ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവം ഇന്നും മറക്കാനായില്ല; ആ ട്രോമ കാരണം സീരിയലുകൾ ഒഴിവാക്കുന്നു: അഞ്ജു അരവിന്ദ്
Highlights
സംവിധായകൻ സിബി മലയിൽ ഒരുക്കിയ 'അക്ഷരം' എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അരവിന്ദ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധേയ സാന്നിധ്യമായ നടിയും നർത്തകിയുമായ അഞ്ജു അരവിന്ദ്, ഒരു സീരിയൽ ചിത്രീകരണത്തിനിടെ നേരിട്ട മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
സംവിധായകൻ സിബി മലയിൽ ഒരുക്കിയ 'അക്ഷരം' എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അരവിന്ദ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളിലും സീരിയലുകളിലും സജീവമായിരുന്നു.
'സുധാമണി സുഭ്രം' എന്ന സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് തനിക്ക് ഏറ്റവും വലിയ മാനസിക സമ്മർദ്ദം നേരിടേണ്ടി വന്നതെന്ന് അഞ്ജു പറയുന്നു. താൻ എപ്പോഴും സമയനിഷ്ഠ പാലിക്കുന്ന ആളായിരുന്നിട്ടും, ഷൂട്ടിംഗ് ലൊക്കേഷനിൽ നിരന്തരം വൈകിയാണ് എത്തുന്നതെന്ന ആരോപണം ഉയർന്നിരുന്നുവെന്നും സംവിധായകന്റെ ചില പെരുമാറ്റങ്ങൾ തന്നെ മാനസികമായി തളർത്തിയെന്നും താരം വെളിപ്പെടുത്തി.
ആ അനുഭവത്തിന്റെ ആഘാതം ഇന്നും വിട്ടുമാറിയിട്ടില്ലെന്നും അതുകൊണ്ടാണ് പുതിയ സീരിയലുകൾ ഏറ്റെടുക്കാതിരിക്കുന്നതെന്നും അഞ്ജു വ്യക്തമാക്കി.
"അഹങ്കാരം കൊണ്ടല്ല ഞാൻ സീരിയലുകൾ ഒഴിവാക്കുന്നത്. കഴിഞ്ഞ സീരിയലിൽ നിന്നുണ്ടായ ട്രോമ മറക്കുന്നതുവരെ പുതിയ പ്രോജക്ടുകൾ സ്വീകരിക്കില്ലെന്നാണ് ഞാൻ പറഞ്ഞത്. 33 വർഷത്തെ കരിയറിൽ ഒരിക്കലും മറക്കാനാകാത്ത ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു അത്. എന്ത് സംഭവിച്ചാലും 'അഞ്ജു ലേറ്റായി' എന്നായിരുന്നു ആരോപണം. എന്നെ അടുത്തറിയുന്നവർക്ക് അറിയാം, രണ്ട് മിനിറ്റിനുള്ളിൽ സാരിയുടുത്ത് റെഡിയാകുന്ന ആളാണ് ഞാൻ. മേക്കപ്പ് കഴിഞ്ഞ സമയം മുതൽ കാറിൽ കയറുന്ന നിമിഷം വരെ ഓരോ അപ്ഡേറ്റും നൽകേണ്ട സാഹചര്യം ആ ലൊക്കേഷനിലാണ് ആദ്യമായി ഉണ്ടായത്," എന്നാണ് അഞ്ജു അരവിന്ദ് അഭിമുഖത്തിൽ പറഞ്ഞത്.