Saturday, 25 July 2026 | 11:42 PM

Interviews

ഛായാഗ്രഹണം കലയിലൂടെ... -സുജിത് വാസുദേവ്

രജനികൃഷ്ണ 16 July 2026 06:07 AM
ഛായാഗ്രഹണം കലയിലൂടെ... -സുജിത് വാസുദേവ്

Highlights

ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് അല്‍പ്പനേരം...

 

തുടക്കം

ചെറുപ്പത്തില്‍ സിനിമകള്‍ കാണുമ്പോള്‍ സിനിമയില്‍ അഭിനയിക്കണം, ഒരു നടന്‍ ആവണം എന്നതായിരുന്നു ആഗ്രഹം. മഞ്ഞില്‍ വിരിഞ്ഞ പൂവ്  സിനിമയൊക്കെ കണ്ട് വണ്ടര്‍ അടിച്ചുനിന്നിട്ടുണ്ട് ഞാന്‍. അന്നൊക്കെ സിനിമയില്‍ അഭിനയിക്കാന്‍ ഓഡിഷനുകളുണ്ട്. ചിലതില്‍ പൈസ ചോദിക്കും. പലതും ഫെയ്ക്ക് ആയതുകൊണ്ടുതന്നെ ഓഡിഷനുകള്‍ക്ക് പോകാന്‍ തോന്നീട്ടില്ല. പഠിച്ചുകൊണ്ടിരുന്ന സമയത്ത് രൂപവാണി പ്രൊഡക്ഷന്‍സിന്‍റെ ഒരു പ്രോജക്ടിലേക്ക് അഭിനയിക്കാന്‍ എന്‍റെയും അനിയന്‍റെയും ഫോട്ടോ അയച്ചുകൊടുത്തു. നിര്‍ഭാഗ്യവശാല്‍, എന്നെ അവര്‍ തിരഞ്ഞെടുത്തില്ല. പകരം അനിയനെ വിളിച്ചു. അന്ന് അതില്‍ ചെറിയ സങ്കടം ഒക്കെ തോന്നിയെങ്കിലും, അനിയനെ സെറ്റില്‍ സൈക്കിളില്‍ കൊണ്ടുപോകുന്നത് ഞാന്‍ ആണെന്നത് ഒരു ത്രില്‍ സമ്മാനിച്ചിരുന്നു. സെറ്റില്‍ പോകുക, അവിടെ സമയം ചെലവഴിക്കുക ഇതൊക്കെ വലിയ സന്തോഷം ആയിരുന്നു.

പിന്നീട് ഡിഗ്രി സമയത്ത് നാടകങ്ങളോട് ഭ്രമം തോന്നി. നാടകങ്ങള്‍ സംവിധാനം ചെയ്യുക, ലൈറ്റ് ചെയ്യുക എന്നതായിരുന്നു ഇഷ്ടപരിപാടി. ഞാന്‍ ചെയ്ത ലൈറ്റിങ്ങിന് പ്രശംസകള്‍ ലഭിച്ചുതുടങ്ങിയപ്പോള്‍, അതില്‍ എന്തോ ഒരു ത്രസിപ്പിക്കുന്ന സംഭവം ഉണ്ടെന്ന് തോന്നി. ആ ഇഷ്ടം എന്നെ സംഗീത വിഷന്‍ സ്റ്റുഡിയോയില്‍ ക്യാമറ അസിസ്റ്റന്‍റ് എന്ന പദവിയില്‍ എത്തിച്ചു. അവിടെ നിന്നാണ് സീരിയല്‍ ചെയ്യാന്‍ തുടങ്ങുന്നത്. സീരിയലുകള്‍ ഒരുപാട് ചെയ്തു.

മുപ്പതാം വയസ്സില്‍ സിനിമ ചെയ്യണം എന്ന് കരുതിയ ഞാന്‍ മുപ്പത്തി നാലാമത്തെ വയസ്സില്‍ ആണ് സിനിമ ചെയ്യുന്നത്. അതിനിടയില്‍ വിവാഹം കഴിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ആദ്യസമയം രാജരത്നം എന്ന ക്യാമറാമാന്‍റെ കീഴില്‍ ആണ് വര്‍ക്ക് ചെയ്തത്. അന്ന് സഹപ്രവര്‍ത്തകരുടെ മുറിയില്‍ ഒരു പായ കിട്ടും. അതേ ഉള്ളൂ. പിന്നെ ഒരുപാട് കഷ്ടപ്പെട്ടു പായ എന്നതില്‍ നിന്ന് സ്വന്തം മുറി ലഭിക്കാന്‍. ചിന്താമണി കൊലക്കേസ് എന്ന സിനിമയില്‍ അസോസിയേറ്റ് ആയിരുന്നു. അവിടെ നിന്ന് പിന്നെ സിനിമയില്‍ ചുവട് ഉറപ്പിക്കാന്‍ പറ്റി. ചേകവര്‍ തുടങ്ങി മെമ്മറീസ്, സെവന്‍ത് ഡേ, ദൃശ്യം, ലൂസിഫര്‍...പിന്നീട് അന്യഭാഷാ ചിത്രങ്ങളിലും പ്രവര്‍ത്തിക്കാന്‍ സാധിച്ചു.

സംവിധാനം

സംവിധാനം എന്ന മോഹം ഉള്ളില്‍ എവിടെയോ ഉണ്ടായിരുന്നു. ഉള്ളില്‍ ഒരു സംതൃപ്തി സമ്മാനിക്കുന്ന പരിപാടി ആണ് സംവിധാനം.  ചേതന്‍ ഭഗത്, റോബിന്‍ ശര്‍മ്മ പുസ്തകങ്ങള്‍ എനിക്ക് മോട്ടിവേഷന്‍ നല്‍കിയിട്ടുണ്ട്. സിനിമ സംവിധായകന്‍റെ മികവ് ആകുന്നത്, അത് ജനം ഏറ്റെടുക്കുമ്പോള്‍ ആണ്. ആദ്യഷോ കഴിയുമ്പോള്‍ മനസ്സിലാകും സിനിമയുടെ ഭാവി എന്താണ് എന്നത്. എന്‍റെ ആദ്യ സംവിധാനം ജെയിംസ് ആന്‍ഡ് ആലീസ് ആയിരുന്നു. അത് ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. രണ്ടാമത് ചെയ്തത് ഓട്ടോറിക്ഷ. സിനിമയുടെ ജയപരാജയങ്ങളില്‍ സന്തോഷിക്കുകയും വിഷമം തോന്നുകയും ചെയ്തിട്ടുണ്ട്. എല്ലാം തരണം ചെയ്തേ ഒരു സിനിമ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

സംസ്ഥാന അവാര്‍ഡ്

ജീവിതത്തില്‍ മറക്കാനാവാത്ത ഒരു മൊമെന്‍റ് ആയിരുന്നു അത്. അയാള്‍, മെമ്മറീസ് എന്നീ ചിത്രങ്ങള്‍ക്ക് ആണ് അവാര്‍ഡ് ലഭിച്ചത്. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്തിലൂടെ ആണ് ഞാന്‍ അന്ന് പോയിക്കൊണ്ടിരുന്നത്. അന്ന് കുടുംബസമേതം മൂകാംബിക അമ്പലത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയി തിരിച്ചു ഒരു ടെമ്പോട്രാവലറില്‍ വരുമ്പോഴാണ് അവാര്‍ഡ് പ്രഖ്യാപനം അറിയുന്നത്. അന്ന് ഉണ്ടായ സന്തോഷം അതിരുകടന്നതാണ്.

സിനിമയ്ക്ക് വേണം ഡയറക്ടര്‍- സിനിമാറ്റോഗ്രാഫര്‍ കെമിസ്ട്രി

എല്ലാ സിനിമയും നന്നാവാന്‍ ആദ്യം വേണ്ടത് ഡയറക്ടര്‍- സിനിമാട്ടോഗ്രാഫര്‍ കെമിസ്ട്രി ആണ്. ഷൂട്ടിനിടയില്‍ പല അഭിപ്രായവ്യത്യാസങ്ങളും കാണും. എന്നാലും, അതിനെ മറികടന്ന് സൗഹൃദപരമായി വേണം മുന്നോട്ടുപോകാന്‍. പലപ്പോഴും ഈഗോക്ലാഷുകള്‍ കാരണം മോശമായിപ്പോയ സിനിമകള്‍ ഉണ്ട്. രണ്ടുപേരുടെയും ക്രിയേറ്റിവിറ്റിയെ അംഗീകരിച്ചു മുന്നോട്ടുപോകണം.

 

Tags
sujith vasudev