Saturday, 25 July 2026 | 11:29 PM

Latest

വിജയ് പരാമർശം വിവാദമായി; തമിഴ്നാട്ടിൽ ധ്യാൻ ശ്രീനിവാസനെതിരെ പ്രതിഷേധം കടുക്കുന്നു

sreyas 19 July 2026 05:35 AM
വിജയ് പരാമർശം വിവാദമായി; തമിഴ്നാട്ടിൽ ധ്യാൻ ശ്രീനിവാസനെതിരെ പ്രതിഷേധം കടുക്കുന്നു

Highlights

 "ഇനി ധ്യാനിന് തമിഴ്നാട്ടിൽ കയറാൻ പറ്റില്ല. വിജയ് സാർ, എന്റെ കൂട്ടുകാരനോട് ക്ഷമിക്കണം," 

പുതിയ ചിത്രം 'വിസിറ്ററി'ന്റെ പ്രമോഷൻ ചടങ്ങിൽ നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ പരാമർശം തമിഴ്നാട്ടിൽ വിവാദമാകുന്നു. നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യെ പരോക്ഷമായി പരാമർശിച്ച പ്രസംഗത്തിനെതിരെയാണ് തമിഴ് ആരാധകരും ടി.വി.കെ. അനുയായികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ധ്യാൻ മാപ്പ് പറയുകയും പരാമർശം പിൻവലിക്കണമെന്നുമാണ് വിജയ് ആരാധകർ സോഷ്യൽ മീഡിയയിൽ വ്യാപകമായി ആവശ്യപ്പെടുന്നത്.

പരിപാടിക്കിടെ വിജയ്–തൃഷ സൗഹൃദത്തെ പരാമർശിച്ചുകൊണ്ട്, "ഞാൻ വിജയ്‌യെ പോലെ മുഖ്യമന്ത്രിയാകുമ്പോൾ നവ്യ നായർ പട്ടുസാരിയണിഞ്ഞ് നിറകണ്ണുകളുമായി മുൻനിരയിൽ ഉണ്ടാകണം" എന്നാണ് ധ്യാൻ തമാശരൂപത്തിൽ പറഞ്ഞത്. വേദിയിലുണ്ടായിരുന്ന നവ്യ നായർ ഇത് കേട്ട് ചിരിക്കുകയായിരുന്നു. പിന്നീട് സംസാരിക്കാനെത്തിയ നവ്യ, "ധ്യാൻ മുഖ്യമന്ത്രിയാകുന്ന ദിവസം ഞാൻ വെള്ള സാരിയണിഞ്ഞ് ഒന്നാം നിരയിൽ ഉണ്ടാകും" എന്ന് മറുപടി പറഞ്ഞതും ശ്രദ്ധേയമായി.

തന്റെ രാഷ്ട്രീയ മോഹങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ധ്യാൻ ഈ പരാമർശം നടത്തിയത്. വിജയ് രാഷ്ട്രീയ പാർട്ടി ആരംഭിച്ചതിന് പിന്നാലെ, അടുത്ത 15 വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം താൻ സുഹൃത്തായ അജു വർഗീസിനോട് തമാശയായി പറഞ്ഞിരുന്നുവെന്ന് ധ്യാൻ പറഞ്ഞു. അതിന് മറുപടിയായി, ആദ്യം 'അമ്മ' സംഘടനയുടെ പ്രസിഡന്റാകുകയും, വിജയ് ചെയ്യുന്നതുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനപിന്തുണ നേടുകയും ചെയ്ത ശേഷം മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ച് ചിന്തിക്കാമെന്നായിരുന്നു അജുവിന്റെ ഉപദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ഈ പരാമർശം വിവാദമാകുമെന്ന സൂചന അന്നേ അജു വർഗീസും നൽകിയിരുന്നു. "ഇനി ധ്യാനിന് തമിഴ്നാട്ടിൽ കയറാൻ പറ്റില്ല. വിജയ് സാർ, എന്റെ കൂട്ടുകാരനോട് ക്ഷമിക്കണം," എന്നായിരുന്നു അജുവിന്റെ തമാശ നിറഞ്ഞ പ്രതികരണം. ധ്യാൻ പ്രസംഗത്തിൽ തൃഷയുടെ പേര് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും, വിജയ്‌യുടെ ഭാവി സത്യപ്രതിജ്ഞാ ചടങ്ങിനെ പരിഹസിക്കുന്ന തരത്തിലാണ് പ്രസംഗമെന്ന ആരോപണമാണ് തമിഴ് ആരാധകർ ഉയർത്തുന്നത്. ഇതാണ് പ്രതിഷേധത്തിന് പ്രധാന കാരണം.

അതേസമയം, സോഷ്യൽ മീഡിയയിൽ ധ്യാനെ പിന്തുണച്ച് നിരവധി മലയാളികളും രംഗത്തെത്തി. "ഇതുപോലുള്ള ട്രോളുകൾക്ക് അവസരം ഉണ്ടാക്കിയത് വിജയ് തന്നെയാണ്", "തമാശയെ തമാശയായി കാണണം", "അജു അന്നേ ഇതിന്റെ ഫലം പറഞ്ഞിരുന്നു" തുടങ്ങിയ പ്രതികരണങ്ങളാണ് മലയാളികളിൽ നിന്ന് കൂടുതലായി പ്രത്യക്ഷപ്പെടുന്നത്.