Thursday, 30 July 2026 | 01:24 PM

Exclusive

ലക്ഷ്മി പ്രിയക്കെതിരെ പോലീസ് അന്വേഷണം വേണം: എഫ്.ഐ.ആർ ആവശ്യപ്പെട്ട് നടി അൻസിബ ഹസ്സൻ ഹൈക്കോടതിയിൽ

സുരേഷ് വണ്ടന്നൂർ 30 July 2026 06:22 AM
ലക്ഷ്മി പ്രിയക്കെതിരെ പോലീസ് അന്വേഷണം വേണം: എഫ്.ഐ.ആർ ആവശ്യപ്പെട്ട് നടി അൻസിബ ഹസ്സൻ ഹൈക്കോടതിയിൽ

Highlights

വ്യാജവും അധിക്ഷേപകരവുമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസ്സൻ കേരള ഹൈക്കോടതിയെ സമീപിച്ചു. 


വ്യാജവും അധിക്ഷേപകരവുമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസ്സൻ കേരള ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണത്തിന് ഉത്തരവിടാൻ വിസമ്മതിക്കുകയും കേസ് സ്വകാര്യ ഹർജിയായി പരിഗണിക്കുകയും ചെയ്ത എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തതാണ് അൻസിബ ഹർജി നൽകിയത്.

സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരവും ലൈംഗികച്ചുവയുള്ളതുമായ വ്യാജ പരാമർശങ്ങൾ അടങ്ങിയ വീഡിയോകൾ പ്രചരിപ്പിച്ചെന്നാണ് അൻസിബയുടെ പരാതി. തൻ്റെ വ്യക്തിത്വത്തെയും സ്വകാര്യതയെയും മോശമായി ചിത്രീകരിക്കാനും പൊതുമധ്യത്തിൽ അപമാനിക്കാനും ലക്ഷ്യമിട്ടാണ് ഇത് ചെയ്തതെന്ന് ഹർജിയിൽ പറയുന്നു.

​ ഭാരതീയ ന്യായ സംഹിതയിലെ (BNS) സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം എന്നീ വകുപ്പുകൾ (75(iv), 79), ഐ.ടി ആക്ടിലെ 67, 67A, കേരള പോലീസ് ആക്ടിലെ 119(a) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് എതിർകക്ഷികൾ ചെയ്തതെന്ന് അൻസിബ ചൂണ്ടിക്കാട്ടി.

​പാലാരിവട്ടം പോലീസ് സ്റ്റേഷനിലും തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടും ഫലപ്രദമായ നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകുന്നതിന് പകരം പരാതിക്കാരിയുടെ മൊഴിയെടുക്കാൻ മാത്രം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത് ശരിയായില്ലെന്ന് അൻസിബ വാദിക്കുന്നു. 

മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) നിർദേശിക്കുന്ന അധികാരപരിധി ഉപയോഗിച്ച് പോലീസിനോട് അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ​അഭിഭാഷകരായ മുഹമ്മദ് ഫിർദൗസ് എ.വി., ജെൻ്റിൽ സി.ഡി. എന്നിവർ മുഖേനയാണ് ഹർജി .


 

Tags
Ansiba Hassan Lakshmi priya