"ഞാൻ ഡോക്ടർ ആണ്, ആളുകളെ ചികിത്സിക്കാൻ അവസരം ലഭിച്ചിട്ടില്ല"; നടി ഐശ്വര്യ ലക്ഷ്മി ജീവിതം പറയുന്നു
Highlights
ജോജു ജോർജ്, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ആശ'യാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം
മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ഇന്ന് ദക്ഷിണേന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയ താരം, തുടർന്ന് 'മായാനദി', 'വരത്തൻ' തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടി. പിന്നീട് തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്റെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന ഐശ്വര്യ ലക്ഷ്മി, അതിനുശേഷം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നില്ല. ഇപ്പോഴിതാ എംബിബിഎസ് പഠനകാലത്തെ അനുഭവങ്ങളും ഡോക്ടറാകാനുള്ള യാത്രയും സംബന്ധിച്ച് താരം പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എംബിബിഎസ് ബിരുദം നേടിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ഡോക്ടറെന്ന നിലയിൽ രോഗികളെ ചികിത്സിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. അഭിനയരംഗത്തേക്കുള്ള തിരക്കേറിയ യാത്രയ്ക്കിടയിലും തന്റെ മെഡിക്കൽ പഠനത്തെക്കുറിച്ചുള്ള ഓർമ്മകൾ താരം അഭിമുഖത്തിൽ പങ്കുവെച്ചത് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
"ഞാൻ ഡോക്ടർ ആണ്. ഞാൻ എന്റെ എംബിബിസ് പഠനം പൂർത്തിയാക്കി. പക്ഷെ അതുകഴിഞ്ഞു ആളുകളെ ചികിത്സിക്കാൻ അവസരം ലഭിച്ചിട്ടില്ല. കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്. എനിക്ക് ഡോക്ടർ ആയി ഇരിക്കാൻ വളരെ ഇഷ്ടമാണ്. പക്ഷെ വളരെ യാദൃശ്ചികമായി നടി ആയി പോയതാണ്. ദൈവത്തിന്റെ പ്ലാൻ ആണ് അത്. ഡോക്ടർ ആകുന്നത് എളുപ്പമുള്ള കാര്യമല്ല, മിനിമം 8 വർഷം എങ്കിലും വേണം." ഐശ്വര്യ ലക്ഷ്മി പറയുന്നു.
മണി രത്‌നം- കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ തഗ് ലൈഫ് എന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു. ചന്ദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി എത്തിയത്. ഗട്ട ഗുസ്തി എന്ന ചിത്രമായിരുന്നു ഐഷ്വര്യ ലക്ഷ്മിയുടേതായി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം. അതേസമയം ജോജു ജോർജ്, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ആശ'യാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു.