നാലുനിറങ്ങളുള്ള നാല് പൂക്കള്‍ പോലെ പുതിയ സൗരഭ്യവുമായി വന്ന ശ്രുതി രജനികാന്തും അജിഷയും ശ്രുതിഭദ്രയും രേണുവും ബിബിനോടൊപ്പം...
Highlights
നാലുനിറങ്ങളുള്ള നാല് പൂക്കള്‍ പോലെ പുതിയ സൗരഭ്യവുമായി വന്ന ശ്രുതി രജനികാന്തും അജിഷയും ശ്രുതിഭദ്രയും രേണുവും ബിബിനോടൊപ്പം അഭിനയിച്ചിട്ടില്ലെന്നുള്ളതാണ് ഒരു യാഥാര്‍ത്ഥ്യം.
നാലുനിറങ്ങളുള്ള നാല് പൂക്കള്‍ പോലെ പുതിയ സൗരഭ്യവുമായി വന്ന ശ്രുതി രജനികാന്തും അജിഷയും ശ്രുതിഭദ്രയും രേണുവും ബിബിനോടൊപ്പം അഭിനയിച്ചിട്ടില്ലെന്നുള്ളതാണ് ഒരു യാഥാര്‍ത്ഥ്യം. എങ്കിലും ശ്രുതിക്കും അജിഷയ്ക്കും ഒക്കെ ബിബിനുമായി മുന്‍പരിചയങ്ങളുണ്ട്. അജിഷയുടെ ഹസ്ബന്‍റ് അരുണ്‍രാജ് ബിബിന്‍ ജോര്‍ജ്ജ് നായകനായി അഭിനയിച്ച 'ഒരു പഴയ ബോംബ് കഥ' എന്ന സിനിമയുടെ മ്യൂസിക് ഡയറക്ടറാണ്.
'തിങ്കളാഴ്ച നിശ്ചയം' ആണ് അജിഷയുടെ ആദ്യസിനിമ. അതിനുശേഷം പല്ലൊട്ടി, സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍, കണ്ണൂര്‍ സ്ക്വാഡ്, ചാള്‍സ് എന്‍റര്‍പ്രൈസസ്, പവി കെയര്‍ടേക്കര്‍, അന്ധകാര തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും സിനിമയില്‍ അഭിനയിച്ചുകണ്ടതില്‍ ഏറെ സന്തോഷിച്ചതും ഒക്കെ എന്‍റെ അച്ഛനാണ്. അച്ഛന്‍ പഴയകാല നാടകനടനായിരുന്നു. അച്ഛന്‍ പക്ഷേ, നാടകരംഗത്തുനിന്നും മാറി വേറെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. തിങ്കളാഴ്ച നിശ്ചയം സിനിമ കണ്ടിട്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് എന്‍റെ അച്ഛനാണ്. അച്ഛന്‍ പക്ഷേ, ഇന്ന് ജീവിച്ചിരിപ്പില്ല. തിങ്കളാഴ്ച നിശ്ചയത്തിനുവേണ്ടി കാസ്റ്റിംഗ് കാള്‍ കണ്ടിട്ട് എന്‍റെ ഫോട്ടോ അയയ്ക്കുന്നതുമൊക്കെ എന്‍റെ ഹസ്ബന്‍റായിരുന്നു. അതുവഴി ഞാന്‍ സിനിമയിലെത്തിയപ്പോള്‍ ഹസ്ബന്‍റിന്‍റെ അച്ഛന്‍ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തിരുന്നു. പയ്യന്നൂരാണ് അജിഷയുടെ സ്വദേശമെങ്കിലും ഇപ്പോള്‍ കുറെനാളായി കുടുംബസമേതം എറണാകുളത്ത് താമസിക്കുന്നു.
കഴിഞ്ഞവര്‍ഷം ദുബായില്‍, ഇത്തവണ വീട്ടില്‍
ഇത്തവണത്തെ ഓണത്തിന് എനിക്കൊരു ബിസിനസ്സ് കണ്ണുകൂടിയുണ്ടെന്ന് ശ്രുതി രജനികാന്ത് പറഞ്ഞു. നിരവധി സിനിമകളിലും 'ചക്കപ്പഴം' എന്ന ഹാസ്യപരമ്പരയിലെ ഒരു കഥാപാത്രത്തിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുള്ള ശ്രുതി ഈ അടുത്ത കാലത്താണ് ഒരു പെര്‍ഫ്യൂം കമ്പനി ആരംഭിക്കുന്നത്. അതോടെ അഭിനേത്രി എന്ന നിലയില്‍ സിനിമാരംഗത്തും കച്ചവട മനസ്സോടെ ബിസിനസ്സ് രംഗത്തും ശ്രദ്ധിച്ചുവരുന്ന ശ്രുതിക്ക് ഈ വര്‍ഷം ഓണക്കാലത്ത് ഏതൊക്കെ സുഗന്ധമുള്ള പെര്‍ഫ്യൂം കൊടുക്കാന്‍ കഴിയും, ഓണക്കാലത്ത് പെര്‍ഫ്യൂം ബിസിനസ്സിന് വര്‍ദ്ധനയുണ്ടാകുമല്ലോ എന്നൊക്കെയുള്ള ചിന്തകളാണുള്ളതെന്ന് ഒരു ചിരിയോടെ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓണത്തിന് ദുബായിലായിരുന്നുവെന്നും വീട്ടില്‍ നിന്നും മാറിനിന്നുള്ള ഓണക്കാലം മനസ്സിന് വേദനതന്നുവെന്നും അതുകൊണ്ട് ഈ വര്‍ഷം ഓണനാളില്‍ വീട്ടില്‍ കുടുംബാംഗങ്ങളുമൊരുമിച്ച് ആഘോഷിക്കാനാണ് തീരുമാനമെന്നും ശ്രുതി രജനികാന്ത് പറഞ്ഞു.
ഓണം പണ്ട് കളര്‍ഫുള്‍ ആയിരുന്നു
എന്‍റെ വീട് പാലക്കാട് മലമ്പുഴയ്ക്കടുത്തുള്ള അകത്തേത്തറ എന്നുപറയും. വയലും മലനിരകളും തോടും ഒക്കെയുള്ള ഒരു പക്കാഗ്രാമപ്രദേശം. ഇവിടെ അടുത്തടുത്ത് വീടുകളുള്ള പ്രദേശമൊന്നുമല്ല. അതുകൊണ്ടുതന്നെ തൊട്ടടുത്ത വീട്ടിലെ കൂട്ടുകാരികളൊന്നുമില്ല. ഉള്ളവരൊക്കെയും ദൂരത്താണ്. മറ്റ് നാടുകളിലേതുപോലെ കൂട്ടുകാരുമായി ചേര്‍ന്ന് പൂപറിക്കാന്‍ പോകുന്ന പതിവൊന്നുമില്ല. എങ്കിലും കുട്ടിക്കാലത്തെ ഓണ അനുഭവങ്ങള്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. ഓണമാണെങ്കിലും പൊങ്കലാണെങ്കിലും കോളേജ് കാലത്തെ അനുഭവങ്ങളാണ് എന്‍റെ മെമ്മറിയിലുള്ളത്. അതെല്ലാം കളര്‍ഫുള്‍ ആയിരുന്നു. വീട്ടില്‍ ഞാന്‍ ഏകമകളായതുകൊണ്ടുതന്നെ കൂട്ടുകാരും സഹോദരങ്ങളുമൊത്തുള്ള ഓണാനുഭവങ്ങളൊന്നുമില്ല.- ശ്രുതിഭദ്ര പറഞ്ഞു.
ഹേമന്ദ് ജി. നായര്‍ സംവിധാനം ചെയ്ത 'ഹിഗിറ്റ' എന്ന സിനിമയിലാണ് ഞാനാദ്യം അഭിനയിച്ചത്. യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള, പള്ളിച്ചട്ടമ്പി തുടങ്ങിയ സിനിമകളിലും പിന്നീട് അഭിനയിച്ചിട്ടുണ്ട്. അതിനിടയില്‍ രണ്ട് തമിഴ് സിനിമയിലും അഭിനയിക്കാന്‍ കഴിഞ്ഞുവെന്ന് ശ്രുതിഭദ്ര പറഞ്ഞു.
മാന്‍ഹോള്‍, ചാലക്കുടിക്കാരന്‍ ചങ്ങാതി, ജാക്ക് ആന്‍റ് ജില്‍, പത്തൊന്‍പതാം നൂറ്റാണ്ട്, ജങ്കാര്‍, പൊങ്കാല തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രേണു സൗന്ദറാണ് ഈ ഓണം ഫോട്ടോഷൂട്ടിനുവേണ്ടി എത്തിയിരിക്കുന്ന മറ്റൊരു അതിഥി. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള രേണുവും ബിബിനുമായി ഒരുമിച്ച് അഭിനയിച്ചിട്ടില്ല (എന്നാല്‍, അതിനുള്ള അവസരം അടുത്തുതന്നെ നടക്കാനിടയുണ്ടെന്ന് ബിബിനില്‍ നിന്നും അറിഞ്ഞതുകൊണ്ട് ആ സര്‍പ്രൈസ് ബിബിനിലൂടെ തന്നെ രേണു അറിയട്ടെയെന്ന് വിചാരിച്ചു).
തയ്യാറാക്കിയത്: ജി. കൃഷ്ണന്‍
ഫോട്ടോ: വിശാന്ത് പി. വേണു