Sunday, 26 July 2026 | 03:00 AM

Interviews

'അടി കപ്യാരെ കൂട്ടമണി' എന്ന സിനിമയാണ് ഞാന്‍ സ്വതന്ത്രമായി ചെയ്ത ആദ്യ സിനിമ... -അജയ് ഡേവിഡ് കാച്ചപ്പിള്ളി

ജി. കൃഷ്ണന് 06 July 2026 06:30 AM
'അടി കപ്യാരെ കൂട്ടമണി'  എന്ന സിനിമയാണ് ഞാന്‍ സ്വതന്ത്രമായി  ചെയ്ത ആദ്യ സിനിമ... -അജയ് ഡേവിഡ് കാച്ചപ്പിള്ളി

Highlights

ഒരു സിനിമാ നിര്‍മ്മാതാവിന്‍റെ മകന് എട്ട് വയസ്സ് പ്രായം. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അപ്പന്‍ അന്നെ മകനോട് പറയുമായിരുന്നു. മോനെ, നീ വലുതാകുമ്പോള്‍ ഒരു മൂവിക്യാമറാമാനായി മാറുമെന്ന്... ആ അപ്പനും മകനും മറ്റാരുമല്ല പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയും മൂവി ക്യാമറാമാന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയുമാണ്. 

 

ഈ വാക്കുകള്‍ ഇടയ്ക്കിടെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. എട്ടുവയസ്സുള്ള ആ പ്രായത്തില്‍ മകന് സിനിമയെക്കുറിച്ചോ സിനിമയുടെ ഫോട്ടോഗ്രാഫിയെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. എങ്കിലും അപ്പന്‍റെ ഈ ആഗ്രഹം പറച്ചില്‍ പതിവായതുകൊണ്ടായിരിക്കാം ആ കുഞ്ഞു പ്രായത്തില്‍ കേട്ടുകൊണ്ടിരുന്ന കാര്യം മുതിര്‍ന്നപ്പോഴും മനസ്സിനെ മഥിച്ചുതുടങ്ങിയിരുന്നു. 

അപ്പന്‍ സിനിമാനിര്‍മ്മാതാവയതുകൊണ്ടുതന്നെ വീട്ടില്‍ സിനിമാവര്‍ത്തമാനങ്ങള്‍ സദാസമയവും ഉണ്ടായിരുന്നു. ആ കേള്‍വികളും ഈ മകനെ സിനിമയോടും ഫോട്ടോഗ്രാഫിയോടുമൊക്കെ അടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

ആ അപ്പനും മകനും മറ്റാരുമല്ല പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയും മൂവി ക്യാമറാമാന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയുമാണ്. അരനൂറ്റാണ്ടുകാലമായി മലയാള സിനിമാരംഗത്ത് പ്രവര്‍ത്തനപരിചയം നേടിയ ആളാണ് ഡേവിഡ് കാച്ചപ്പിള്ളി. 

ഒരു മൂവി ക്യാമറാമാനെന്ന നിലയില്‍ ഇപ്പോള്‍ സജീവസാന്നിദ്ധ്യമറിയിക്കുന്ന അജയ് ഡേവിഡ് കാച്ചപ്പിള്ളി 'നാന'യോട് സംസാരിക്കുന്നു. ജഗന്‍ ഷാജികൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന പുതിയ ചിത്രത്തിന്‍റെ തൊടുപുഴയിലെ ഒരു ലൊക്കേഷനില്‍ വച്ചാണ് ഞങ്ങളുടെ അഭിമുഖസംഭാഷണം നടന്നത്.

സിനിമയോടും ഫോട്ടോഗ്രാഫിയോടുമുള്ള താല്‍പ്പര്യങ്ങള്‍ എങ്ങനെയായിരുന്നുവെന്ന പ്രഥമചോദ്യത്തിന് അജയ് മറുപടി നല്‍കി.

'വളരെ ചെറുപ്പം മുതലെ സിനിമയോട് എനിക്ക് ക്രേസുണ്ടായിരുന്നു. റിലീസാകുന്ന എല്ലാ സിനിമകളും കാണാനുള്ള ഇന്‍ററസ്റ്റ് എനിക്കുണ്ടായിരുന്നു. സിനിമ ഹിറ്റാണോ, ഫ്ളോപ്പാണോ എന്നൊന്നും നോക്കാറില്ല. അഭിനേതാക്കള്‍ ആരൊക്കെയെന്ന് നോക്കിയിട്ടായിരുന്നില്ല ഞാന്‍ സിനിമ കാണാന്‍ പൊയ്ക്കൊണ്ടിരുന്നത്. 

ബിഹൈന്‍ ദി ക്യാമറ ആരൊക്കെയാണെന്നറിയാനും അതൊക്കെ ശ്രദ്ധിക്കാനും മനസ്സിലാക്കാനുമായിരുന്നു എനിക്കുള്ള താല്‍പ്പര്യം. ആരാണ് ഡയറക്ടര്‍, ആരാണ് സ്ക്രിപ്റ്റ്, ആരാണ് പ്രൊഡക്ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ എനിക്ക് ചെറുപ്പം മുതല്‍ ഇന്‍ററസ്റ്റുണ്ടായിരുന്നു.

എങ്ങനെയാണ് മൂവിക്യാമറാ രംഗത്തേയ്ക്ക് കടന്നുവന്നത്?

ഞാന്‍ പ്ലസ് ടു കഴിഞ്ഞിട്ട് വിഷ്വല്‍ കമ്മ്യൂണിക്കേഷനാണ് പഠിച്ചത്. ചെന്നൈയിലെ കോളേജില്‍. അടുത്ത പഠനം ഫൈനല്‍ ഇയര്‍ ആയപ്പോള്‍ തന്നെ ഞാന്‍ തീരുമാനമെടുത്തിരുന്നു. എന്‍റെ കരിയര്‍ സിനിമയില്‍ ഫോട്ടോഗ്രാഫി രംഗത്തായിരിക്കുമെന്ന്. പഠനം പൂര്‍ത്തിയാക്കി കോളേജില്‍ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ ഒരു ഷോര്‍ട്ട്ഫിലിം ചെയ്തിരുന്നു. അത് ക്യാമറാമാന്‍ വേണുസാറിനെ കാണിക്കുകയും അദ്ദേഹത്തിനത് ഇഷ്ടമാകുകയും ചെയ്തു.
വേണുസാറിനൊപ്പം 'മാടമ്പി' എന്ന സിനിമയിലാണ് ഞാനാദ്യം ജോയിന്‍ ചെയ്യുന്നത്.

ഒരു ഫുള്‍ മൂവി ഞാന്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തത് 'ടു ഹരിഹര്‍ നഗര്‍' എന്ന സിനിമയായിരുന്നു. ആ സിനിമ മുതല്‍ 'മുന്നറിയിപ്പ്' എന്ന സിനിമ വരെ ഞാന്‍ വേണു സാറിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്.
വേണു സാറിനൊപ്പം പിന്നീട് ഞാന്‍ ഭാഗ്യദേവത, ഇന്‍ ഗോസ്റ്റ് ഹൗസ്, പ്രാഞ്ചിയേട്ടന്‍ ആന്‍റ് സെയിന്‍റ്, സ്പിരിറ്റ്, സെല്ലുലോയ്ഡ് തുടങ്ങിയ സിനിമകളിലും വര്‍ക്ക് ചെയ്തിട്ടുണ്ട്. ആദ്യത്തെ നാല് സിനിമകളില്‍ അസിസ്റ്റന്‍റ് ക്യാമറാമാനായിരുന്നു. തുടര്‍ന്നുള്ള സിനിമകളില്‍ അസോസിയേറ്റ് ക്യാമറാമാനായി.

വേറെ ആര്‍ക്കൊപ്പമൊക്കെ വര്‍ക്ക് ചെയ്തു?

വേണുസാറിന്‍റെ കൂടെ തന്നെ വര്‍ക്ക് ചെയ്തിട്ടുള്ള ക്യാമറാമാന്‍ വിഷ്ണുനാരായണനൊപ്പം സക്കറിയയുടെ ഗര്‍ഭിണികള്‍, ആട്, വെള്ളിമൂങ്ങ തുടങ്ങിയ സിനിമകള്‍ക്കുവേണ്ടി അസോസിയേറ്റ് ക്യാമറാമാനായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു വെക്കേഷന്‍ ടൈമില്‍ സുധി എന്ന ക്യാമറാമാന്‍റെ ഒപ്പവും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

അജയ് ഇന്‍ഡിപെന്‍റന്‍റായി വര്‍ക്ക് ചെയ്ത സിനിമ ഏതാണ്? ആദ്യ സിനിമയുടെ ഫോട്ടോഗ്രാഫിയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

അടി കപ്യാരെ കൂട്ടമണി എന്ന സിനിമയാണ് ഞാന്‍ സ്വതന്ത്രമായി ചെയ്ത ആദ്യ സിനിമ. ആ സിനിമയുടെ ഡയറക്ടര്‍ ജോണ്‍ ആയിരുന്നു. ജോണിന്‍റെയും ആദ്യസിനിമയായിരുന്നു അത്. സ്ഥിരം കണ്ടുവരുന്ന ശൈലി അല്ലാതെ മേക്കിംഗില്‍ ഒരു പുതുമയും വ്യത്യസ്തതയും ഒക്കെ വേണമെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടാണ് ആ സിനിമ ചെയ്തത്.

ആക്ച്വലി ഞാനായിരുന്നില്ല ആ സിനിമയ്ക്കുവേണ്ടി തീരുമാനിച്ചിരുന്ന ക്യാമറാമാന്‍. മറ്റൊരു സിനിമയായിരുന്നു ഞാന്‍ പ്ലാന്‍ ചെയ്തുകൊണ്ടിരുന്നത്. അത് തുടങ്ങുവാന്‍ ഡിലെ വന്നുകൊണ്ടിരിക്കുമ്പോഴാണ് പ്രൊഡ്യൂസര്‍ സാന്ദ്രാതോമസ് എന്നെ വിളിക്കുന്നത്. അപ്പോള്‍ അടി കപ്യാരെ കൂട്ടമണി എന്ന സിനിമയുടെ ഷൂട്ട് ഒരു ദിവസം നടന്നുകഴിഞ്ഞിരുന്നു. അതിന് ഫിക്സ് ചെയ്തിരുന്ന ക്യാമറാമാന് എന്തോ കാരണത്താല്‍ തുടരാന്‍ കഴിഞ്ഞില്ല.

ഈ സിനിമയുടെ കഥ കേട്ടിട്ടില്ല, സ്ക്രിപ്റ്റ് വായിച്ചിട്ടില്ല, ഒരു പ്രിപ്പറേഷനും ഇല്ലാതിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു സിനിമ വര്‍ക്ക് ചെയ്യാന്‍ കഴിയുമോയെന്ന് ചോദിച്ചുകൊണ്ടുള്ള വിളി വന്നത്. സ്ക്രിപ്റ്റ് അയച്ചുതരാന്‍ പറഞ്ഞു, സ്ക്രിപ്റ്റ് കിട്ടിയപ്പോള്‍ ഹ്യൂമറില്‍ പറഞ്ഞുപോകുന്ന സിനിമ. വര്‍ക്ക് ചെയ്യാമെന്ന് തോന്നി. 

ഞാന്‍ വേണുസാറിനെ വിളിച്ച് എന്തുചെയ്യണമെന്ന് ചോദിച്ചിരുന്നു. ടെന്‍ഷന്‍ വേണ്ട, ധൈര്യമായി പോയി ചെയ്യാനാണ് വേണു സാര്‍ പറഞ്ഞത്. സ്ക്രിപ്റ്റും ഡയറക്ടറും ഓക്കെ ആണെങ്കില്‍ ധൈര്യമായി ചെയ്തുകൊള്ളാനാണ് സാര്‍ അഭിപ്രായപ്പെട്ടത്.

തുടര്‍ന്നുചെയ്ത സിനിമകളെക്കുറിച്ച്?

ഞങ്ങളുടെ തന്നെ ഓണ്‍ പ്രൊഡക്ഷനായ വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'മരുഭൂമിയിലെ ആന' ചെയ്തു. അതുകഴിഞ്ഞ് ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത വികടകുമാരന്‍ ചെയ്തിരുന്നു. അതിനുശേഷം ജോഷിസാറിന്‍റെ സിനിമകള്‍ക്കുവേണ്ടിയും ഞാന്‍ ക്യാമറാമാനായി പ്രവര്‍ത്തിച്ചു.

Tags
Ajay David Kachappilly David Kachappilly adi kapyare kootamani