ബോക്സ് ഓഫിസിൽ ‘ടോക്സിക്’ തേരോട്ടം; ആദ്യദിനം 150 കോടി; ഇന്ത്യൻ സിനിമയിൽ വമ്പൻ നേട്ടം
Highlights
ആദ്യദിനം 100 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടുന്ന ചിത്രം ഒരുക്കുന്ന ആദ്യ മലയാള സംവിധായികയെന്ന നേട്ടമാണ് ഗീതുവിന് ലഭിച്ചത്.
കൊച്ചി: ഗീതു മോഹൻദാസ്–യഷ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്’ ബോക്സ് ഓഫിസിൽ വൻ മുന്നേറ്റം തുടരുന്നു. റിലീസ് ചെയ്ത് ആദ്യദിനം തന്നെ ആഗോളതലത്തിൽ 150 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയ ചിത്രം ഈ വർഷം ഇന്ത്യയിൽ ലഭിച്ച ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കി.
റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ വ്യാപകമായ ഡീഗ്രേഡിങ് പ്രചാരണങ്ങൾ ഉയർന്നിരുന്നെങ്കിലും അതൊന്നും ബോക്സ് ഓഫിസ് പ്രകടനത്തെ ബാധിച്ചില്ലെന്നാണ് ആദ്യദിന കണക്കുകൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്നായി 150 കോടി രൂപയാണ് ചിത്രം നേടിയതെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്‌ഷൻസ് ഔദ്യോഗികമായി അറിയിച്ചു.
ചിത്രത്തിലൂടെ മറ്റൊരു നേട്ടവും സംവിധായിക ഗീതു മോഹൻദാസ് സ്വന്തമാക്കി. ആദ്യദിനം 100 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടുന്ന ചിത്രം ഒരുക്കുന്ന ആദ്യ മലയാള സംവിധായികയെന്ന നേട്ടമാണ് ഗീതുവിന് ലഭിച്ചത്.
ട്രേഡ് അനലിസ്റ്റ് വെബ്‌സൈറ്റായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം ‘ടോക്സിക്’ 120.75 കോടി രൂപ ഗ്രോസ് നേടി. വിദേശ വിപണിയിൽ നിന്ന് 20 കോടി രൂപയും ലഭിച്ചു. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 101.10 കോടിയാണ്.
ആദ്യദിന ഇന്ത്യൻ നെറ്റ് കളക്ഷനിൽ ‘കൽക്കി 2898 എഡി’ (95 കോടി), ‘സലാർ’ (91 കോടി), ‘ആദിപുരുഷ്’ (87 കോടി), ‘ദേവര’ (83 കോടി), ‘ജവാൻ’ (75 കോടി) തുടങ്ങിയ ചിത്രങ്ങളെയും ‘ടോക്സിക്’ മറികടന്നു. അതേസമയം, ‘പുഷ്പ 2’ (164.25 കോടി), ‘ആർആർആർ’ (133 കോടി), ‘ബാഹുബലി 2’ (121 കോടി), ‘കെജിഎഫ് 2’ (116 കോടി), ‘ധുരന്ധർ 2’ (103 കോടി) എന്നിവയ്ക്ക് പിന്നിലാണ് ചിത്രം.
കർണാടകയിൽ മുന്നേറ്റം
ദക്ഷിണേന്ത്യയിൽ കർണാടകയിലാണ് ചിത്രത്തിന് ഏറ്റവും മികച്ച കളക്ഷൻ ലഭിച്ചത്. സംസ്ഥാനത്ത് നിന്ന് 30.50 കോടി രൂപയാണ് ചിത്രം നേടിയത്. ആന്ധ്രപ്രദേശ്–തെലങ്കാന മേഖലയിൽ 18.50 കോടിയും തമിഴ്നാട്ടിൽ 6.75 കോടിയും കേരളത്തിൽ 2.25 കോടിയുമാണ് ആദ്യദിന ഗ്രോസ്.
റിലീസിന് മുൻപേ തന്നെ ചിത്രത്തിന് മികച്ച പ്രീ-റിലീസ് ഹൈപ്പ് ലഭിച്ചിരുന്നു. ആദ്യദിനത്തേക്കുള്ള അഡ്വാൻസ് ബുക്കിങ്ങിൽ മാത്രം 10 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. ഇന്ത്യയിലെ അഡ്വാൻസ് ബുക്കിങ് 73.43 കോടി രൂപ കടന്നപ്പോൾ ആഗോളതലത്തിൽ ഇത് 85 കോടി രൂപയ്ക്ക് മുകളിലെത്തി.
ഹിന്ദി പതിപ്പിനും മികച്ച പ്രതികരണം
കേരളമടക്കമുള്ള ദക്ഷിണേന്ത്യക്കൊപ്പം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ‘ടോക്സിക്’ മികച്ച പ്രതികരണമാണ് നേടുന്നത്. ഹിന്ദി പതിപ്പിനും പ്രേക്ഷകരിൽ നിന്ന് അനുകൂല പ്രതികരണം ലഭിക്കുന്നുണ്ട്.
ഏകദേശം 600 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ യഷിനൊപ്പം നയൻതാര, ഹുമ ഖുറേഷി, കിയാര അദ്വാനി, രുക്മിണി വസന്ത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. റിലീസിന് പിന്നാലെ തന്നെ ബോക്സ് ഓഫിസിൽ വൻ തരംഗം സൃഷ്ടിച്ച ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ സ്വന്തമാക്കുമെന്നാണ് ട്രേഡ് വൃത്തങ്ങളുടെ വിലയിരുത്തൽ.