Monday, 27 July 2026 | 06:53 AM

Latest

'ദി ഒഡീസി' എച്ച്ഡി പതിപ്പ് ഇന്റർനെറ്റിൽ പ്രചരിച്ചു

sreyas 27 July 2026 05:20 AM
'ദി ഒഡീസി' എച്ച്ഡി പതിപ്പ് ഇന്റർനെറ്റിൽ പ്രചരിച്ചു

Highlights

ലിങ്ക് നിമിഷങ്ങൾക്കകം വൈറലാകുകയും നീക്കം ചെയ്യുന്നതിന് മുമ്പ് ഏകദേശം 21 ലക്ഷം പേർ അത് കണ്ടതായാണ് റിപ്പോർട്ടുകൾ. 

ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡീസി'യുടെ എച്ച്ഡി നിലവാരത്തിലുള്ള അനധികൃത പകർപ്പ് ഇന്റർനെറ്റിൽ പ്രചരിച്ചതോടെ നിർമ്മാണ കമ്പനിയായ യൂണിവേഴ്സൽ സ്റ്റുഡിയോസ് നിയമനടപടികൾ ശക്തമാക്കി. ഐമാക്സ് ക്യാമറകളിൽ പൂർണമായും ചിത്രീകരിച്ച ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ചോർച്ച ഉണ്ടായത്.

കഴിഞ്ഞ വാരാന്ത്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ രണ്ട് മണിക്കൂർ 53 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ പൂർണരൂപം ഒരു ലിങ്ക് വഴി പങ്കുവെക്കപ്പെട്ടു. ലിങ്ക് നിമിഷങ്ങൾക്കകം വൈറലാകുകയും നീക്കം ചെയ്യുന്നതിന് മുമ്പ് ഏകദേശം 21 ലക്ഷം പേർ അത് കണ്ടതായാണ് റിപ്പോർട്ടുകൾ. തുടർന്ന് ബന്ധപ്പെട്ട എക്സ് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.

സംഭവത്തെ ഗൗരവത്തോടെ കാണുന്ന യൂണിവേഴ്സൽ സ്റ്റുഡിയോസ്, പകർപ്പവകാശ ലംഘനത്തിനെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് അറിയിച്ചു. ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനായി 'ടേക്ക് ഡൗൺ' നടപടികൾ ഉടൻ ആരംഭിച്ചെന്നും, ഞായറാഴ്ച രാവിലെയോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ഭൂരിഭാഗം വ്യാജ ലിങ്കുകളും നീക്കം ചെയ്തതായും സ്റ്റുഡിയോ വ്യക്തമാക്കി.

അതേസമയം, ബോക്സ് ഓഫീസിൽ 'ദി ഒഡീസി' മികച്ച പ്രകടനമാണ് തുടരുന്നത്. ആഗോളതലത്തിൽ ചിത്രം ഇതിനകം 700 ദശലക്ഷം ഡോളറിനടുത്ത് വരുമാനം നേടിയിട്ടുണ്ട്. മാറ്റ് ഡാമൺ, ടോം ഹോളണ്ട്, സെൻഡയ, ആനി ഹാതവേ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ എന്നിവരടങ്ങുന്ന വൻ താരനിരയുമായി എത്തിയ ചിത്രം, നോളന്റെ മുൻ ബ്ലോക്ക്ബസ്റ്ററായ 'ഓപ്പൺഹൈമർ' സൃഷ്ടിച്ച റെക്കോർഡുകളെയും വെല്ലുവിളിച്ചാണ് മുന്നേറുന്നത്.