Monday, 27 July 2026 | 06:35 AM

Latest

സംവിധായകൻ 'കട്ട്' പറഞ്ഞ ശേഷവും കങ്കണ ചുംബനം തുടർന്നു; ചുംബനരംഗത്തിനിടെ നടി സഹതാരത്തെ പരിക്കേൽപ്പിച്ചു എന്ന പ്രചാരണത്തിന്റെ വാസ്തവമെന്ത്?

sreyas 30 June 2026 06:44 AM
സംവിധായകൻ 'കട്ട്' പറഞ്ഞ ശേഷവും കങ്കണ ചുംബനം തുടർന്നു; ചുംബനരംഗത്തിനിടെ നടി സഹതാരത്തെ പരിക്കേൽപ്പിച്ചു എന്ന പ്രചാരണത്തിന്റെ വാസ്തവമെന്ത്?

Highlights

സംവിധായകൻ 'കട്ട്' പറഞ്ഞ ശേഷവും കങ്കണ ചുംബനം തുടർന്നുവെന്നും അതിനിടെ വിർ ദാസിന്റെ ചുണ്ട് മുറിഞ്ഞ് രക്തം വാർന്നുവെന്നുമായിരുന്നു പ്രചാരണം

 

വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന നടി കങ്കണ റണാവത് വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറയുകയാണ്. ഇത്തവണ, 2014-ൽ പുറത്തിറങ്ങിയ റിവോൾവർ റാണി എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച അഭ്യൂഹങ്ങൾക്കാണ് കങ്കണ പ്രതികരിച്ചത്.

ചിത്രത്തിലെ നായകനായിരുന്ന വിർ ദാസ്‌യും കങ്കണയും തമ്മിലുള്ള ചുംബനരംഗത്തിന്റെ ചിത്രീകരണത്തിനിടെ വിർ ദാസിന് പരിക്കേറ്റെന്ന തരത്തിലുള്ള വാർത്തകളാണ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംവിധായകൻ 'കട്ട്' പറഞ്ഞ ശേഷവും കങ്കണ ചുംബനം തുടർന്നുവെന്നും അതിനിടെ വിർ ദാസിന്റെ ചുണ്ട് മുറിഞ്ഞ് രക്തം വാർന്നുവെന്നുമായിരുന്നു പ്രചാരണം. ഈ സംഭവത്തെ തുടർന്ന് അദ്ദേഹം മാനസികമായി തകർന്നുവെന്ന അവകാശവാദവും പ്രചരിച്ചിരുന്നു.

ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ആദ്യം രംഗത്തെത്തിയത് വിർ ദാസായിരുന്നു. "ആരോ സൃഷ്ടിച്ച കഥ മാത്രമാണിത്. കങ്കണ അതീവ പ്രൊഫഷണലായ കലാകാരിയാണ്. സെറ്റിൽ ഇത്തരമൊരു സംഭവവും ഉണ്ടായിട്ടില്ല. അവരെക്കുറിച്ച് ഇത്തരം വ്യാജ പ്രചാരണം നടത്തുന്നത് ഖേദകരമാണ്," എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.

വിർ ദാസിന്റെ പ്രതികരണം പങ്കുവെച്ച കങ്കണ അദ്ദേഹത്തിന് നന്ദി അറിയിക്കുകയും വ്യാജപ്രചാരണങ്ങൾക്ക് പിന്നിലുള്ളവരെ വിമർശിക്കുകയും ചെയ്തു. "പൈശാചികമായ ലൈംഗിക താൽപര്യമുള്ള, വിചിത്ര സ്വഭാവമുള്ളൊരു വ്യക്തി ഞങ്ങളെ ഉപയോഗിക്കുകയാണ്. നിങ്ങളുടെ ചോര ഞാൻ കുടിച്ചു. നിങ്ങളിപ്പോഴും ആ ട്രോമയിൽ കരയുകയാണ്. ഭാവന തീരെ പോരാ.. " എന്നായിരുന്നു കങ്കണയുടെ പരിഹാസപരമായ പ്രതികരണം.

സ്വകാര്യ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള തുറന്നുപറച്ചിലുകൾ കൊണ്ടും കങ്കണ നേരത്തെ ശ്രദ്ധ നേടിയിട്ടുണ്ട്. എല്ലാവരോടും സൗഹൃദപരമായി ഇടപെടാറുണ്ടെങ്കിലും പലപ്പോഴും അത് പ്രണയമായി തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്ന് അവർ പറഞ്ഞിരുന്നു. പ്രണയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിൽ അതൊന്നും ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നുവെന്നും എന്നാൽ അത്തരമൊരു ചിന്ത തന്നെ ഉണ്ടായിരുന്നില്ലെന്നും കങ്കണ വ്യക്തമാക്കിയിരുന്നു.

കരിയറിന്റെ തുടക്കത്തിൽ മാനസിക സംഘർഷങ്ങളും ട്രോമയും അനുഭവിക്കുന്ന കഥാപാത്രങ്ങളാണ് കൂടുതലായും ലഭിച്ചിരുന്നതെന്നും അതിന്റെ പേരിൽ യഥാർഥ ജീവിതത്തിലും താൻ അത്തരക്കാരിയാണെന്ന ധാരണ പലർക്കും ഉണ്ടായിരുന്നുവെന്നും കങ്കണ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരേ ഇമേജിൽ ഒതുങ്ങിപ്പോകാതിരിക്കാൻ സമാന കഥാപാത്രങ്ങൾ മനപ്പൂർവം ഒഴിവാക്കി വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിച്ചിരുന്നുവെന്നും സാധാരണക്കാരായ സ്ത്രീകളുടെ ജീവിതം അവതരിപ്പിക്കുന്ന കഥാപാത്രങ്ങളോടാണ് കൂടുതൽ താൽപര്യമെന്നും അവർ പറഞ്ഞിരുന്നു.