Sunday, 26 July 2026 | 07:24 PM

Latest

ചുരുണ്ട മുടിയുള്ള സായ് പല്ലവി സീതയായി? സംശയം പ്രകടിപ്പിച്ച് രാമായണത്തിലെ മുൻ സീത

sreyas 26 July 2026 02:56 PM
ചുരുണ്ട മുടിയുള്ള സായ് പല്ലവി സീതയായി? സംശയം പ്രകടിപ്പിച്ച് രാമായണത്തിലെ മുൻ സീത

Highlights

തുളസീദാസിന്റെ രാമായണത്തിൽ സീതയ്ക്ക് ബദാം ആകൃതിയിലുള്ള കണ്ണുകൾ, നീണ്ട മുടി, നല്ല ഉയരം, തെളിഞ്ഞ നിറം എന്നിവയുള്ളതായി വിവരണമുണ്ടെന്നും ചുരുണ്ട മുടിയുള്ള സീതയെ അവിടെ പരാമർശിക്കുന്നില്ലെന്നും ദീപിക ചൂണ്ടിക്കാട്ടി.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിലെ സീതാ കഥാപാത്രമായി സായ് പല്ലവിയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് പ്രതികരണവുമായി രാമാനന്ദ് സാഗറിന്റെ പ്രശസ്ത ടെലിവിഷൻ പരമ്പരയായ രാമായണത്തിൽ സീതയെ അവതരിപ്പിച്ച നടി ദീപിക ചിഖാലിയ. സായ് പല്ലവി മികച്ച അഭിനേത്രിയാണെങ്കിലും, തുളസീദാസിന്റെ രാമായണത്തിൽ വിവരിക്കുന്ന സീതയുടെ രൂപവിവരണവുമായി അവർ എത്രത്തോളം യോജിക്കുന്നുവെന്നത് ചിത്രം പുറത്തിറങ്ങിയ ശേഷമേ വിലയിരുത്താനാകൂവെന്നാണ് ദീപികയുടെ അഭിപ്രായം.

വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയത്. സായ് പല്ലവിയുടെ അഭിനയത്തെ പ്രശംസിച്ച അവർ, സീതാ കഥാപാത്രത്തെ സായ് എങ്ങനെ അവതരിപ്പിക്കുമെന്നറിയാൻ താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പറഞ്ഞു. എന്നാൽ, തുളസീദാസിന്റെ രാമായണത്തിൽ സീതയ്ക്ക് ബദാം ആകൃതിയിലുള്ള കണ്ണുകൾ, നീണ്ട മുടി, നല്ല ഉയരം, തെളിഞ്ഞ നിറം എന്നിവയുള്ളതായി വിവരണമുണ്ടെന്നും ചുരുണ്ട മുടിയുള്ള സീതയെ അവിടെ പരാമർശിക്കുന്നില്ലെന്നും ദീപിക ചൂണ്ടിക്കാട്ടി.

"സിനിമ പുറത്തിറങ്ങും മുമ്പ് ആരെയും വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സായ് പല്ലവി മികച്ച നടിയാണ്. പക്ഷേ സീതയായി അവർ എങ്ങനെയുണ്ടാകുമെന്ന് ചിത്രം കണ്ടശേഷമേ പറയാനാകൂ," എന്നാണ് ദീപികയുടെ പ്രതികരണം.

ചിത്രത്തിൽ രാവണനായി എത്തുന്ന യാഷിനെക്കുറിച്ചും ദീപിക അനുകൂല അഭിപ്രായമാണ് പങ്കുവെച്ചത്. ആ കഥാപാത്രത്തെ യാഷ് മികച്ച രീതിയിൽ അവതരിപ്പിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ, പുതിയ രാമായണം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാമാനന്ദ് സാഗറിന്റെ ക്ലാസിക് പരമ്പരയുമായുള്ള അനിവാര്യമായ താരതമ്യമാണെന്നും ദീപിക വിലയിരുത്തി. വർഷങ്ങൾക്കുശേഷം പുതിയ അവതരണം വന്നിരുന്നെങ്കിൽ താരതമ്യം കുറയുമായിരുന്നുവെങ്കിലും, സാഗറിന്റെ രാമായണം ഇന്നും പ്രേക്ഷകമനസ്സിൽ പുതുമയോടെ നിലനിൽക്കുന്നതിനാൽ അത് സ്വാഭാവികമായി സംഭവിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ പ്രോജക്ടുകളിലൊന്നായി ഒരുങ്ങുന്ന നിതേഷ് തിവാരിയുടെ രാമായണം വമ്പൻ പ്രതീക്ഷകളോടെയാണ് എത്തുന്നത്. ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായി അഭിനയിക്കുമ്പോൾ യാഷ് രാവണനായി എത്തുന്നു. സായ് പല്ലവി സീതയായും രവി ദുബെ ലക്ഷ്മണനായും സണ്ണി ഡിയോൾ ഹനുമാനായും വേഷമിടുന്നു. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനുമാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ശ്രീധർ രാഘവൻ തിരക്കഥ ഒരുക്കുന്ന ചിത്രം ഹോളിവുഡ് നിലവാരത്തിലുള്ള നിർമ്മാണ മികവോടെയും ഐമാക്സ് ഫോർമാറ്റിനായുള്ള ചിത്രീകരണത്തോടെയുമാണ് ഒരുക്കുന്നത്.