Wednesday, 29 July 2026 | 05:11 AM

Interviews

രൂപങ്ങളും വേഷങ്ങളും -ആര്യസലീം

ബിന്ദു പി.പി 05 May 2026 12:30 PM
രൂപങ്ങളും  വേഷങ്ങളും -ആര്യസലീം

 

ടോവിനോയെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട സിനിമയിലെ സി.കെ. ശാന്തി എന്ന കഥാപാത്രത്തിലൂടെ തിളങ്ങിയ  ആര്യസലീം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു...

നരിവേട്ടയ്ക്ക് ലഭിച്ച സ്വീകാര്യതയിലെത്രത്തോളം സന്തോഷിക്കുന്നു?

വാസ്തവത്തില്‍ നരിവേട്ട എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് ഞാന്‍ എന്ന ആര്‍ട്ടിസ്റ്റിനെ ആളുകള്‍ കൃത്യമായി തിരിച്ചറിഞ്ഞുതുടങ്ങിയത്. ഈ സിനിമയ്ക്കകത്തെ കഥാപാത്രത്തിലൂടെയാണ് ഞാന്‍ ചെയ്തിട്ടുള്ള മുന്‍പത്തെ കഥാപാത്രങ്ങളെയൊക്കെ പലരും ഓര്‍ത്തെടുക്കുന്നത്. പണ്ടത്തെ മുത്തങ്ങ സമരത്തെപ്പറ്റിയൊക്കെ വളരെ വ്യക്തമായി അറിയുന്ന പലര്‍ക്കും ഈ സിനിമ കണ്ടപ്പോള്‍ സി.കെ. ജാനു എന്ന കഥാപാത്രത്തെ എന്നിലൂടെ കാണാന്‍ കഴിഞ്ഞു എന്നാണ് അവരൊക്കെ പറയുന്നത്. സി.കെ. ശാന്തി എന്ന ഞാന്‍ ചെയ്ത കഥാപാത്രം അത്രത്തോളം അവരെ ഓര്‍മ്മിപ്പിക്കുന്ന ഒന്നായിരുന്നു.

സി.കെ. ജാനുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നോ?

സിനിമയുടെ ഷൂട്ട് തുടങ്ങിയ സമയത്ത് അവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അവര്‍ക്ക് തിരക്കായതിനാല്‍ ഞങ്ങള്‍തമ്മിലുള്ള കൂടിക്കാഴ്ച പെട്ടെന്നൊന്നും നടന്നില്ല. പിന്നെ സിനിമയുടെ ക്ലൈമാക്സ് എടുക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് എനിക്ക് മേഡത്തെ കാണാന്‍ കഴിഞ്ഞത്. മേഡത്തിന്‍റെ വീട്ടില്‍ പോകുന്നത് എന്‍റെ സഹോദരിയേയും മേഡത്തിന്‍റെ സുഹൃത്തായ രാമേട്ടനേയും കൂട്ടിയാണ്. സത്യത്തില്‍ ആ ഒരു കൂടിക്കാഴ്ച വല്ലാത്തൊരു സിനിമാറ്റിക് ഫീല്‍ ആണ് തന്നത്. ബൊലേറ ഓടിച്ചുവന്ന മേഡം ഞങ്ങളെ കണ്ട് ഇറങ്ങിവരികയും ഞങ്ങളോട് സംസാരിക്കുകയും ചെയ്തു. പഴയ അനുഭവങ്ങളെക്കുറിച്ചും മര്‍ദ്ദനമേറ്റ കാര്യത്തെക്കുറിച്ചുമൊക്കെ മേഡം ഞങ്ങളോട് പറഞ്ഞു.

'ഞങ്ങള്‍ക്ക് കിട്ടിയ അടി പോട്ടെ എന്ന് വെക്കാം. പക്ഷേ ചെറിയ കുട്ടികള്‍ക്കുപോലും അടി കിട്ടിയത് വിട്ടുകളയാന്‍ പറ്റില്ല. ആ കുട്ടികളുടെ വേദന ഓര്‍ക്കുമ്പോള്‍ നമ്മുടെ വേദന ഒന്നുമല്ല' എന്നാണ് മേഡം അന്നത്തെ മുത്തങ്ങ സംഭവത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്. മാത്രമല്ല നമ്മുടെ കണ്ണീരിന്‍റെ വില അറിയാത്തവര്‍ക്ക് മുമ്പില്‍ കരയരുതെന്ന് വാശിയായിരുന്നു എനിക്ക് എന്നാണ് മേഡം അന്നത്തെ ദിവസത്തെക്കുറിച്ച് പറഞ്ഞ മറ്റൊരു കാര്യം. വല്ലാത്തൊരു ഇമോഷണല്‍ മൊമെന്‍റ് ആയിരുന്നു അത്. പിന്നെ സിനിമയെക്കുറിച്ച് ചെറിയൊരു ധാരണമാത്രമായിരുന്നു മേഡത്തിന് ഉണ്ടായിരുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അതായത് മുത്തങ്ങ സമരം ഉണ്ട്. അതില്‍ ചില കാര്യങ്ങള്‍ വരുന്നു എന്നല്ലാണ്ട് സിനിമയെക്കുറിച്ച് പൂര്‍ണ്ണരൂപ മേഡത്തിന് അറിയാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല.

സി.കെ. ജാനുവിലേക്കുള്ള രൂപമാറ്റം?

സി.കെ. ശാന്തിയിലേക്കുള്ള എന്‍റെ രൂപമാറ്റം മേഡത്തിന് കാണിച്ചുകൊടുക്കാനുള്ള ഫോട്ടോസ് ഒന്നും എന്‍റെ കൈയില്‍ ഇല്ലായിരുന്നു. കുറച്ചു ചോരയൊക്കെ ഒഴുകിയുള്ള ഒരു ഫോട്ടോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് കാണിച്ചുകൊടുത്തപ്പോള്‍ മേഡം ഒന്ന് ചിരിച്ചു. പിന്നെ ആ ഒരു മെയ്ക്ക് ഓവര്‍ എങ്ങനെ ഉണ്ടാക്കിയെടുത്തു എന്ന് ചോദിച്ചാല്‍ മേക്കപ്പ് ചെയ്തത് അമലേട്ടന്‍ ആയിരുന്നു. ജാനു മേഡത്തിലേക്കുള്ള ആ ഒരു രൂപസാദൃശ്യത്തിലേക്ക് അവരാണ് എന്നെ കൂടുതലായും എത്തിച്ചത്. സി.കെ. ജാനു ചുരിദാര്‍ ധരിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോ ഉണ്ട്. ആ ഫോട്ടോയില്‍ ഉള്ളതുപോലെ തന്നെ ഫോട്ടോഗ്രാഫര്‍ എന്നെയും പകര്‍ത്തി. അത് കാണിച്ചുതന്ന സമയത്ത് എനിക്ക് അത്ഭുതം തോന്നി. കാരണം അത്രമാത്രം സാദൃശ്യം ഉണ്ടായിരുന്നു എനിക്ക് അവരുമായിട്ട്.

കഥാപാത്രത്തിനായി താങ്കള്‍ നല്‍കിയ സംഭാവനകള്‍?

ഈ ഒരു സിനിമയ്ക്കുവേണ്ടി ഒരു വര്‍ഷത്തോളം ഞാന്‍ മറ്റുവര്‍ക്കുകള്‍ ഒന്നും ഏറ്റെടുത്തില്ല. ആ സമയം കൊണ്ട് വര്‍ക്ക്ഷോപ്പ് ഒക്കെ അറ്റന്‍ഡ് ചെയ്തു. അതുപോലെ പണിയ വിഭാഗത്തിലുള്ള ആളുകളാണ് നമുക്കൊപ്പം കൂടുതലായും അഭിനയിച്ചത്. അവരുമായിട്ട് കൂടുതലായി ഇടപഴകാനായി അവരുടെ ഊരില്‍ പോയി അവരെ നേരില്‍ കണ്ട് സംസാരിച്ചു. പതിയെ നമ്മളെ ശ്രദ്ധിക്കാനും നമുക്ക് ഭാഷ പറഞ്ഞുതരാനും ഒക്കെ അവര്‍ പരമാവധി ശ്രമിച്ചു.

അതുപോലെ ജാനുമാഡത്തെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ യൂ ട്യൂബ് വീഡിയോസ് ഒക്കെ നോക്കി മാഡത്തിന്‍റെ സംസാരരീതി പ്രസംഗം ഒക്കെ നിരീക്ഷിച്ചു. അവര്‍ മന്ത്രിമാരോടും പോലീസുകാരോടും സംസാരിക്കുമ്പോള്‍ നമ്മുടെ ഭാഷയാണ് പറയുന്നത്. പക്ഷേ അവരുടെ ഗോത്രത്തില്‍പ്പെട്ടവരോട് സംസാരിക്കുമ്പോള്‍ പണിയ ഭാഷയാണ് പറയുന്നത്. ആ ഭാഷയൊക്കെ ഞാന്‍ നോട്ട് ചെയ്തുവച്ചിരുന്നു.

നരിവേട്ടയിലേക്ക് എത്തുന്നതെങ്ങനെ?

ഓസ്ലര്‍ സിനിമയുടെ ഷൂട്ട് കഴിഞ്ഞ സമയത്ത് മമ്മൂട്ടി കമ്പനിയിലെ സുനില്‍ ഏട്ടനാണ് അനുരാജുമായി കണക്ട് ചെയ്യുന്നത്. കഥ വിവരിക്കുന്ന സമയത്തുതന്നെ ഈ കഥാപാത്രത്തിന് ആര്യതന്നെയാണ് ഫസ്റ്റ് ഓപ്ഷന്‍ എന്നാണവര്‍ പറഞ്ഞത്. 2023 ലാണ് കഥ പറയുന്നത്. പിന്നീട് ഷൂട്ട് അല്‍പ്പം നീണ്ടുപോയി. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞു ഷൂട്ട് തുടങ്ങാന്‍. ഏതായാലും സിനിമ  തീയേറ്ററില്‍ എത്തുമ്പോഴേക്കും ഈ സിനിമ വഴി ഞാന്‍ മനസ്സിലാക്കിയത് മാനുഷികമൂല്യം കൊടുക്കാന്‍ മനുഷ്യര്‍ക്ക് കുറച്ച് മടിയാണ് എന്നതാണ്.

നമ്മുടെ വീട്ടില്‍ പണിക്ക് വരുന്നവര്‍ക്ക് പോലും നിലത്തിരുത്തി അല്ലെങ്കില്‍ അടുക്കളയുടെ പുറകുവശത്ത് ഇരുത്തി ഭക്ഷണം കഴിക്കാന്‍ കൊടുക്കുന്നവരുണ്ട്. എന്തുകൊണ്ട് അവര്‍ക്ക് മേശയില്‍ വയ്ക്കുന്ന ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യം കൊടുക്കുന്നില്ല. അവിടെയെല്ലാം മനുഷ്യരുടെ ഉള്ളില്‍ വേര്‍തിരിവ് വരുന്നുണ്ട്. സിനിമയില്‍ പോലും നമ്മുടെ കഴിവ് എന്നതിനപ്പുറത്തേക്ക് നമ്മുടെ രൂപം വച്ചാണ് വേഷങ്ങള്‍ തരുന്നത്. ആ വേര്‍തിരിവ് എല്ലായിടത്തും പ്രകടമാണ്. എന്നാലും ഇപ്പോഴത്തെ സംവിധായകര്‍ അത്യാവശ്യം പരിശ്രമിച്ചുതന്നെ അത്തരം ചില കാര്യങ്ങളില്‍ മാറ്റം കൊണ്ടുവന്നിട്ടുമുണ്ട്.

പുതിയ തലമുറയ്ക്ക് നരിവേട്ട നല്‍കുന്ന സന്ദേശം?

ഇപ്പോഴത്തെ തലമുറ സോഷ്യല്‍ മീഡിയയില്‍ ആണ് ജീവിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അതിനു പുറത്തേക്കുള്ള കാര്യങ്ങളെക്കുറിച്ചൊന്നും അവര്‍ക്ക് വലിയ അവബോധം ഇല്ല. അതുകൊണ്ടുതന്നെ ചരിത്രം അറിയാന്‍ പാടില്ലാത്ത ആളുകള്‍ക്ക്, ഒരു സമൂഹം അനുഭവിച്ച വേദന എന്താണെന്ന് അറിയാത്തവര്‍ക്ക് അതിനെക്കുറിച്ച് വ്യക്തത ഉണ്ടാക്കാന്‍ ഈ സിനിമയ്ക്ക് കുറച്ചെങ്കിലും സാധിച്ചുവെങ്കില്‍ അതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ.

 

Tags
arya salim narivetta