Friday, 22 May 2026 | 06:07 PM

Exclusive

ചിത്രജാലക്കാഴ്ചകള്‍:- പത്മരാജ ചലച്ചിത്ര ഗന്ധര്‍വ്വ സ്മരണ@ 35

എന്‍.ടി. സതീഷ് 05 May 2026 12:30 PM
ചിത്രജാലക്കാഴ്ചകള്‍:- പത്മരാജ ചലച്ചിത്ര ഗന്ധര്‍വ്വ സ്മരണ@ 35

 

ലയാള സാഹിത്യത്തെ അക്ഷരചിന്താശോഭകൊണ്ടും ഭാവനകൊണ്ടും ധന്യമാക്കുകയും ചലച്ചിത്രങ്ങളില്‍ ഗ്രാമ്യജീവിതത്തിന്‍റെ കാണാക്കാഴ്ചകള്‍ അതിമനോഹരമായി ആവിഷ്ക്കരിക്കുകയും ചെയ്ത മഹാപ്രതിഭയായിരുന്നു പി. പത്മരാജന്‍. അദ്ദേഹത്തിന്‍റെ സാഹിത്യസപര്യയില്‍ കുങ്കുമം- കേരളശബ്ദം പ്രസിദ്ധീകരണങ്ങള്‍ വഹിച്ച പങ്ക് ഒരിക്കലും വിസ്മരിക്കാവുന്നതല്ല. 

പത്മരാജന്‍റെ ആദ്യനോവല്‍ 'നക്ഷത്രങ്ങളെ കാവല്‍' പ്രസിദ്ധീകരിക്കുന്നത് കുങ്കുമത്തിലാണ്. 1970 ല്‍ കുങ്കുമം സംഘടിപ്പിച്ച നോവല്‍ അവാര്‍ഡ് മത്സരത്തില്‍ മികച്ച നോവലിനുള്ള രണ്ടാമത്തെ അവാര്‍ഡ് നേടിയത് 'നക്ഷത്രങ്ങളെ കാവല്‍' ആയിരുന്നു. തുടര്‍ന്ന് ഈ നോവല്‍ 1972 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. അന്ന് കുങ്കുമം നോവല്‍ മത്സരത്തില്‍ മികച്ച നോവലിനുള്ള ഒന്നാം സമ്മാനം കരസ്ഥമാക്കിയത് പി. വത്സലയുടെ 'നെല്ല്' ആയിരുന്നു. നെല്ലും നക്ഷത്രങ്ങളെ കാവലും പിന്നീട് ചലച്ചിത്രമാക്കപ്പെടുകയും ചെയ്തു. കുങ്കുമകാലത്ത് ഈ നക്ഷത്രനോവല്‍ മാത്രമായിരുന്നില്ല പത്മരാജന്‍റേതായി പ്രസിദ്ധീകരിച്ചിരുന്നത്. 

ഇതാ ഇവിടെവരെ, വാടകയ്ക്ക് ഒരു ഹൃദയം തുടങ്ങിയവയും വായനക്കാരെ പ്രത്യേകം ആകര്‍ഷിച്ച നോവലുകളാണ്. കേരളശബ്ദത്തില്‍ പ്രസിദ്ധീകരിക്കാന്‍ 'പാമ്പ്' എന്ന പേരില്‍ അദ്ദേഹം കൊണ്ടുവന്ന നോവലാണ് പില്‍ക്കാലത്ത് പത്രാധിപസമിതി അംഗം കെ.എസ്. ചന്ദ്രന്‍ രതിനിര്‍വ്വേദമാക്കി പ്രസിദ്ധീകരിച്ചതും ചലച്ചിത്രമായപ്പോള്‍ കൗമാരകാമനകളുടെ മനസ്സറിഞ്ഞ ദൃശ്യാവിഷ്കാരമായി പ്രകമ്പനം സൃഷ്ടിച്ചതും. 

അതുപോലെ പത്മരാജന്‍റെ 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍' എന്ന കഥയും വെളിച്ചം കണ്ടത് കേരളശബ്ദത്തിലൂടെയാണ്. അങ്ങനെ കുങ്കുമം- കേരളശബ്ദം പ്രസിദ്ധീകരണങ്ങളുടെ ഉറ്റസുഹൃത്തായ സാഹിത്യകാരനും ചലച്ചിത്രകാരനുമായിരുന്നു പി. പത്മരാജന്‍. ഇക്കഴിഞ്ഞ ജനുവരി 23 ന് പത്മരാജന്‍റെ ഗന്ധര്‍വ്വസാന്നിധ്യം മലയാള ദൃശ്യഭാഷയ്ക്കും സാഹിത്യത്തിനും ഒരുപോലെ നഷ്ടമായിട്ട് മുപ്പത്തിയഞ്ച് വര്‍ഷം തികഞ്ഞിരിക്കുന്നു.

പത്മരാജന്‍റെ ചലച്ചിത്ര പ്രയാണത്തിന്‍റെ തുടക്കം തിരക്കഥാകൃത്തായിട്ടാണ്. 1975 ല്‍ ഭരതന്‍ സംവിധാനം ചെയ്ത 'പ്രയാണം' തന്നെയായിരുന്നു ആ ചിത്രം. സ്ത്രീയുടെ അടക്കാത്ത അഭിനിവേശങ്ങളുടെയും മോഹഭംഗങ്ങളുടെയും കഥയായിരുന്നു പ്രയാണത്തിന്‍റെ പ്രമേയം. ആ ചിത്രം സത്യത്തില്‍ ഭരതന്‍റെയും പത്മരാജന്‍റെയും ചലച്ചിത്ര ജീവിതത്തില്‍ ഒരു പ്രയാണം തന്നെയായി ഭവിച്ചു. 

പിന്നെ എത്രയെത്ര ചിത്രങ്ങള്‍ക്ക് പത്മരാജന്‍ തിരക്കഥയെഴുതുന്നതോടൊപ്പം സാക്ഷാത്ക്കാരവും നിര്‍വ്വഹിച്ചു. ഭരതന്‍ പത്മരാജനൊപ്പം കൂട്ടുചേര്‍ന്നും അല്ലാതെയും എത്രയോ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പത്മരാജന്‍റെ തിരക്കഥയില്‍ പ്രയാണത്തെത്തുടര്‍ന്ന് പിറവികൊണ്ട ചിത്രങ്ങള്‍ ഇവയാണ്- ഇതാ ഇവിടെവരെ, നക്ഷത്രങ്ങളെ കാവല്‍, രാപ്പാടികളുടെ ഗാഥ, രതിനിര്‍വ്വേദം, വാടകയ്ക്കൊരു ഹൃദയം, കൊച്ചുകൊച്ചു തെറ്റുകള്‍, തകര, ശാലിനി എന്‍റെ കൂട്ടുകാരി, കൈകേയി, ലോറി, ഇടവേള, ഈണം, കാണാമറയത്ത്, ഒഴിവുകാലം, കരിമ്പിന്‍ പൂവിനക്കരെ, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്. പത്മരാജന്‍ തന്‍റെ കഥയോട് നീതി പുലര്‍ത്തുന്ന സംവിധായകരോട് പ്രത്യേകമായൊരു സ്നേഹബന്ധവും ഇഴയടുപ്പവും കാത്തുസൂക്ഷിച്ചിരുന്നു. 

അവര്‍ ഭരതനും ഐ.വി. ശശിയും കെ. ജി. ജോര്‍ജ്ജും മോഹനുമായിരുന്നു പത്മരാജന്‍കഥകളുടെ അന്ത:സത്ത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുതന്നെയാണ് അവര്‍ അവയ്ക്ക് ദൃശ്യസാക്ഷാത്ക്കാരം നിര്‍വ്വഹിച്ചിരുന്നതും.

പത്മരാജന്‍ എന്ന ചലച്ചിത്രകാരന്‍ ഒരിക്കലും ഒരു തിരക്കഥാകൃത്തായി മാത്രം അറിയാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നില്ല. ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതുമ്പോള്‍ തന്നെ ചലച്ചിത്ര സാക്ഷാത്ക്കാരത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അങ്ങനെ പത്മരാജന്‍ സൃഷ്ടിച്ച ചിത്രങ്ങളാണ് പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍, നവംബറിന്‍റെ നഷ്ടം, കൂടെവിടെ?, പറന്ന് പറന്ന് പറന്ന്, തിങ്കളാഴ്ച നല്ല ദിവസം, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ദേശാടനക്കിളി കരയാറില്ല. നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികള്‍, അപരന്‍, മൂന്നാം പക്കം, സീസണ്‍, ഇന്നലെ, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഞാന്‍ ഗന്ധര്‍വ്വന്‍ എന്നിവ. ഇവയില്‍ പെരുവഴിയമ്പലം, തിങ്കളാഴ്ച നല്ല ദിവസം എന്നീ ചിത്രങ്ങള്‍ ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കുകയും മറ്റുചില ചിത്രങ്ങള്‍ വിദേശചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് അംഗീകാരം നേടുകയും ചെയ്തിരുന്നു. 

കൂടാതെ പത്മരാജന്‍റെ തിരക്കഥകള്‍ക്കും കഥകള്‍ക്കും സംസ്ഥാനതലത്തില്‍ തന്നെ ഏഴില്‍പ്പരം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദേശീയ തലത്തിലും അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങള്‍ തിരക്കഥയിലും സംവിധാനത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.
സാഹിത്യത്തിലെന്ന പോലെ തന്നെ ചലച്ചിത്ര മേഖലയിലും പ്രത്യേകമായൊരു കാഴ്ചപ്പാട് പത്മരാജനുണ്ടായിരുന്നു. അത് കൂടുതല്‍ വെളിവാകുന്നത് 1985 ജൂലൈ 28 ലക്കം 'നാന'യില്‍ അദ്ദേഹം കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ ജി. ഹരിയുമായി നടത്തിയ അഭിമുഖത്തിലാണ്. അതിലേയ്ക്ക് ഒന്നാഴ്ന്നിറങ്ങി പത്മരാജവാക്കുകള്‍ക്ക് ഒരിക്കല്‍കൂടി കാതോര്‍ക്കാം.

ഒരു ചിത്രം എന്ത് സാമ്പത്തിക നേട്ടമുണ്ടാക്കി എന്നുനോക്കിയല്ല അതിന്‍റെ ജയപരാജയങ്ങള്‍ വിലയിരുത്തേണ്ടത്. വളരെ മെച്ചപ്പെട്ടതെന്ന് തോന്നിയ എന്‍റെ പല ചിത്രങ്ങളും പരാജയത്തിന്‍റെ കയ്പ് അനുഭവിച്ചിട്ടുണ്ട്. ഇതിനകം പല ചിത്രങ്ങള്‍ക്ക് ഞാന്‍ തിരക്കഥ എഴുതി. രാപ്പാടികളുടെ ഗാഥ, ഈണം, ഒരിടത്തൊരു ഫയല്‍വാന്‍, കൈകേയി എന്നീ ചിത്രങ്ങളാണ് കളക്ഷനില്‍ പരാജയപ്പെട്ടത്. ഗാഥ എനിക്ക് നല്ല തിരക്കഥയ്ക്ക് അവാര്‍ഡ് നേടിത്തന്നു. ഈണം ഗോപിക്ക് നല്ല നടനുള്ള അവാര്‍ഡ് നല്‍കി, ഫയല്‍വാന്‍ വളരെഅധികം അവാര്‍ഡുകള്‍ നേടി. പല ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചു. ഇനി തിങ്കളാഴ്ച നല്ല ദിവസത്തില്‍ ഒരു നല്ല സന്ദേശമുണ്ട്. മണ്ണും മനുഷ്യനുമായുള്ള ബന്ധം. പ്രകൃതിയോട് മനുഷ്യന്‍ കൂടുതല്‍ അടുക്കേണ്ടതിന്‍റെ ആവശ്യകത. വെറും മെറ്റീരിയലായി മാത്രം കാര്യങ്ങളെ കാണുന്നതിന്‍റെ അപര്യാപ്തത ഇങ്ങനെ ആഴമുള്ള പ്രശ്നങ്ങള്‍ മാത്രമാണ് ഞാന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. 

അതില്‍ വിലകുറഞ്ഞ തമാശകളോ, ഇളം പ്രായക്കാരെ ആകര്‍ഷിക്കാന്‍ ഇക്കിളിക്കൂട്ടുന്ന രംഗങ്ങളോ ഒന്നുമില്ല. ഞാനുള്‍പ്പെടെയുള്ള തലമുറയെ അലട്ടുന്ന പ്രശ്നങ്ങള്‍, നമ്മുടെ സിനിമ സീരിയസ്സായി ഇറങ്ങിച്ചെല്ലാത്ത പ്രശ്നമാണത്. സാധാരണയായി നമ്മുടെ സിനിമയിലെ കഥാപാത്രങ്ങള്‍ നായികനായകന്മാരുടെ സപ്പോര്‍ട്ടിംഗ് കഥാപാത്രങ്ങള്‍ മാത്രമാണ്. എന്നാല്‍ ഇതില്‍ മുതിര്‍ന്നവരുടെ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. നാളെ നമുക്കും നേരിടേണ്ടി വരുന്ന അവസ്ഥ. അത്ര ആഴത്തിലേക്ക് ചിന്തിക്കാന്‍ ചെറുപ്പക്കാരായ ആസ്വാദകര്‍ തയ്യാറായിട്ടില്ല. പക്ഷേ ഒരു വര്‍ക്ക് ഓഫ് ആര്‍ട്ട് എന്ന നിലയില്‍ വളരേയേറെ സംതൃപ്തി തന്ന പടമാണിത്.

ധാരാളം ചിത്രങ്ങള്‍ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും റീമേക്കുകളുണ്ടാകുന്ന കാലത്താണ് പതിവ് ട്രാക്കില്‍ നിന്ന് വിട്ട ഞാനാദ്യം പ്രയാണത്തിന്‍റെ തിരക്കഥ എഴുതുന്നത്. മലയാളത്തില്‍ കഥകളില്ലെന്നായിരുന്നു നിര്‍മ്മാതാക്കളുടെ മുറവിളി. എനിക്ക് ആ ട്രാക്ക് വിട്ട് ഇത്രനാള്‍ കഥ പറയാന്‍ കഴിഞ്ഞു. സ്ത്രീകളാണ് വിധി നിര്‍ണ്ണയിക്കുന്നതെന്നറിഞ്ഞുകൊണ്ടുതന്നെ ഞാന്‍ രതിനിര്‍വ്വേദം എഴുതി. ആന്‍റിഹീറോ സബ്ജക്ട് 'ഇതാ ഇവിടെ വരെ' അവതരിപ്പിച്ചു.

കുറച്ചുവര്‍ഷം മുമ്പ് അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍ എന്ന പേരില്‍ കേരളശബ്ദത്തില്‍ ഞാനെഴുതിയ ചെറുകഥയില്‍ നിന്നുമാണ് അതിന്‍റെ തിരക്കഥ വികസിപ്പിച്ചത്. ഇന്നത്തെ നമ്മുടെ മുഖ്യപ്രശ്നമാണ് പ്രമേയം. മതം, വര്‍ഗ്ഗീയത, നാം ദേശീയോദ്ഗ്രഥനത്തെക്കുറിച്ച് ധാരാളം പ്രസംഗിക്കാറുണ്ടങ്കിലും രക്തച്ചൊരിച്ചിലിന് ഒരു കുറവുമില്ല. ഒരു വര്‍ഗ്ഗീയ ലഹളയുടെ പശ്ചാത്തലത്തില്‍ ജാതിയുടെയും മതത്തിന്‍റെയും അര്‍ത്ഥശൂന്യതയെയും മനുഷ്യന്‍ അതിന്നതീതമായി പരസ്പരം സ്നേഹിക്കേണ്ടതിന്‍റെ ആവശ്യകഥയെയും ഈ ചിത്രത്തില്‍ ഊന്നിപ്പറയുന്നു. 

ഇതിനുപയോഗിച്ചിരിക്കുന്നത് സാധാരണ സിനിമയുടെ ഫോര്‍മാറ്റല്ല. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍. 92 കഥാപാത്രങ്ങള്‍- ഞാന്‍ ഏറ്റവും ബുദ്ധിമുട്ട് സഹിച്ച് രൂപപ്പെടുത്തിയ തിരക്കഥയാണിത്. കേരളപശ്ചാത്തലത്തില്‍ മാപ്പിളലഹളക്കാലം ഇങ്ങോട്ട് പരിശോധിച്ചാല്‍ ഏറ്റവും ക്ഷയം സംഭവിച്ചത് നായര്‍ തറവാടുകള്‍ക്കാണ്. ഭാരതപ്പുഴയുടെ തീരങ്ങളില്‍ അവ കുറെ കാണാം. കൂട്ടുകുടുംബ സമ്പ്രദായമായിരുന്നതുകൊണ്ട് മലബാറിലെ തറവാടുകള്‍ അനേകം മുറികളോടുകൂടിയ ഇരുനില കെട്ടിടങ്ങളാണെന്നുകാണാം. ഭൂപ്രഭുത്വത്തിന്‍റെ അന്ത്യം കഴിഞ്ഞ്, എന്നാല്‍ അതിന്‍റെ ഛായയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ ദേവദാസസമ്പ്രദായത്തിന് സമാനമായ ഒരുതരം വേശ്യവൃത്തിയിലേക്ക് നീങ്ങിയ ഒരു കുടുംബത്തെയും ആ ഗ്രാമത്തിലെ ശക്തരായ മാപ്പിളമാരെയും ചുറ്റിപ്പറ്റി വികാസം പ്രാപിക്കുന്ന സംഭവ പരമ്പരകളാണ് ഈ ചിത്രത്തിന്‍റെ ഉള്ളടക്കം.

പത്മരാജന്‍റെ പല വാക്കുകളും ഗന്ധര്‍വ്വ സമാനവാക്കുകളായിരുന്നു. ചിത്രങ്ങളും അങ്ങനെതന്നെ. 1985 ല്‍ അദ്ദേഹം തിങ്കളാഴ്ച നല്ല ദിവസം എന്ന ചിത്രം പുറത്തിറക്കുമ്പോള്‍ കേരളത്തിലെങ്ങും ഒരൊറ്റ വൃദ്ധസദനംപോലുമില്ലായിരുന്നു. ഇപ്പോള്‍ എവിടെ നോക്കിയാലും യുവത്വം പടിയിറക്കിവിട്ടവരുടെ വൃദ്ധസദനങ്ങള്‍ മാത്രമേ കാണാനുള്ളൂ. അതുപോലെ 1986 ല്‍ 'അരപ്പെട്ടിയ ഗ്രാമത്തില്‍' റിലീസ് ചെയ്തശേഷം ഇവിടെ എത്രയെത്ര വര്‍ഗ്ഗീയ കലാപങ്ങള്‍ ആ ചിത്രത്തിന്‍റെ സന്ദേശം ഉള്‍ക്കൊള്ളാതെ അരങ്ങേറി. ഇങ്ങനെ ഓരോ പത്മരാജന്‍ ചിത്രവും പരിശോധിച്ചാല്‍ ഓരോ ഗന്ധര്‍വ്വസൂചന നമുക്ക് ലഭ്യമാകും. ഇത് പത്മരാജന്‍ നല്‍കിയ ഒരു ജനുവരി ഓര്‍മ്മയാണ്.

 

Tags
padmarajan