Saturday, 01 August 2026 | 05:10 AM

Latest

'ചെയ്ഞ്ച്' ലഹരിക്കെതിരെ ഒരു ജനകീയ മലയാള സിനിമ

ജി. കൃഷ്ണന്‍ 05 May 2026 12:30 PM
'ചെയ്ഞ്ച്' ലഹരിക്കെതിരെ ഒരു ജനകീയ മലയാള സിനിമ

ലയാള സിനിമയില്‍ ഒരുമാറ്റം ആവശ്യമാണ്. ഒരു ചെയ്ഞ്ച്. മലയാള സിനിമയിലെന്നല്ല, നമ്മുടെ സമൂഹത്തിന് പോലും ഒരു ചെയ്ഞ്ച് ആവശ്യമുള്ള ഒരു സമയമാണിപ്പോള്‍.

മദ്യവും ലഹരിമരുന്നുകളുടെ ഉപയോഗവും ഒക്കെയായി നമ്മുടെ പുതിയ തലമുറ പൈശാചികമായ ഒരവസ്ഥയിലാണ് കടന്നുപോകുന്നത്. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പ് ശക്തമായില്ലെങ്കില്‍, പൂര്‍ണ്ണമായും അടിച്ചമര്‍ത്തിയില്ലെങ്കില്‍ വലിയ ഒരു വിപത്തിന് നമ്മള്‍ സാക്ഷികളാകേണ്ടിവരും.

മന്ത്രിതലത്തില്‍നിന്നും പോലീസിലെ ഉന്നതഉദ്യോഗസ്ഥരില്‍നിന്നുമെല്ലാം ഇപ്പോള്‍ വളരെ ഊര്‍ജ്ജിതമായുള്ള ഒരു പോരാട്ടം നടന്നുവരുന്നുണ്ട്. അതിന്‍റെ വലിയ ഒരു സന്ദേശം ഇന്നത്തെ സമൂഹത്തിന്, പ്രത്യേകിച്ചും യുവതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന ഒരു സിനിമയാണ് ചെയ്ഞ്ച്. 

നിതീഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പൂജാ ചടങ്ങ് ഇക്കഴിഞ്ഞ ഏപ്രില്‍ 15 ന് തൃശ്ശൂര്‍ കേരളസാഹിത്യ അക്കാഡമി ഹാളില്‍ വച്ചുനടന്നു. ചടങ്ങിന്‍റെ ഉദ്ഘാടനം തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. ജില്ലാ സബ് ജഡ്ജി സരിത രവീന്ദ്രന്‍ മൂവി ക്യാമറയുടെ സ്വിച്ചോണ്‍ ചെയ്തു.  തൃശ്ശൂരിലെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ബിജോയ്, ഗ്രേഡ് എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍ അബ്ദുള്‍ ബാസിത് എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.

നടന്മാരായ ശിവജി ഗുരവായൂര്‍, ജോണ്‍സണ്‍ മഞ്ഞളി, രജിത്കുമാര്‍, ദാസ് കോഴിക്കോട് തുടങ്ങിയവര്‍ ആശംസകള്‍ നല്‍കി പ്രസംഗിച്ചു. സംവിധായകന്‍ നിധീഷ് കെ. നായര്‍ അദ്ധ്യക്ഷനായിരുന്നു. നിര്‍മ്മാണം -തൃശ്ശൂര്‍. ചെയ്ഞ്ച് എന്ന ഈ സിനിമയുടെ രചന നിര്‍വ്വഹിക്കുന്നത് സുധീഷ് പെരുമ്പിള്ളി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോണ്‍സണ്‍ മഞ്ഞളി.

ലഹരിക്കെതിരെ ഒരു ജനകീയ മലയാളസിനിമ എന്ന ടാഗ് ലൈനോടുകൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ഈ സിനിമയുടെ ചിത്രീകരണം തൃശ്ശൂരിലും പരിസരങ്ങളിലുമായി നടക്കും.

Tags
Change