Sunday, 26 July 2026 | 06:17 PM

Latest

പ്രിയേട്ടന് എന്നെക്കുറിച്ച് അക്ഷരാർത്ഥത്തിൽ അറിയാം; 38 വർഷങ്ങൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയ സന്തോഷം പങ്കുവെച്ച് ലിസി

sreyas 05 July 2026 05:49 AM
പ്രിയേട്ടന് എന്നെക്കുറിച്ച് അക്ഷരാർത്ഥത്തിൽ അറിയാം; 38 വർഷങ്ങൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയ സന്തോഷം പങ്കുവെച്ച് ലിസി

Highlights

സെറ്റിൽ എത്തിയപ്പോൾ എനിക്ക് ഗൃഹാതുരത്വം തോന്നി

മുപ്പത്തിയെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് നടി ലിസി. സംവിധായകൻ പ്രിയദർശൻ ഒരുക്കുന്ന കല്യാൺ ജ്വല്ലേഴ്സിന്റെ പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിൽ പ്രിയദർശനോട് ലിസി നന്ദി അറിയിച്ചു. സെറ്റിൽ എത്തിയപ്പോൾ പരിഭ്രമമുണ്ടായിരുന്നില്ലെന്നും, തന്റെ ശക്തിയും ദൗർബല്യവും ഉൾപ്പെടെ എല്ലാ മുഖഭാവങ്ങളും ഏറ്റവും നന്നായി അറിയുന്ന വ്യക്തിയാണ് പ്രിയദർശനെന്നും ലിസി കുറിച്ചു. അതുകൊണ്ടുതന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചുവരവ് ആത്മവിശ്വാസത്തോടെയായിരുന്നുവെന്നും അവർ പറഞ്ഞു.

പരസ്യചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മകൾ കല്യാണി പ്രിയദർശനോടൊപ്പം അഭിനയിക്കാനായതാണെന്ന് ലിസി വ്യക്തമാക്കി. ചിത്രത്തിൽ കല്യാണിയുടെ റീൽ അമ്മയായാണ് ലിസി എത്തുന്നത്. യഥാർഥ ജീവിതത്തിലെ അമ്മയും മകളും ആദ്യമായി ഒരേ ഫ്രെയിമിൽ എത്തുന്നതിന്റെ സന്തോഷവും അവർ പങ്കുവച്ചു.

പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ പരസ്യചിത്രത്തിൽ നടൻ പ്രഭു ഗണേശനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ലിസിയുടെ തിരിച്ചുവരവും കുടുംബത്തിന്റെ ഈ അപൂർവ സംഗമവും ആരാധകരിൽ ഇതിനോടകം വലിയ ആവേശവും ചർച്ചയും സൃഷ്ടിച്ചിട്ടുണ്ട്.

ലിസിയുടെ വാക്കുകൾ:

‘പ്രിയേട്ടനൊപ്പം അവസാനം പ്രവർത്തിച്ചിട്ട് 38 വർഷമായിരിക്കുന്നു, അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ അതിയായ സന്തോഷത്തിലാണ്. ഞങ്ങൾ അവസാനമായി ഒരുമിച്ചഭിനയിച്ച സിനിമ 'ചിത്രം' ആയിരുന്നു. ഇതിലെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, കല്യാൺ ജൂവലേഴ്സിന്റെ ഈ പരസ്യചിത്രത്തിൽ ഞാൻ എന്റെ മകൾ കല്യാണി പ്രിയദർശന്റെ ‘റീൽ’ അമ്മയായി എത്തുന്നു എന്നതാണ്.


പ്രിയേട്ടന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അഭിലാഷ്, ഇത്രയും വർഷങ്ങൾക്ക് ശേഷം സെറ്റിൽ പരിഭ്രമം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഇല്ല എന്ന്. കാരണം, പ്രിയേട്ടന് എന്നെക്കുറിച്ച് അക്ഷരാർത്ഥത്തിൽ അറിയാം; എന്റെ മികച്ചതും മോശവുമായ മുഖഭാവങ്ങൾ വരെ അദ്ദേഹത്തിനറിയാം, എന്നെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് അറിയാം. ഇത് കേട്ടപ്പോൾ പ്രിയേട്ടൻ തമാശയായി പറഞ്ഞു, 'അവളുടെ നല്ലതും ചീത്തയുമായ സ്വഭാവങ്ങളും എനിക്കറിയാം’. സെറ്റിൽ എത്തിയപ്പോൾ എനിക്ക് ഗൃഹാതുരത്വം തോന്നി. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞത് അടക്കിപ്പിടിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. മുഴുവൻ ഷൂട്ടും ഒരു ആഘോഷം പോലെയായിരുന്നു.

പ്രിയേട്ടനും കല്യാണിക്കും ഒപ്പം പ്രവർത്തിക്കാൻ ലഭിച്ച ഈ മികച്ച അവസരത്തിന് കല്യാൺ ജൂവലേഴ്സിനോട് ഞാൻ അഗാധമായി നന്ദി പറയുന്നു . എന്റെ മനസ്സു നിറയെ പല വികാരങ്ങളാണ്. എന്റെ ജീവിതം ഒരു പൂർണ്ണ വൃത്തം പൂർത്തിയാക്കിയപോലെ. എന്റെ പ്രിയപ്പെട്ട ആരാധകരേ, പ്രേക്ഷകരേ, നിങ്ങളുടെ സ്നേഹവും പ്രാർത്ഥനകളും പിന്തുണയും എനിക്ക് ആവശ്യമാണ്’, ലിസിയുടെ വാക്കുകൾ.

ലിസിയുടെ പോസ്റ്റിന് നിരവധി താരങ്ങൾ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. ദുൽഖർ സൽമാൻ, റിമി ടോമി, നമിത പ്രമോദ്. മായ മോഹൻലാൽ, നസ്രിയ. നസ്​ലെൻ,സുഹാസിനി മണിരത്നം, മീന, ബാലചന്ദ്രമേനോൻ തുടങ്ങി നിരവധി താരങ്ങൾ പോസ്റ്റിന് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.