'കോംപ്രമൈസിന് തയ്യാറായാൽ ലക്ഷങ്ങൾ'; താരപുത്രന്മാർക്ക് എല്ലാം വളരെ എളുപ്പം; അനുഭവം തുറന്ന് പറഞ്ഞ് നടി
Highlights
'നിങ്ങൾ കോംപ്രമൈസിന് തയ്യാറാണെങ്കിൽ ഒരു ലക്ഷം രൂപയിലധികം ലഭിക്കും'
സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മാൻവി ഗാഗ്രൂ. കരിയറിന്റെ തുടക്കകാലത്ത് തനിക്ക് ലഭിച്ച ഒരു സന്ദേശമാണ് ഏറെ ഞെട്ടലുണ്ടാക്കിയതെന്ന് മാൻവി വെളിപ്പെടുത്തി. വിട്ടുവിഴ്ച്ചകൾക്ക് തയ്യാറായാൽ പണം സമ്പാദിക്കാമെന്ന ഉപദേശമാണ് തനിക്ക് ലഭിച്ചതെന്നാണ് താരം പറയുന്നത്.
'നിങ്ങൾ കോംപ്രമൈസിന് തയ്യാറാണെങ്കിൽ ഒരു ലക്ഷം രൂപയിലധികം ലഭിക്കും' എന്ന തരത്തിലുള്ള സന്ദേശമാണ് ലഭിച്ചത്. ആ സന്ദേശം എന്നെ അമ്പരപ്പിച്ചു. എന്നാൽ സിനിമാ മേഖലയിലൂടെ മുന്നോട്ടുപോകുമ്പോൾ എത്രത്തോളം ജാഗ്രത പാലിക്കണമെന്ന് മനസ്സിലാക്കാൻ ആ അനുഭവം സഹായിച്ചു," മാൻവി പറഞ്ഞു.
സിനിമാ രംഗത്തെ അവസരങ്ങളെക്കുറിച്ചും താരം അഭിപ്രായപ്പെട്ടു. താരപുത്രന്മാർക്ക് സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത് താരതമ്യേന എളുപ്പമാണെന്ന് സമ്മതിച്ച മാൻവി, അവരുടെ കുടുംബപശ്ചാത്തലവും വിശാലമായ ബന്ധങ്ങളും വലിയ നേട്ടമാണെന്നും ചൂണ്ടിക്കാട്ടി.
"അവർക്ക് ആളുകളെ എളുപ്പത്തിൽ സമീപിക്കാനും സിനിമാ മേഖലയിലെ പ്രവർത്തനരീതികൾ മനസ്സിലാക്കാനും സാധിക്കും. എന്നാൽ ഒടുവിൽ ആരാണ് നിലനിൽക്കേണ്ടതെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്," താരം പറഞ്ഞു.
അതേസമയം, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയും പ്രേക്ഷകരുടെ മാറുന്ന താൽപര്യങ്ങളും കഴിവുള്ള കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും മാൻവി വ്യക്തമാക്കി.
വർഷങ്ങളായി സിനിമകളിലും വെബ് സീരിസുകളിലും സജീവ സാന്നിധ്യമായ മാൻവി ഗാഗ്രൂ, 'ടിവിഎഫ് പിച്ചേഴ്‌സ്', 'ട്രിപ്ലിംഗ്', 'ഫോർ മോർ ഷോട്സ് പ്ലീസ്!', 'ഹാഫ് സി.എ' തുടങ്ങിയ ജനപ്രിയ പ്രോജക്ടുകളിലൂടെ ശ്രദ്ധ നേടിയ താരമാണ്.