Sunday, 26 July 2026 | 12:23 AM

Interviews

ഒരിക്കല്‍ വിപിന്‍ദാസ് ചേട്ടന്‍ ആണ് പ്രഖ്യാപിച്ചത്. വാഴ 2 നീ ക്യാമറ ചെയ്യുന്നു എന്നത്...

രജനികൃഷ്ണ 22 July 2026 09:10 AM
ഒരിക്കല്‍ വിപിന്‍ദാസ് ചേട്ടന്‍ ആണ് പ്രഖ്യാപിച്ചത്. വാഴ 2 നീ ക്യാമറ ചെയ്യുന്നു എന്നത്...

Highlights

വാഴ 2 ഛായാഗ്രാഹകന്‍ അഖില്‍ ലൈലസുരന്‍ നാനയ്ക്ക് ഒപ്പം

 
 
ര്‍മ്മ ശരിയാണെങ്കില്‍, ഏതാണ്ട് പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് സിനിമയാണ് ആഗ്രഹം എന്ന് മനസ്സിലാക്കി തുടങ്ങിയത്. ആദ്യം തന്നെ സംവിധായകന്‍ ആകുക എന്നതായിരുന്നില്ല ലക്ഷ്യം. പക്ഷേ, എങ്ങനെ, ഏത് വിധേനെ എത്തും എന്ന വഴി അറിയില്ല. ഡിഗ്രി ഒക്കെ കഴിഞ്ഞപാടെ, സിനിമയിലേക്കുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. എന്‍റെ ചേട്ടന്‍ അമലിന്‍റെ സുഹൃത്ത് ഒരു അജേഷ് അസിസ്റ്റന്‍റ് എഡിറ്ററായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
 
അന്ന് നിതീഷ് സഹദേവ് എന്ന സംവിധായകന്‍ കഥ നോക്കുന്നുണ്ടായിരുന്നു. അജേഷ് എന്ന വ്യക്തി നല്‍കിയ കോണ്‍ക്ട് വെച്ച് കഥ പറയാന്‍ എന്ന വ്യാജേന ഞാന്‍ നിതീഷ് ചേട്ടനെ പോയിക്കണ്ടു. കഥ അദ്ദേഹത്തിന് വര്‍ക്ക് ആയില്ല. പിന്നെ, അസിസ്റ്റ് ചെയ്യാന്‍ അവസരം ചോദിച്ചു. കുറച്ച് ഉപദേശങ്ങളും കാണാനുള്ള സിനിമ റെഫറന്‍സും പറഞ്ഞ് അദ്ദേഹം എന്നെ തിരികെ പറഞ്ഞുവിട്ടു. 
 
പിന്നീട് കുറെനാളുകള്‍ക്കുശേഷം അദ്ദേഹം എന്നെ അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിക്കാന്‍ വിളിച്ചു. അദ്ദേഹത്തിന്‍റെ ഒപ്പം വര്‍ക്ക് ചെയ്യുമ്പോഴാണ് ഡി.ഒ.പി എന്ന ആള്‍ ആരാണ്, എന്താണ് ആ പദവിയില്‍ ഉള്ള ആളുടെ ജോലി എന്നതെല്ലാം ആദ്യമായി മനസ്സിലാക്കുന്നത്. ഡി.ഒ.പി- സംവിധായകന്‍ കോമ്പോയില്‍ ഉണ്ടാകുന്ന ക്രിയേറ്റിവിറ്റിയെ കൗതുകത്തോടെയാണ് കണ്ടിരുന്നത്.
 
അസിസ്റ്റന്‍റ് ഡയറക്ടര്‍ ജീവിതം
 
ആദ്യമായി പ്രവര്‍ത്തിക്കേണ്ടത് മറ്റൊരു സിനിമയില്‍ ആയിരുന്നു. ഒരുപാട് പ്രതീക്ഷകളോടെ വര്‍ക്ക് ചെയ്തുതുടങ്ങിയ എന്നെ പെട്ടെന്ന് ഒരു ദിവസം ആ സിനിമയില്‍ നിന്ന് ചീഫ് അസോസിയേറ്റ്  പറഞ്ഞുവിട്ടു. സിനിമയില്‍ നിന്ന് നേരിട്ട ആദ്യത്തെ റിജക്ഷന്‍ എന്ന നിലയില്‍ അതെന്നെ വേദനിപ്പിച്ചു. ഒരു ട്രോമയായി മാറി എന്നതാണ് സത്യം. ആത്മവിശ്വാസം പോയി. ഇത് എന്‍റെ കപ്പ് ഓഫ് ടീ അല്ല എന്ന തോന്നല്‍ ഉണ്ടായി. തുടരെ നിരവധി റിജെക്ഷന്‍സ് സംഭവിച്ചു. പിന്നീട് ഉണ്ടായ ദേഷ്യവും വാശിയും എന്നെ റീ ബൗണ്‍സ് ചെയ്യിപ്പിച്ചു. ആദ്യസിനിമയില്‍ പറഞ്ഞുവിട്ടത് ചീഫ് അസ്സോസിയേറ്റ് ആയതുകൊണ്ടുതന്നെ, ആദ്യം അദ്ദേഹത്തിന്‍റെ പണിയായ ചാര്‍ട്ടിങ്ങും മറ്റും പഠിച്ചെടുക്കണം എന്ന് തോന്നി. 
 
പക്ഷേ, എനിക്ക് നഷ്ടപ്പെട്ടതിലും വലുതാണ് ലഭിച്ചത്. ഞാന്‍ ഫാമിലിയില്‍ വര്‍ക്ക് ചെയ്തു. നല്ലൊരു ടീമിനെ കിട്ടിയതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും വലുതായിരുന്നു. നിതീഷേട്ടന്‍റെ കൂടെ വര്‍ക്ക് ചെയ്തശേഷം ആണ് വിപിന്‍ദാസ് ചേട്ടന്‍റെ ടീമിലേക്ക് എത്തിപ്പെടുന്നത്. സഹസംവിധായകന്‍ ആയി നില്‍ക്കുമ്പോഴും, ലൈറ്റ്, ക്യാമറ ടീമിനൊപ്പവും ഞാന്‍ പണിയെടുക്കും. അന്ന് അവര്‍ പറഞ്ഞുതരും 'ആഗ്രഹങ്ങള്‍ക്ക് ക്ലാരിറ്റി വേണം. നിനക്ക് സംവിധാനം വേണോ, സിനിമാറ്റോഗ്രാഫി വേണോ എന്ന് ആദ്യം ഉറപ്പിക്കാന്‍ പറഞ്ഞു. അങ്ങനെ പ്രയോറിറ്റി സിനിമാറ്റോഗ്രാഫിക്ക് നല്‍കി.'
 
വാഴയിലേക്ക് വന്ന വഴി
 
വാഴ 1 ല്‍ സെക്കന്‍റ് ഷെഡ്യൂളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ സമയം വാഴ 2 പ്ലാനിങ്ങില്‍ ഉണ്ട്. സവിന്‍സാ ആയിട്ട്  നല്ല സൗഹൃദം ഉണ്ടായിരുന്നു. ഒരിക്കല്‍ വിപിന്‍ദാസ് ചേട്ടന്‍ ആണ് പ്രഖ്യാപിച്ചത്. വാഴ 2 നീ ക്യാമറ ചെയ്യുന്നു എന്നത്. ഞാന്‍ വര്‍ക്ക് ചെയ്ത ഒരു ഷോര്‍ട്ട് ഫിലിം പോലും അദ്ദേഹം കണ്ടിട്ടില്ല. എന്നിട്ടും എന്നില്‍ വിശ്വാസം അര്‍പ്പിച്ചു എന്നത് വലിയ കാര്യം ആണ്. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
 
ഷൂട്ടിംഗ് അനുഭവം
 
വാഴ, സിനിമപോലെതന്നെ ഒരു പറ്റം സുഹൃത്തുക്കളുടെ സിനിമ ആണ്. അതുകൊണ്ടുതന്നെ, വര്‍ക്ക് ചെയ്യാന്‍ എളുപ്പം ആയിരുന്നു. സവിന്‍സാ ഒരു സംവിധായകന്‍ മാത്രം ആയിരുന്നില്ല. എനിക്ക് എപ്പോ വേണമെങ്കിലും ഓടിച്ചെല്ലാന്‍ ആകുന്ന ഒരു സുഹൃത്തും സഹോദരനും ആയിരുന്നു. അതുകൊണ്ടുതന്നെ ഓപ്പണാ യി എന്തും സംസാരിക്കാന്‍ സാധിച്ചു. ഷൂട്ടിംഗ് സമയത്ത് തമാശയ്ക്ക് പറയുമായിരുന്നു 100 കോടി പടം ആണ് നമ്മള്‍ എടുക്കുന്നത് എന്ന്. അത് സംഭവിച്ചു. നൂറല്ല, ഇരുന്നൂറു കോടിയില്‍ എത്തിയതിന്‍റെ സന്തോഷം വലുതാണ്.
 
അല്‍ഫോണ്‍സ് പുത്രന്‍ എന്ന മാജിക്
 
വാഴയിലെ ഏറ്റവും നല്ല മൊമന്‍റ് പുത്രേട്ടനുമായി വര്‍ക്ക് ചെയ്യുക എന്നതായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ സെറ്റിലുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തിന്‍റെ ഫാനായിരുന്നു. അദ്ദേഹം സെറ്റില്‍ വരുന്ന ദിവസം പ്രത്യേക എനര്‍ജി ആയിരുന്നു. ഫസ്റ്റ്ഷോട്ട് അദ്ദേഹത്തിനുവേണ്ടി വയ്ക്കുമ്പോള്‍ നന്നായി പ്രിപ്പയര്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ കൂടെ തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ടുണ്ട്. ഓരോ മൊമെന്‍റും വിലപ്പെട്ടതാണ്. ഫാന്‍ ബോയ് മൊമെന്‍റ് എന്ന് പറയില്ലേ, അതുതന്നെ.
 
വാഴ കുലച്ചു
 
വാഴ ഇന്നു വളര്‍ന്നു പന്തലിച്ച് അന്യഭാഷയിലും പോയി. സന്തോഷം സന്തോഷം എന്നതല്ലാതെ മറ്റൊന്നും ഇല്ല. സവിന്‍സായുടെ, ക്രൂവിന്‍റെ, വിപിന്‍ദാസ് ചേട്ടന്‍റെ എല്ലാം കഴിവാണത്. വലിയ കാസ്റ്റ് ഇല്ലാതെ ചെറിയ പടം എന്ന മട്ടില്‍ വന്ന് ഇത്ര ഹിറ്റ് ആകുമ്പോള്‍ അതിന്‍റെ ഭാഗമായതുതന്നെ ഭാഗ്യം.
 
റിയല്‍ലൈഫിലെ വാഴ മൊമെന്‍റ്
 
റിയല്‍ലൈഫ് വാഴ മൊമെന്‍റ് ചേട്ടന്‍ അമലും ആയിട്ടുള്ളതാണ്. സിനിമയില്‍ എത്തിപ്പെടുക, അഭിനയിക്കുക എന്നത് ചേട്ടന്‍റെ ആഗ്രഹം ആയിരുന്നു. കുടുംബത്തിലെ സാമ്പത്തികബുദ്ധിമുട്ടും, സാഹചര്യങ്ങളും കാരണം തല്‍ക്കാലം സിനിമയെ പിന്തള്ളി മറ്റൊരു ജോലിക്ക് പോകാന്‍ നിര്‍ബന്ധിതനായ ഒരാളാണ് ചേട്ടന്‍. അതിനുശേഷം സിനിമ എന്ന ആഗ്രഹം ഞാന്‍ പറഞ്ഞപ്പോഴും നാട്ടുകാരും വീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു കാര്‍ ഷോറൂമില്‍ ഞാന്‍ വര്‍ക്ക് ചെയ്യാന്‍ കയറി. അവിടുന്ന് ഒരു മാസത്തെ സാലറികൊണ്ട് കൊച്ചിയില്‍ സിനിമാറ്റോഗ്രാഫി പഠിക്കാന്‍ ചേര്‍ന്നു.
 
17000 രൂപ കൊണ്ട്, രണ്ട് ലക്ഷം രൂപയുടെ കോഴ്സിനാണ് ചേര്‍ന്നത്. വീടിന് വാടക കൊടുക്കാന്‍ പോലും കയ്യില്‍ പൈസ ഇല്ലാതെ ഇരുന്നപ്പോള്‍, ചേട്ടനാണ് പൈസതന്നു സഹായിച്ചത്. പഠിക്കാന്‍ പറഞ്ഞു പ്രോത്സാഹിപ്പിച്ചത്. ഇന്ന് ചേട്ടന്‍ സിനിമയില്‍ സജീവമായിക്കൊണ്ട് ഇരിക്കുകയാണ്. വാഴയില്‍ അഭിനയിച്ചിട്ടുണ്ട്. ചേട്ടന്‍ അഭിനയിക്കുമ്പോള്‍ ക്യാമറ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ചേട്ടന്‍റെ ആഗ്രഹം മുഴുവന്‍ അല്ലെങ്കിലും, ചെറുതായി എങ്കിലും സാധിച്ചുകൊടുക്കാന്‍ പറ്റി. സിനിമയിലെ പാട്ട് പോലെ 'തമ്മില്‍ പിണങ്ങിപ്പോകല്ലേ.. നമ്മള്‍ക്ക് നാം തന്നെ അല്ലെ'മൊമെന്‍റ് ആയിരുന്നു അത്.
 
സന്തോഷിപ്പിച്ച അംഗീകാരം
 
ഒരുപാട് പ്രശംസകള്‍ വാഴയെ തേടിയെത്തി. എങ്കിലും, ഗുരുവായ നിതീഷ് സഹദേവ് വിളിച്ച് അഭിമാനം തോന്നി എന്നുപറഞ്ഞ നിമിഷം അവാര്‍ഡിന് തുല്യം ആയിരുന്നു. വിശ്വസിച്ച്  എന്നെ പണി ഏല്‍പ്പിച്ച വിപിന്‍ദാസ് ചേട്ടന്‍ നല്ലതുപറഞ്ഞു. ഒരു ഇന്‍റര്‍വ്യൂ നടക്കുമ്പോള്‍ മോഹന്‍ലാല്‍ ലൈവ് എത്തി. അദ്ദേഹം വാഴ കണ്ടു, അതിന്‍റെ വിജയത്തില്‍ സന്തോഷിക്കുന്നു എന്നുപറഞ്ഞത് വിശ്വസിക്കാന്‍ തന്നെ സമയം എടുത്തു.
 
അടുത്ത പ്രോജക്ട്
 
പലതിന്‍റെയും മീറ്റിംഗുകള്‍ നടക്കുന്നു. നമുക്ക് മനസ്സില്‍ സന്തോഷം തരുന്ന വര്‍ക്കുകള്‍ തിരഞ്ഞെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാത്തിനെയും സമീപിക്കുന്നത്. നല്ലത് എന്ന് തോന്നിയാല്‍ കൈകൊടുക്കും.
 
കുടുംബം
 
അച്ഛന്‍: സുരന്‍,  അമ്മ: ലൈല, ഭാര്യ: ആര്യ ജയന്‍, ചേട്ടന്‍: അമല്‍, ചേട്ടന്‍റെ ഭാര്യ:ആതിര, ചേട്ടന്‍റെ മകള്‍: ദക്ഷ
 
Tags
Vaazha 2 vipin das akhil lailasuran savin sa