Friday, 22 May 2026 | 05:26 PM

Exclusive

ചിത്രജാലക്കാഴ്ചകള്‍:- വിജയശ്രീയുടെ മരണജാതകം

എന്‍.ടി. സതീഷ് 05 May 2026 12:30 PM
ചിത്രജാലക്കാഴ്ചകള്‍:- വിജയശ്രീയുടെ മരണജാതകം

 

ലയാളചലച്ചിത്രം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ നടിയായിരുന്നു വിജയശ്രീ. അതായത് മലയാളസിനിമയിലെ മെര്‍ലിന്‍മണ്‍ട്രോ. ഇങ്ങനൊരു അഭിപ്രായം പങ്കുവച്ചത് സംവിധായകന്‍ ഭരതന്‍ ആയിരുന്നു. ഭരതന്‍റെ വാക്കുകള്‍ അക്ഷരംപ്രതി ശരിയാണ്. 

വിജയശ്രീ അഭിനയത്തെക്കാളുപരി സാന്നിധ്യം കൊണ്ട് പ്രേക്ഷകമനസ്സില്‍ ദൃശ്യോത്സവം സൃഷ്ടിച്ച നടിയാണ്. അവരുടെ വശീകരണശക്തിയുള്ള ചിരി, അംഗപ്രത്യംഗ ചലനങ്ങള്‍, മറ്റൊരു നടിക്കും ആവിഷ്ക്കരിക്കാന്‍ കഴിയാത്ത ശൃംഗാരചേഷ്ടകള്‍, ഭാവങ്ങള്‍ ഒക്കെ കാണികളില്‍ കാഴ്ചയുടെ ഒരു വസന്തം തന്നെ സൃഷ്ടിച്ചിരുന്നു. തമിഴ് സിനിമയില്‍ കൂടിയായിരുന്നു വിജയശ്രീയുടെ സിനിമാഅരങ്ങേറ്റം. 1966 ല്‍ റിലീസ് ചെയ്ത 'ചിത്തി' ആയിരുന്നു ആദ്യ ചിത്രം. 1969 ല്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത 'പൂജാപുഷ്പ'ത്തിലൂടെയാണ് വിജയശ്രീ മലയാളത്തില്‍ എത്തുന്നത്. തുടര്‍ന്ന് വാണിജ്യസിനിമകളുടെ ഒരു പെരുമഴക്കാലം തന്നെ വിജയശ്രീ സൃഷ്ടിച്ചു. 

അങ്ങനെ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന അവസരത്തിലാണ് യാതൊരു മുന്‍വിധിയും ഇല്ലാതെ അവര്‍ ഏതോ ബാഹ്യപ്രേരണയുടെ സമ്മര്‍ദ്ദത്താല്‍ ജീവിതത്തിന് വിരാമം കുറിച്ചത്. വിജയശ്രീ മരിക്കുമ്പോള്‍ അതൊരു ആത്മഹത്യയാണെന്നും അതല്ല കൊലപാതകമാണെന്നും വാദിക്കുന്ന അഭ്യൂഹങ്ങള്‍ ഏറെ പരന്നിരുന്നു.

വിജയശ്രീയുടെ മരണം 1974 മാര്‍ച്ച് 14-ാം തീയതിയായിരുന്നു. മദ്രാസ്സിലെ അഡയാറിലുള്ള വീട്ടിലായിരുന്നു സംഭവം. അപ്പോള്‍ വിജയശ്രീയുടെ വീട്ടില്‍ അമ്മയെക്കൂടാതെ കുടുംബസുഹൃത്തായ കാസിം എന്നയാളുടെ ഭാര്യയും അവരുടെ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞു ഷൂട്ടിംഗ് ഇല്ലാതിരുന്നതുകൊണ്ട് വിജയശ്രീ കാസിമിന്‍റെ കുട്ടികളുമായി വൈകുന്നേരം വരെ താഴത്തെ നിലയില്‍ കഴിച്ചുകൂട്ടി. ആറുമണി കഴിഞ്ഞപ്പോള്‍ ആര്‍ക്കും അസ്വാഭാവികമായി യാതൊന്നും തോന്നാത്തവിധം അവര്‍ മുകളിലത്തെ നിലയിലുള്ള സ്വന്തം മുറിയിലേക്ക് പോയി. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ താഴെയുണ്ടായിരുന്നവര്‍ മുകളില്‍നിന്ന് ഛര്‍ദ്ദിക്കുന്നതിന്‍റെയും മറ്റും ശബ്ദവും ബഹളവും കേട്ടു. അവര്‍ മുകളിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ തളര്‍ന്നുകിടക്കുന്ന വിജയശ്രീയെയാണ് കണ്ടത്. 

ഫോളിഡോളിന്‍റെ ഒരൊഴിഞ്ഞ കുപ്പിയും ഗ്ലാസ്സും മേശപ്പുറത്തുണ്ടായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള നേഴ്സിംഗ് ഹോമില്‍ കൊണ്ടുപോയെങ്കിലും സ്ഥിതി ഗുരുതരമായതുകൊണ്ട് ഉടനടി ജനറല്‍ ആശുപത്രിയിലത്തിച്ചു. പക്ഷേ വിദഗ്ദ്ധശുശ്രൂഷ ലഭിക്കുന്നതിന് മുമ്പ് വിജയശ്രീ അന്ത്യശ്വാസം വലിച്ചു.
വിജയശ്രീയെ മരണത്തിലേയ്ക്ക് നയിക്കാന്‍ കാരണമായത് അജ്ഞാതമായ ഒരു ഫോണ്‍ കോള്‍ ആണെന്ന് പറയപ്പെടുന്നു. കുടുംബസുഹൃത്തായ കാസിം സേട്ടിന്‍റെ കുട്ടികളുമായി കളിച്ചും രസിച്ചുമിരുന്ന സന്ദര്‍ഭത്തിലാണ് ആ ഫോണ്‍ ബെല്‍ മുഴങ്ങിയത്. ഫോണ്‍ അറന്‍റ് ചെയ്തശേഷം അവരുടെ മുഖഭാവം മാറിയത്രെ. മുഖം കറുത്തിരുളുകയും ആഹ്ലാദം പൊലിയുകയും ചെയ്തു. അതിനുശേഷം ആരോടും ഒന്നും പറയാതെ പൂജാമുറിയിലേക്കും  അല്‍പ്പംകഴിഞ്ഞു മുകളിലത്തെ കിടപ്പുമുറിയിലേയ്ക്ക് പോവുകയും ചെയ്തു. പിന്നീട് കേട്ടത് ഛര്‍ദ്ദിക്കുന്നതിന്‍റെയും മറ്റും ബഹളമായിരുന്നു.

മരിക്കുന്ന അവസരത്തില്‍ വിജയശ്രീക്ക് ചിത്രങ്ങള്‍ പൊതുവെ കുറവായിരുന്നു. അതിനൊരു കാരണമായത് ഉദയായുമായുള്ള തര്‍ക്കങ്ങളും ചില കാര്യങ്ങളിലുള്ള വിയോജിപ്പുമായിരുന്നു. ചുരുങ്ങിയ നാള്‍കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയയായിത്തീരുകയും നായിക നടിമാരുടെ മുന്‍നിരയില്‍ അവരോധിക്കപ്പെടുകയും ചെയ്ത നടിയായിരുന്നു വിജയശ്രീ. ലോഭമില്ലാതെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു കാണികളുടെ ഹരമായിത്തീര്‍ന്ന വിജയശ്രീ ഒരു ചെറിയ കാലയളവില്‍ കച്ചവട സിനിമയുടെ 'സെക്സ്' സിംബലായിരുന്നു. ഒരു മാദകനടിയെന്ന നിലയില്‍ അവരുടെ താരമൂല്യം ഉയര്‍ത്തുന്നതില്‍ ഉദയാ ചിത്രങ്ങളുടെ പങ്ക് നിഷേധിക്കാവുന്നതല്ല. വിജയശ്രീ ഒരു താരമായി ഉയര്‍ന്നതോടെ അവര്‍ ഉദയായുടെ ഒരു കമ്പനി ആര്‍ട്ടിസ്റ്റായിത്തീരുകയാണുണ്ടായത്. വ്യക്തമായിപ്പറഞ്ഞാല്‍ ഒരു അടിമതാരം.

എന്നാല്‍ പൊടുന്നനെയാണ് വിജയശ്രീ ഉദയായ്ക്കെതിരെ തിരിഞ്ഞത്. നിശിതമായ ഭാഷയില്‍ തുറന്നടിച്ചുകൊണ്ട് അവര്‍ ഉദയായ്ക്കും കുഞ്ചാക്കോയ്ക്കുമെതിരെ കുറ്റാരോപണമുയര്‍ത്തി. ഉദയാചിത്രങ്ങളില്‍ താനിനി അഭിനയിക്കുകയില്ലെന്ന് അസന്നിഗ്ദ്ധമായ ഭാഷയില്‍ പ്രസ്താവിച്ചു. വിജയശ്രീയുടെ ഈ പ്രഖ്യാപനം അക്കാലത്ത് ഒരു നടുക്കം തന്നെയായിരുന്നു.
'നാന'യ്ക്ക് നല്‍കിയ ഒരഭിമുഖത്തിലാണ് വിജയശ്രീ പ്രഖ്യാപനം നടത്തിയതും അതിന്‍റെ കാരണങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞതും. സെക്സ് പ്രദര്‍ശിപ്പിക്കാന്‍ ചെലുത്തുന്ന അമിതപ്രേരണയും സാമ്പത്തികവാഗ്ദാനലംഘനവും ഗ്ലാസ് ഫാക്ടറിക്ക് ഷെയറെടുക്കാന്‍ നടത്തിയ സമ്മര്‍ദ്ദവും ഒരു ചലച്ചിത്ര നടിയെന്ന നിലയില്‍ തന്‍റെ ഭാവി ഉദയാചിത്രങ്ങളില്‍ സുരക്ഷിതമല്ലെന്നാണ് വിജയശ്രീ കാരണമായി നിരത്തിയത്.

വിജയശ്രീയുടെ അവയവഭംഗി പ്രദര്‍ശിപ്പിക്കുന്നതില്‍ മാത്രമാണ് ഉദയക്കാര്‍ താല്‍പ്പര്യം കാട്ടുന്നതെന്നതിന് ഉദാഹരണമാണ് 'പൊന്നാപുരം കോട്ട'യിലെ വിവാദമായ കുളിസീന്‍. അതേപ്പറ്റി വിജയശ്രീ 'നാന'യോട് പറഞ്ഞത് ഇപ്രകാരമാണ്- ഞാന്‍ കേരളത്തിലാണ് ജനിച്ചതെങ്കിലും മദ്രാസ്സിലാണ് വളര്‍ന്നത്. എനിക്ക് മുണ്ടുടുക്കാനറിഞ്ഞുകൂടാ. അതുകൊണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വസ്ത്രം അഴിഞ്ഞുപോയി. ആ രംഗം സൂംലെന്‍സ് ഉപയോഗിച്ച് അകലെ നിന്നവര്‍ ക്യാമറയില്‍ പകര്‍ത്തി. ഈ രംഗം ലാബറട്ടറിയില്‍വച്ച് കണ്ട ഒരാള്‍ എന്നോട് ആ കാര്യം പറഞ്ഞു. ഞാന്‍ വളരെ നിര്‍ബന്ധിച്ചിട്ടും അവര്‍ അത് ഒഴിവാക്കിയില്ല. പക്ഷേ ഒടുവില്‍ സെന്‍സര്‍ ബോര്‍ഡുകാര്‍ ആ ഭാഗം കട്ടുചെയ്തുകഴിഞ്ഞു. അതുപോലെ 'പൊന്നാപുരം കോട്ട'യില്‍ എനിക്ക് ആക്ഷേപകരമായി തോന്നിയിട്ടുള്ള പല അവയവപ്രദര്‍ശനങ്ങളും എന്‍റെ ഗതികേടുകൊണ്ട് സംഭവിച്ചിട്ടുള്ളതാണ്.

ഉദയാചിത്രങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷമാണ് വിജയശ്രീ മെറിലാന്‍റ് സ്റ്റുഡിയോയുമായി കരാറിലേര്‍പ്പെട്ടതും അവരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയതും.

മെറിലാന്‍റ് ചിത്രങ്ങളില്‍ വിജയശ്രീ സജീവമായത്. വര്‍ഷങ്ങള്‍ക്കുമുമ്പുമുതലെ ഇവരുമായി വാണിജ്യമത്സരങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഉദയായുടെ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. വിജയശ്രീ മരണമടയുന്ന അവസരത്തില്‍ അവര്‍ മെറിലാന്‍റിന്‍റെ 'വണ്ടിക്കാരി' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ ചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ തുടര്‍ന്നു പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് പോകാന്‍ തീരുമാനിക്കവേയായിരുന്നു അന്ത്യം.

വിജയശ്രീയുടെ മെറിലാന്‍റ് സ്റ്റുഡിയോയുമായുള്ള നിരന്തരബന്ധമാണ് അജ്ഞാതന്‍റെ ഫോണ്‍കോളായി, ഭീഷണിയായി അവരുടെ ജീവന്‍ നഷ്ടപ്പെടുത്താന്‍ കാരണമായതെന്ന് പറയപ്പെടുന്നു. അതോടൊപ്പം 'നാന'യില്‍ വിജയശ്രീ നല്‍കിയ തുറന്നുപറച്ചിലും അതിന് മറ്റൊരു നിമിത്തമായിട്ടുണ്ട്. ഏതായാലും ഉദയായ്ക്കെതിരെ 'നാന'യില്‍ വന്ന വിജയശ്രീയുടെ കുറ്റാരോപണം ശരിയല്ലെന്നും തങ്ങള്‍ക്കത് അപകീര്‍ത്തികരമാണെന്നും ചൂണ്ടിക്കാണിച്ച് ഉദയാസ്റ്റുഡിയോ വിജയശ്രീക്കും 'നാന'യ്ക്കുമെതിരെ ഒരു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. വിജയശ്രീയായിരുന്നു ഒന്നാം പ്രതി. 'നാന' മാനേജിംഗ് എഡിറ്റര്‍, ചീഫ് എഡിറ്റര്‍, പ്രിന്‍റര്‍ ആന്‍റ് പബ്ലിഷര്‍ എന്നിവരായിരുന്നു രണ്ടും മൂന്നും നാലും പ്രതികള്‍. ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസ്സ് ഫയല്‍ ചെയ്തത്. ഉദയായ്ക്കുവേണ്ടി മാനേജിംഗ് ഡയറക്ടര്‍ എം.സി. പുന്നൂസാണ് കേസ്സ് ഫയല്‍ ചെയ്തിരുന്നത്.  പ്രേംനസീര്‍, കെ.പി. ഉമ്മര്‍, ക്യാമറാമാന്‍ അയ്യപ്പന്‍, കെ.പി. ഹരിഹരന്‍, കെ.ആര്‍. പ്രഭാകരന്‍ എന്നിവരായിരുന്നു സാക്ഷികള്‍.

എന്നാല്‍ 1973 ഡിസംബര്‍ 31 ന് വിജയശ്രീയും വാദി എം.സി. പുന്നൂസും ഹാജരാക്കിയ സംയുക്ത സ്റ്റേറ്റ്മെന്‍റിന്‍റെ അടിസ്ഥാനത്തില്‍ വിജയശ്രീ കേസ്സില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് 1974 മാര്‍ച്ച് 3 ന് വിജയശ്രീ 'നാന' ചീഫ് എഡിറ്റര്‍ക്ക് ഒരു കത്തെഴുതുകയുണ്ടായി. അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ച് ചീഫ് എഡിറ്റര്‍ എഴുതിയ കത്തിനുള്ള മറുപടിയായിരുന്നത്. വിജയശ്രീ അവസാനനാളുകളില്‍ അനുഭവിക്കേണ്ടിവന്ന മാനസികയാതനകളുടെയും വേദനകളുടെയും അവമതിപ്പിന്‍റെയും ബഹിര്‍സ്ഫുരണങ്ങള്‍ ആ കത്തിലുണ്ട്. അത് വിജയശ്രീ നാനയ്ക്കെഴുതിയ  അവസാനത്തെ കത്തായിരുന്നു. ആ കത്തെഴുതി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു വിജയശ്രീയുടെ മരണം. 1985 ആഗസ്റ്റ് 4 ലക്കത്തില്‍ ഇതേപ്പറ്റി സവിസ്തരം പ്രതിപാദിച്ചിരുന്നു.

 

Tags
Vijayashree