രമേശ് പിഷാരടിയുടെ പുതിയ തീരുമാനത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ
Highlights
മെമെന്റോ, പൊന്നാടാ, ബൊക്കെ എന്നിവ എനിക്ക് തരുന്നത് ഒഴിവാക്കാം
പൊതുപരിപാടികളിൽ താൻ പങ്കെടുക്കുമ്പോൾ സ്നേപോഹാരമായി പുസ്തകങ്ങൾ നൽകിയാൽ മതിയെന്ന നടനും എംഎൽഎയുമായ രമേഷ് പിഷാരടിയുടെ നിലപാടിന് കയ്യടിച്ച് സോഷ്യൽ മീഡിയ. പരിപാടികളിൽ മൊമന്റോ, പൊന്നാട, ബൊക്കെ എന്നിവ നൽകുന്ന പതിവ് അവസാനിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. സ്നേഹസമ്മാനം നൽകണമെന്ന് നിർബന്ധമാണെങ്കിൽ അതിന് പകരം പുസ്തകങ്ങൾ നൽകാമെന്നും വായനാദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രമേഷ് പിഷാരടി വ്യക്തമാക്കി.
ഇത്തരത്തിൽ ലഭിക്കുന്ന പുസ്തകങ്ങൾ വായിച്ച ശേഷം വായനശാലകൾക്ക് കൈമാറുമെന്നും പിഷാരടി വ്യക്തമാക്കി. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും പുസ്തകങ്ങളുടെ പ്രചാരം വർധിപ്പിക്കുന്നതിനുമായാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
"പുതിയ തീരുമാനം...മെമെന്റോ, പൊന്നാടാ, ബൊക്കെ എന്നിവ എനിക്ക് തരുന്നത് ഒഴിവാക്കാം..ഒരു മാസം കുറഞ്ഞത് 50 പൊതുപരിപാടികളിൽ എങ്കിലും എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്നുണ്ട്. ഇവയിലേതെങ്കിലും ഒന്നോ മൂന്നും ചേർന്നോ ലഭിക്കും. ഇതിനു കുറഞ്ഞത് 1000 രൂപയെങ്കിലും ആയേക്കും. എനിക്ക് വേണ്ടി ആ പണം ചിലവാക്കുന്നത് സംഘാടകർക്ക് ഒഴിവാക്കാം....ഒഴിവാക്കണം. അതൊരു സ്നേഹമാണെന്ന് അറിയാം. അഥവാ നിർബന്ധമെങ്കിൽ അവയ്ക്ക് പകരം ഒരു പുസ്തകം തന്നാൽ മതി. വായിക്കാം...വായനശാലയ്ക്ക് കൊടുക്കാം..."- എന്നാണ് രമേഷ് പിഷാരടി കുറിച്ചത്.
പിഷാരടിയുടെ തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വാഗതം ചെയ്തത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'ഉപഹാരങ്ങളേക്കാൾ അറിവിന് പ്രാധാന്യം നൽകിയ എംഎൽഎയുടെ തീരുമാനം ഒരു ജനപ്രതിനിധിയുടെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണ്. അഭിനന്ദനങ്ങൾ' എന്നാണ് പലരും കുറിച്ചിരിക്കുന്നത്.