തമിഴ് സിനിമയില്‍ ഞാന്‍ സംവിധായകനും അനുജത്തി നായികയുമായിരുന്നു... -ജയ്ദേവ്
Highlights
തമിഴില്‍ രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയതിന്‍റെ അനുഭവങ്ങളുമായിട്ടാണ് ഒരു ചെറുപ്പക്കാരന്‍ മലയാളത്തിലെത്തുന്നത്. ജയ്ദേവ് എന്നാണ് സംവിധായകന്‍റെ പേര്. ആദ്യത്തെ മലയാള സിനിമയുടെ പേര് 'അഞ്ചാം പ്രമാണം.
തമിഴ് സിനിമയിലെ കലൈഅരശന്‍ ഹീറോയായും മനോജ് കെ. ജയനും ഛായാസിംഗും അഭിനയിച്ച 'പട്ടിണിപ്പാക്ക'മായിരുന്നു ജയ്ദേവിന്‍റെ ആദ്യതമിഴ് സിനിമ. രണ്ടാമത്തെ തമിഴ് ചിത്രം 'ദി ഡോര്‍.' ഈ സിനിമയില്‍ ഇളയ സഹോദരിയെത്തന്നെ നായികയാക്കി. ആ ഭൂതകാല കഥയുടെ അനുഭവങ്ങളാണ് ജയ്ദേവ് ഇവിടെ പറയുന്നത്.
'അച്ഛന്‍ ബാലചന്ദ്രന്‍ മലയാളത്തില്‍ ഏതാനും സിനിമകള്‍ക്കുവേണ്ടി ക്യാമറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ജയദേവിന് ഏഴുവയസ്സ് പ്രായം കാണും. ഇളയസഹോദരി കാര്‍ത്തികയ്ക്ക് അഞ്ചുവയസ്സും. അച്ഛന്‍ ഫോട്ടോഗ്രാഫര്‍ ആയതുകൊണ്ടുതന്നെ കൈയില്‍ എപ്പോഴും ക്യാമറ കാണും. മക്കളെ രണ്ടുപേരെയും ഒരുമിച്ച് നിര്‍ത്തി വിവിധതരത്തിലുള്ള പോസുകളിലുള്ള ഫോട്ടോകളെടുക്കാന്‍ ബാലചന്ദ്രന്‍ എന്ന ഫോട്ടോഗ്രാഫര്‍ക്ക് വലിയ ആവേശവും കൗതുകവുമായിരുന്നു.
ഫോട്ടോഗ്രാഫറായ അച്ഛനില്‍ നിന്നും തൃശൂരിലുള്ള അച്ഛന്‍റെ സൗഹൃദ്വലയത്തില്‍പ്പെട്ട പലരും ഈ ഫോട്ടോകളൊക്കെ കാണുന്നുണ്ടായിരുന്നു. അത് മറ്റൊരു വഴിത്തിരിവായി.
തൃശൂരില്‍ നിന്നും അക്കാലത്ത് ഇറങ്ങിക്കൊണ്ടിരുന്ന ഒരു കുടയുടെ പരസ്യചിത്രത്തില്‍ ജയ്ദേവും കാര്‍ത്തികയും പ്രത്യക്ഷപ്പെട്ടു. ഇങ്ങനെ പരസ്യചിത്രത്തില്‍ അഭിനയിച്ചവര്‍ക്ക് മറ്റൊരു ഓഫര്‍ കൂടി വന്നു. ശ്രീമൂലനഗരം മോഹന്‍റെ കസിനായ ശ്രീമൂലനഗരം പൊന്നന്‍ എന്നയാള്‍ അക്കാലത്ത് പതിമൂന്ന് എപ്പിസോഡുകളുള്ള 'ഉണ്ണിയുടെ അമ്മ' എന്ന ടെലിഫിലിം എടുക്കുന്നുണ്ടായിരുന്നു. രാജീവ് രംഗനായിരുന്നു ഹീറോ. ബാലതാരങ്ങളെന്ന നിലയില്‍ ജയദേവനും കാര്‍ത്തികയ്ക്കും ഈ ടെലിഫിലിമില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. വളരെ ചെറിയ പ്രായത്തില്‍ തന്നെ സംവിധായകന്‍ ആകണമെന്നായിരുന്നു ആഗ്രഹം.
ഡിഗ്രി കഴിഞ്ഞപ്പോള്‍ ഞാന്‍ അച്ഛനോട് സിനിമയുടെ കാര്യം പറഞ്ഞു. 'അഭിനയിക്കാനാണെങ്കില്‍ പൊയ്ക്കൊ..., അല്ലാത്ത ഒരു ജോലിയും സിനിമയില്‍ ചെയ്യേണ്ടെന്നായിരുന്നു അച്ഛന്‍റെ നിര്‍ബന്ധം.
പക്ഷേ, എപ്പോഴെങ്കിലും അച്ഛന്‍ സമ്മതംതരും എന്ന പ്രതീക്ഷയില്‍ ഞാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അച്ഛന്‍, അച്ഛന്‍റെ തീരുമാനത്തില്‍ നിന്നും അണുവിട മാറിയില്ല. എനിക്കാണെങ്കില്‍ സിനിമയും സംവിധാനവും ഒക്കെ മനസ്സില്‍ ഒരു ഭ്രാന്ത് പോലെയായി. അസിസ്റ്റന്‍റ് ഡയറക്ടറായി പോകാന്‍ തന്നെയായിരുന്നു എന്‍റെ തീരുമാനം. അവന്‍ അപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചു. ഒരു പതിനഞ്ച് വര്‍ഷക്കാലത്തേയ്ക്ക് വീട്ടില്‍ നിന്നും എന്നെ പുറത്താക്കി.
അച്ഛനുമായി തര്‍ക്കിച്ച് വീട്ടില്‍ നിന്നുമിറങ്ങി. കാസനോവ എന്ന സിനിമയില്‍ റോഷന്‍ ആന്‍ഡ്രൂസ് സാറിന്‍റെയൊപ്പം അസിസ്റ്റന്‍റ് ഡയറക്ടറായി ജോയിന്‍ ചേര്‍ന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ഒരു സാധാരണ അസിസ്റ്റന്‍റ് ഡയറക്ടറായി ഞാന്‍ പലരുടെയും കൂടെ വര്‍ക്ക് ചെയ്തു. ബോംബെയ്ക്ക് പോയി. അവിടെച്ചെന്ന് ചില ഹിന്ദി സിനിമകള്‍ക്കുവേണ്ടി വര്‍ക്ക് ചെയ്തു. എനിക്ക് തമിഴ് കുറച്ച് ഇഷ്ടമായിരുന്നു. അതറിയാവുന്ന എന്‍റെയൊരു സുഹൃത്ത് രവി പറഞ്ഞു. തമിഴ് സിനിമകളില്‍ പോയി വര്‍ക്ക് ചെയ്യരുതോയെന്ന്. അങ്ങനെ മുംബൈ വിട്ട് ഞാന്‍ ചെന്നൈയിലെത്തി. അവിടെ ഡയറക്ടര്‍ ലിഷ്കിന്‍ സാറിന്‍റെ കോ- ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടയില്‍ റോഷന്‍ സാറിനെ കണ്ടുമുട്ടി. ഇനി നീ സ്വന്തം സിനിമ ചെയ്യാന്‍ ശ്രമിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉപദേശം. അപ്പോഴെനിക്കും തോന്നി, ഇനി സ്വന്തം സിനിമ തന്നെ. പിന്നീട് അതിനുവേണ്ടിയുള്ള ശ്രമമായിരുന്നു.
അങ്ങനെ ഒടുവില്‍ കിട്ടിയ ചിത്രമാണ് പട്ടിണിപ്പാക്കം. അതുകഴിഞ്ഞ് രണ്ടാമത് ചെയ്ത തമിഴ് സിനിമയാണ് 'ദി ഡോര്‍.' ആ സിനിമയില്‍ നായികയായി ഞാന്‍ എന്‍റെ അനിയത്തിയെ കാസ്റ്റ് ചെയ്തു അങ്ങനെ കുട്ടിക്കാലത്ത് ടെലിഫിലിമിലൂടെ ഒന്നിച്ച ഞങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും ഒരുമിച്ചു. ഈ തമിഴ് സിനിമയില്‍ ഞാന്‍ സംവിധായകനും അനുജത്തി നായികയുമായിരുന്നു എന്നുമാത്രം-' ജയ് ദേവ് പറഞ്ഞു.
'ഡോര്‍' എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ആ അനുജത്തി പക്ഷേ, കാര്‍ത്തിക ആയിരുന്നില്ല..., ഭാവനയായിരുന്നു.
അതെ...,
ഇന്ന് മലയാള സിനിമയിലും കന്നഡ സിനിമയിലും പ്രശസ്തി നേടിയ ഭാവന.
ഈ ഭൂതകാലകഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ ജയ്ദേവ് പറഞ്ഞ വാക്കുകളില്‍ അല്‍പ്പം വിഷാദം കലര്‍ന്നിരുന്നു.
'ഞാന്‍ സംവിധായകനായി മാറിയപ്പോള്‍ എന്‍റെ സിനിമകള്‍ കാണാന്‍ അച്ഛന്‍ ഈ ലോകത്തിലില്ല'