേക്ക് രൂപാന്തരപ്പെടുന്ന നടനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം അഭിനേതാക്കളാണ് തന്റെ പ്രചോദനമെന്നും, ഒരു സംവിധായകൻ കഥാപാത്രത്തിനായി എന്ത് ആവശ്യപ്പെട്ടാലും കഴിയുന്നത്ര അതിലേക്ക് മാറാൻ താൻ ശ്രമിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഇപ്പോൾ കാണുന്ന ലുക്ക് 'ഖലീഫ'യിലെ ആമിർ അലി എന്ന കഥാപാത്രത്തിനുവേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.