Friday, 22 May 2026 | 05:26 PM

Exclusive

ഹൃദയപൂര്‍വ്വം ലൊക്കേഷനിലൂടെ....

05 May 2026 12:30 PM
ഹൃദയപൂര്‍വ്വം ലൊക്കേഷനിലൂടെ....

 

ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ സ്മരണകള്‍ നിലനിന്നുപോരുന്ന മനോഹരമായ ഒരു ബംഗ്ലാവ്. വണ്ടിപ്പെരിയാറിലെ ഡൈമുക്ക് എസ്റ്റേറ്റ് ബംഗ്ലാവാണിത്. ഈ ബംഗ്ലാവ് ഇന്ന് ഒരു സിനിമയുടെ പ്രധാന പണിപ്പുരയാണ്.

ആശീര്‍വ്വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് സത്യന്‍ അന്തിക്കാട് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഹൃദയപൂര്‍വ്വം എന്ന സിനിമയുടെ ചിത്രീകരണമാണ് ഇവിടെ നടക്കുന്നത്.

ചിത്രത്തിന്‍റെ നിര്‍ണ്ണായകമായ പല രംഗങ്ങളും ഇവിടെ ചിത്രീകരിക്കുന്നുണ്ട്. സെറ്റിലെത്തുമ്പോള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഛായാഗ്രാഹകന്‍ അനു മൂത്തേടത്ത്, പ്രധാന സഹായിയായ അനൂപ് സത്യന്‍ എന്നിവര്‍ ചര്‍ച്ചയിലാണ്. എടുക്കാന്‍ പോകുന്ന രംഗത്തിന്‍റെ ഡിസ്ക്കഷനിലാണവര്‍. അതുകഴിഞ്ഞതോടെ ആര്‍ട്ടിസ്റ്റിനെ വിളിക്കാന്‍ സംവിധായകന്‍ പറഞ്ഞു.

മോഹന്‍ലാല്‍, സംഗീത, സംഗീത് പ്രതാപ് എന്നിവരാണ് ഈ രംഗത്തില്‍ അഭിനയിക്കുന്നത്. അഭിനേതാക്കള്‍ എത്തിയതോടെ രംഗത്തിന്‍റെ വിശദീകരണം അവര്‍ക്ക് നല്‍കി സംവിധായകന്‍.

അനൂപ് സത്യന്‍ സംഭാഷണവും വായിച്ചുകൊടുത്തതോടെ ഷോട്ടിലേക്ക് കടന്നു. അതിരന്‍, പടക്കളം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചുകൊണ്ട് ഏറെ ശ്രദ്ധേയനായ ആളാണ് അനു മൂത്തേടത്ത്.

സന്ദീപ് ബാലകൃഷ്ണന്‍ എന്നാണ് മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര്. കേരളത്തിനു പുറത്ത് താമസമാക്കിയ ഒരു കുടുംബമാണ് സന്ദീപ് ബാലകൃഷ്ണന്‍റേത്. അദ്ദേഹത്തിന്‍റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥാവികസനം. 

ചിത്രീകരണത്തിനിടയില്‍ സംവിധായകന്‍ ജിയോ ബേബി എത്തി. അദ്ദേഹം സത്യന്‍ അന്തിക്കാടിനെ കാണുന്നതിനുവേണ്ടിയാണ് ഇവിടെയെത്തിയിരിക്കുന്നത്.

ലാല്‍ ഇത് ജിയോബേബി... മമ്മൂട്ടി അഭിനയിച്ച കാതല്‍ ഉള്‍പ്പെടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ജിയോബേബിയെ മോഹന്‍ലാലിന് പരിചയപ്പെടുത്തുകയായിരുന്നു സത്യന്‍ അന്തിക്കാട്.

ഈ രംഗത്തിന്‍റെ ചിത്രീകരണത്തിനിടയല്‍ മാളവികാ മോഹന്‍ എത്തി. അടുത്തരംഗത്തില്‍ മാളവികയുണ്ട്. 'വെരി നൈസ് പ്ലേസ് സാര്‍.. രാവിലെ തേക്കടി വരെ പോയി...' മാളവിക വന്നപാടെ ഈ ലൊക്കേഷന്‍റെ ഭംഗി വിവരിക്കുകയായിരുന്നു.

ഈ ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. മാളിവകയും, സംഗീതയുമാണവര്‍. ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ മറുപടി ഇതായിരുന്നു.

വളരെ പ്ലസന്‍റ് ആയ ഒരു ചിത്രമാണിത്. ബന്ധങ്ങളുടെ കെട്ടുറപ്പും, ഇമോഷനും, ഒപ്പം നര്‍മ്മത്തിന്‍റെ മുഹൂര്‍ത്തങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു ചിത്രമെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.

ലാലു അലക്സ്, സിദ്ധിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ടി.പി. സോനു എന്ന കന്നിക്കാരനാണ് തിരക്കഥ ഒരുക്കുന്നത്. ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് സോനുവിന്‍റെ കടന്നുവരവ്.

അഖില്‍ സത്യന്‍റേതാണ് കഥ. മനുമഞ്ജിത്തിന്‍റെ ഗാനങ്ങള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം പകരുന്നു. എഡിറ്റിംഗ് കെ. രാജഗോപാല്‍, കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് പാണ്ഡ്യന്‍, കോസ്റ്റ്യൂം ഡിസൈന്‍ സമീരാസനീഷ്, സ്റ്റില്‍സ് അമല്‍ സി. സദര്‍, അനൂപ് സത്യനാണ് മുഖ്യ സംവിധാനസഹായി.

സഹസംവിധാനം ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദനസൂര്യ, ശ്രീഹരി. പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്സ്.  കൊച്ചി, പൂനെ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും. വാഴൂര്‍ ജോസ്

Tags
Hridayapoorvam sathyan anthikad Antony Perumbavoor Aashirvad Cinemas Mohanlal Malavika Mohanan Sangeeth Prathap