നടിയുടെ ഫ്ലാറ്റിൽ യുവ വ്യവസായി മരിച്ചനിലയിൽ
Highlights
ഇതിനുമുമ്പ് വ്യവസായി അരവിന്ദ് റെഡ്ഡിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരു: കന്നഡ സിനിമാ നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ കൃഷി താപണ്ഡയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ യുവ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് (33) എന്നയാളെയാണ് രാജരാജേശ്വരി നഗറിലെ ഫ്ലാറ്റിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവസമയത്ത് കൃഷി താപണ്ഡ ഫ്ലാറ്റിലുണ്ടായിരുന്നില്ലെന്ന് ആർ.ആർ നഗർ പോലീസ് അറിയിച്ചു.
മരണത്തിന് തൊട്ടുമുമ്പ് വൈശാഖ് നടിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായും, താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന സന്ദേശം അയച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടൻ കൃഷി വൈശാഖിന്റെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ഫ്ലാറ്റിലെത്തിയെങ്കിലും അപ്പോഴേക്കും വൈശാഖ് മരിച്ചിരുന്നു.
ഇതിനുമുമ്പ് വ്യവസായി അരവിന്ദ് റെഡ്ഡിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. വൈശാഖിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ആർ നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് പോലീസ് അറിയിച്ചു.