Sunday, 20 September 2026 | 05:50 PM

Latest

നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം; അയർലൻഡ് മന്ത്രിയും മോഹൻലാലും തമ്മിലുള്ള കൂടിക്കാഴ്ച്ചയും വൻഹിറ്റ്

sreyas 30 June 2026 02:01 PM
നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം; അയർലൻഡ് മന്ത്രിയും മോഹൻലാലും തമ്മിലുള്ള കൂടിക്കാഴ്ച്ചയും വൻഹിറ്റ്

Highlights

ഗായിക കെ. എസ്. ചിത്രയ്‌ക്കൊപ്പം ഗാനങ്ങൾ ആലപിക്കുന്നതും യുവതാരങ്ങളായ സാനിയ അയ്യപ്പൻ, സ്വാസിക, ജീവ ജോസഫ്, റംസാൻ മുഹമ്മദ് എന്നിവർക്കൊപ്പം നൃത്തം ചെയ്യുന്ന മോഹൻലാലിന്റെ ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 

മലയാളികളുടെ പ്രിയതാരം മോഹൻലാൽ യൂറോപ്പ് പര്യടനത്തിനിടെ അയർലൻഡിൽ ജാക്ക് ചേംബേഴ്സ് നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായി. അയർലൻഡിന്റെ പബ്ലിക് എക്സ്പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ചർ, പബ്ലിക് സർവീസ് റിഫോം ആൻഡ് ഡിജിറ്റലൈസേഷൻ മന്ത്രിയായ ജാക്ക് ചേംബേഴ്സ്, മോഹൻലാലിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് കൂടിക്കാഴ്ചയെക്കുറിച്ച് അറിയിച്ചത്.

കഴിഞ്ഞ വാരാന്ത്യത്തിൽ അയർലൻഡിലെത്തിയ മോഹൻലാലിനെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജാക്ക് ചേംബേഴ്സ് ഫെയ്സ്ബുക്കിൽ കുറിച്ചു. അയർലൻഡിലെ ഇന്ത്യൻ പ്രവാസികൾക്കായി അദ്ദേഹം അവതരിപ്പിച്ച കലാപരിപാടിയെ അഭിനന്ദിച്ച മന്ത്രി, രാജ്യത്തെ ഇന്ത്യൻ സമൂഹം സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും നൽകുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച് മോഹൻലാലുമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ചതായും വ്യക്തമാക്കി.

മോഹൻലാലിന്റെ നേതൃത്വത്തിലുള്ള താരസംഘം യൂറോപ്പിലെ വിവിധ നഗരങ്ങളിൽ സ്റ്റേജ് ഷോകൾ അവതരിപ്പിച്ച് പര്യടനം തുടരുകയാണ്. ഈ പരിപാടികളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഗായിക കെ. എസ്. ചിത്രയ്‌ക്കൊപ്പം ഗാനങ്ങൾ ആലപിക്കുന്നതും യുവതാരങ്ങളായ സാനിയ അയ്യപ്പൻ, സ്വാസിക, ജീവ ജോസഫ്, റംസാൻ മുഹമ്മദ് എന്നിവർക്കൊപ്പം നൃത്തം ചെയ്യുന്ന മോഹൻലാലിന്റെ ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ 'മേഘം കറുക്കാതാ', ആവേശത്തിലെ 'ഇല്ലുമിനാറ്റി', മോഹൻലാലും ദിലീപും ഒന്നിച്ചെത്തിയ ഭ. ഭ. ബ.യിലെ 'അഴിഞ്ഞാട്ടം' തുടങ്ങിയ ഗാനങ്ങൾക്കൊപ്പം താരം ചുവടുവെക്കുന്ന വീഡിയോകൾ വൈറലായിട്ടുണ്ട്. കൂടാതെ ബാഹുബലി: ദി ബിഗിനിം​ഗിലെ ഗാനത്തിനൊപ്പമുള്ള നൃത്തവും ശ്രദ്ധ നേടുകയാണ്.

പരിപാടിക്കിടെ കെ. എസ്. ചിത്ര ആലപിച്ച മോഹൻലാൽ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ ഉൾപ്പെടുത്തിയ 14 മിനിറ്റ് ദൈർഘ്യമുള്ള പ്രത്യേക സംഗീത സെഗ്മെന്റും ആരാധകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. മോഹൻലാലിന്റെ പാട്ടിനെയും നൃത്തത്തെയും പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്.