Wednesday, 29 July 2026 | 08:28 AM

Interviews

തമിഴില്‍ തിളങ്ങി ആവണി

ബിന്ദു പി.പി 05 May 2026 12:30 PM
തമിഴില്‍ തിളങ്ങി ആവണി

 

അമ്മ അഞ്ജലി നായര്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഒരാളായതുകൊണ്ട് ചെറുപ്പം മുതല്‍ സിനിമാസെറ്റുകള്‍ പരിചിതമാണ്. തമിഴ്ചിത്രം വിക്രം നായകനായ വീര ധീര സൂരനില്‍ സുരാജ് വെഞ്ഞാറമ്മൂടിനും മാലാപാര്‍വ്വതിയ്ക്കുമൊപ്പം മലയാളത്തില്‍നിന്ന് ആവണി അഞ്ജലിനായര്‍ കൂടിയുണ്ടായിരുന്നു. സൂര്യാചിത്രം റെട്രോയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തന്‍റെ സിനിമാജീവിതത്തെക്കുറിച്ച് ആവണി സംസാരിക്കുന്നു.

വിക്രം സാറിനൊപ്പമുള്ള ആദ്യസീന്‍

വിക്രം സാര്‍ കൂളായ മനുഷ്യനാണെങ്കിലും അദ്ദേഹത്തോടൊപ്പമുള്ള ആദ്യഷോട്ട് എടുക്കുമ്പോള്‍ ടെന്‍ഷന്‍ തോന്നി. ആദ്യമായാണ് ഇത്രയും വലിയൊരു താരത്തിനൊപ്പം അഭിനയിക്കുന്നത്. ഒരുമിച്ചുള്ള കോമ്പിനേഷന്‍ സീനില്‍ ഞാനും ഇന്‍പുട്ട് കൊടുത്തില്ലെങ്കില്‍ ആ സീനിന്‍റെ ഡെപ്ത് നഷ്ടപ്പെടുമല്ലോ. അതുകൊണ്ട് അത്യാവശ്യം നല്ല രീതിയില്‍ ഒരു സീനിനെക്കുറിച്ച് പഠിച്ചതിനുശേഷം മാത്രമായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ നിന്നിരുന്നത്.

വിക്രം സാറാണെങ്കില്‍ നമ്മളെ ഞെട്ടിക്കും. ഹായ് എന്നുപറയേണ്ട ഒരു സീനാണെങ്കില്‍ വിക്രം സാര്‍ അവിടെ 'ഹലോ ഹായ്' എന്നൊക്കെ പറഞ്ഞു പോകും. പെട്ടെന്ന് ഇംപ്രൊവൈസ് ചെയ്യുമ്പോള്‍ ഓപ്പോസിറ്റ് നില്‍ക്കുന്ന ആളും അതനുസരിച്ച് തയ്യാറെടുക്കണം. വിക്രം സാറില്‍ നിന്ന് അതെല്ലാം കണ്ടുപഠിക്കാന്‍ ശ്രമിച്ചു. അതുപോലെ അദ്ദേഹം ഫൈറ്റ് രംഗങ്ങള്‍ക്കെല്ലാം എടുക്കുന്ന എഫര്‍ട്ട് കണ്ടുപഠിക്കേണ്ടതാണ്.

തമിഴില്‍ തിളങ്ങാന്‍

രജനിസാറിന്‍റെ അണ്ണാത്തെയിലാണ് ആദ്യമായി തമിഴില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. അതൊരു പാട്ട് സീനില്‍ മാത്രമാണ്. അരുണ്‍ സാര്‍ വീര ധീര സൂരനുവേണ്ടി വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു. വിക്രം സാറും അവിടെ വന്നിരുന്നു. സീനുകള്‍ അഭിനയിപ്പിച്ചിരുന്നു. കുറെയൊക്കെ ശരിയാക്കിയെങ്കിലും കുറെയൊക്കെ തെറ്റിക്കുകയും ഒപ്പം കണ്‍ഫ്യൂഷന്‍സും ഉണ്ടായിരുന്നു. വര്‍ക്ക്ഷോപ്പ് കഴിഞ്ഞു കൊച്ചിയില്‍ എത്തിയപ്പോഴും എനിക്ക് ആ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ എന്ന് മാത്രമായിരുന്നു ആഗ്രഹം. അമ്മയോട് അത് കിട്ടിയോയെന്ന് തിരക്കാനൊക്കെ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അത് കിട്ടിയെന്നറിഞ്ഞപ്പോള്‍ ഹാപ്പിയായി.

തമിഴ് വലിയ രീതിയില്‍ അറിയാത്തതിന്‍റെ പ്രശ്നം ഉണ്ടായിരുന്നു. പക്ഷേ അത് പഠിച്ചെടുക്കാന്‍ അടുത്തുള്ള ചെറിയ കടകളിലെല്ലാം പോയി തമിഴ് സംസാരിക്കുമായിരുന്നു. വീട്ടിലും തമിഴ് സംസാരിക്കുമായിരുന്നു. ആദ്യഷോട്ട് എടുക്കാന്‍ അരുണ്‍ സാര്‍ വന്ന് തമിഴില്‍ എന്തോ പറഞ്ഞത് പെട്ടെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും ഓരോ വാക്കുകള്‍ എടുത്ത് മനസ്സിലാക്കിയാണ് ചെയ്തത്. എനിക്ക് ഏത് ഭാഷയാണെങ്കിലും പഠിക്കാന്‍ ഇഷ്ടമാണ്. 

അഭിനയിക്കാന്‍ അത്രമാത്രം ഇഷ്ടമായതുകൊണ്ട് ഏത് ഭാഷ എന്നത് ഒരു തടസ്സമല്ല. വീര ധീര സൂരന്‍റെ ഷൂട്ടിംഗ് കഴിഞ്ഞതിനുശേഷം ഒരു ഓട്ടോഗ്രാഫ് പോലെ മറ്റുള്ളവരില്‍ നിന്ന് എഴുതി വാങ്ങിയിരുന്നു. അതില്‍ സംവിധായകന്‍ അരുണ്‍ സാര്‍ അദ്ദേഹത്തിന്‍റെ ജോലി ഞാന്‍ കുറച്ചുകൂടി എളുപ്പമാക്കി എന്നുപറഞ്ഞത് സന്തോഷം തോന്നി.

സൂര്യ സാറിനൊപ്പം റെട്രോ

സൂര്യസാറിന്‍റെ റെട്രോയില്‍ ഒരു സുപ്രധാന വേഷം ചെയ്തു. അദ്ദേഹവും വളരെ കൈന്‍ഡ് ആയ വ്യക്തിത്വമാണ്. നല്ലൊരു അനുഭവമായിരുന്നു. ഒന്നിച്ചു ഫോട്ടോയെല്ലാം എടുത്തു. ഇനി ഏറെ പ്രതീക്ഷയുള്ള ഒരു പ്രോജക്ടാണത്.

അജുച്ചേട്ടന്‍ അന്ന് പറഞ്ഞത്

ഫീനിക്സ് എനിക്ക് മലയാളത്തില്‍ ഒരു സ്പേസ് തന്ന സിനിമയാണ്. അതിലെ കഥാപാത്രത്തിനുവേണ്ടി എടുത്ത എഫര്‍ട്ട് വിജയിച്ചെന്ന് പറയാം. അതിലെ ക്ലൈമാക്സ് സീനിലെ പെര്‍ഫോമന്‍സ് കണ്ട് അമ്മയോട് അജുച്ചേട്ടന്‍ ചോദിച്ചിരുന്നു. അഭിനയിക്കാന്‍ എന്ത് മരുന്നാണ് കൊടുക്കുന്നതെന്ന്.

തിരഞ്ഞെടുപ്പുകള്‍ അമ്മയുമൊത്ത്

അമ്മ അഞ്ജലി നായര്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഒരാളായതുകൊണ്ട് ചെറുപ്പം മുതല്‍ സിനിമാസെറ്റുകള്‍ പരിചിതമാണ്. അമ്മയുടെ സെലക്ഷനില്‍ ഞാന്‍ അഭിപ്രായം പറയാറുണ്ട്. അമ്മ ചെയ്തതില്‍ തമിഴ്ചിത്രം ചിത്തയിലെ വേഷം പ്രിയപ്പെട്ടതാണ്. എനിക്ക് വരുന്ന സിനിമകളില്‍ ലൊക്കേഷന്‍ എവിടെയാണെന്നൊക്കെ നോക്കിയാണ് അമ്മ ഓക്കെ പറയാറുള്ളത്. ഞാനാണെങ്കില്‍ ആ കഥാപാത്രത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ടോ എന്നൊക്കെ നോക്കിയാണ് തിരഞ്ഞെടുക്കാറുള്ളത്.

Tags
avani anjali nair