ഫാല്‍ക്കെ പുരസ്ക്കാര നിറവില്‍ മോഹന്‍ലാല്‍
അഭിനയം ഒരു തീര്‍ത്ഥാടനമാക്കി ലക്ഷ്യസായൂജ്യം കൈവരിച്ച കലാകാരനാണ് മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് ഇന്ത്യന്‍ ചലച്ചിത്രകലയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്ക്കാരം രണ്ടാമത് മോഹന്‍ലാലിലൂടെ കൈവന്നതുതന്നെ ആ തീര്‍ത്ഥാടനയാത്രയെ അദ്ദേഹം വൈവിധ്യവും നിരന്തര കഠിനാദ്ധ്വാനമാക്കിയതിന്‍റെ ഫലമാണ്. അത്രമാത്രം മോഹന്‍ലാലിന്‍റെ ചലച്ചിത്രയാത്ര അവിസ്മരണീയമാംവിധം തലമുറകളെ പ്രചോദിപ്പിക്കുന്നു എന്നത് വാക്കുകള്‍ക്കതീതമായ അത്ഭുതമാണ്.
അസാമാന്യപ്രതിഭയുള്ള നടന്‍ എന്നതിലുപരി നിര്‍മ്മാതാവും സംവിധായകനുമാണ് മോഹന്‍ലാല്‍. അവ്വിധത്തില്‍ ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും നല്‍കിയ അതുല്യ സംഭാവനകള്‍ പരിഗണിച്ചാണ് 2023 ലെ ഫാല്‍ക്കെ പുരസ്ക്കാരം ഇപ്പോള്‍ ലാലിന് നല്‍കുന്നത്. 2004 ല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ലഭിച്ച് രണ്ട് പതിറ്റാണ്ടാകുമ്പോഴാണ് ഈ ദേശീയ ബഹുമതി മലയാളസിനിമയിലേയ്ക്ക് വീണ്ടും എത്തുന്നത്. അതിലൂടെ കേരളം ഫാല്‍ക്കെ നിറവില്‍ അഭിമാനത്താല്‍ ഒരിക്കല്‍ക്കൂടി വിനീതയാകുകയും ഹര്‍ഷപുളകിതയാകുകയും ചെയ്യുന്നു.
.jpg)
മോഹന്‍ലാലിലെ നടനെ പലരും പല വിശേഷണ പദങ്ങള്‍ കൊണ്ട് അലങ്കരിക്കാറുണ്ട്. കംപ്ലീറ്റ് ആക്ടര്‍, ഫ്ളെക്സിബിള്‍ ആക്ടര്‍ എന്നൊക്കെ. അത് ഏത് കഥാപാത്രത്തെയും സംവിധായകന്‍ ആഗ്രഹിക്കുന്ന, നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഭാവസന്നിവേശം നടത്താനുള്ള ലാലിലെ അനിതരസാധാരണമായ കഴിവുകൊണ്ട് ലഭ്യമായതാണ്. അത്രയ്ക്ക് അഭിനയകലയെ അയത്നസുന്ദരവും അനായാസവുമാക്കിയ കലാകാരനാണ് മോഹന്‍ലാല്‍. ആക്ഷനും കട്ടിനുമിടയില്‍ താന്‍ താനല്ലാതാകത്തക്കവിധം പ്രേക്ഷകന്‍റെ ആസ്വാദനരസരമുകുളങ്ങളെ ത്രസിപ്പിക്കത്തക്കവിധം കഥാപാത്രത്തിലേയ്ക്ക് അപ്രതീക്ഷിത ഭാവചാരുതപകരാനും ജീവന്‍ പകരാനും മോഹന്‍ലാലിന് പല ചിത്രങ്ങളിലൂടെയും കഴിഞ്ഞിരുന്നു.
അഭിനയത്തിന്‍റെ അക്കാദമിക് തലങ്ങളിലെ യാതൊരു പരിശീലനവും അതിന്‍റെ ജാഡയും ശിരസ്സിലേറ്റാതെ തികച്ചും വിനയാന്വിതമായി ഏത് ജീവിതസാഹചര്യത്തെയും അഭിമുഖീകരിക്കുകയും അതിനെ സൂക്ഷ്മമായി അവതരിപ്പിച്ചു ഫലിപ്പിക്കാനും മോഹന്‍ലാലിലെ നടന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ആ നിരന്തര ജാഗ്രതയാണ്, പ്രതിഭയാണ് ലാലിനെ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ബഹുമതിയിലേയ്ക്ക് അടുപ്പിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിന് പല അടരുകളുണ്ട്. ആദ്യചലച്ചിത്രം തിരനോട്ടമായിരുന്നു. പുറത്തിറങ്ങി പരീക്ഷപ്പെടാതെപോയ ആ ചിത്രം ലാലിന്‍റെയും അഭിനയജീവിതത്തിലും തിരനോട്ടമായിത്തന്നെ ഭവിച്ചു. കഥാപാത്രം തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞുനിന്നും പാളിനോക്കിയും ചില അംഗവിക്ഷേപങ്ങളോടെ തിരശ്ശീലയെ ഉലച്ചും പ്രേക്ഷകരില്‍ ആകാംക്ഷ വളര്‍ത്തുന്ന ദൃശ്യചമല്‍ക്കാരമാണത്. ഒടുവില്‍ തിരശ്ശീല തന്നെ വകഞ്ഞുമാറ്റി നടന്‍ അഥവാ കഥാപാത്രം പ്രേക്ഷകന് മുന്നില്‍ യഥാര്‍ത്ഥ ഭാവഹാവാദികളോടെ പ്രത്യക്ഷപ്പെടുന്നു. മോഹന്‍ലാലിന്‍റെ ചലച്ചിത്ര ജീവിതത്തിലും തിരനോട്ടത്തിനുശേഷം ഒരു യഥാര്‍ത്ഥ കഥാപാത്രമായി പ്രേക്ഷകന് മുന്നില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ട ചിത്രം 1980 ല്‍ റിലീസ് ചെയ്ത 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' ആയിരുന്നു. ചിത്രത്തിന്‍റെ രണ്ടാം പകുതിക്കുശേഷം പ്രത്യക്ഷപ്പെടുന്ന നരേന്ദ്രന്‍ എന്ന പ്രതിനായകവേഷം.
.jpg)
അതുവരെ ചിത്രത്തെ നയിച്ചിരുന്ന പ്രണയനായകകഥാപാത്രത്തെ നിഷ്പ്രഭമാക്കിയുള്ള മോഹന്‍ലാലിന്‍റെ ആ വില്ലന്‍വേഷം പ്രേക്ഷകനില്‍ ഒരു പുതിയ ആവേശത്തിന്‍റെ, ആസ്വാദനത്തിന്‍റെ ഹൃദയത്തുടുപ്പുണര്‍ത്തി. ചിത്രത്തിന്‍റെ ഗതിതന്നെ നിയന്ത്രിക്കുകയും ഒരു തരം അധിനിവേശത്തിലൂടെ അതിന്‍റെ ജാതകം തിരുത്തിക്കുറിച്ച് വിജയത്തിലെത്തിച്ചതും മോഹന്‍ലാലിന്‍റെ നരേന്ദ്രന്‍ എന്ന ആ കഥാപാത്രമാണെന്നത് ഒരു പകല്‍സത്യമാണ്. ഇന്ന് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ശങ്കര്‍ ചിത്രമെന്നതിലുപരി മോഹന്‍ലാലിന്‍റെ ചിത്രമായി പ്രേക്ഷകര്‍ തിരിച്ചറിയപ്പെടുന്നതിന്‍റെ പ്രധാന കാരണവും ആ പ്രതിനായകന്‍റെ അതുവരെ കാണാത്ത ലജ്ജ കലര്‍ന്ന സംസാരവും കുസൃതിച്ചിരിയും ഒന്നുകൊണ്ടുമാത്രമാണ്.
അത് ലാലിന്‍റെ പുതിയ വില്ലനിസത്തിന്‍റെ ഭാവപ്പകര്‍ച്ചയായിരുന്നു. തുടര്‍ന്ന് അഭിനയിക്കേണ്ടി വന്നതും കുറെ വില്ലന്‍ വേഷങ്ങള്‍ ആയിരുന്നു. കുയിലിനെത്തേടി, ഊതിക്കാച്ചിയ പൊന്ന് തുടങ്ങിയ ചിത്രങ്ങളില്‍ ലാല്‍ ചെയ്ത പ്രതിനായക കഥാപാത്രങ്ങള്‍ അതിന് മികച്ച ഉദാഹരണങ്ങള്‍ തന്നെയാണ്.
മനുഷ്യജീവിതത്തില്‍ മോഹന്‍ലാല്‍ പ്രതിനിധീകരിക്കാത്ത കഥാപാത്രങ്ങള്‍ വളരെ ചുരുക്കം തന്നെയാണ്. അതാകട്ടെ അതിനപ്പുറം ആര്‍ക്കും ആവിഷ്ക്കരിക്കാനാവാത്തവിധം നൂറുശതമാനം പൂര്‍ണ്ണതയിലുമായിരിക്കും. അങ്ങനെ അദ്ദേഹം ചെയ്തുവച്ച കഥാപാത്രങ്ങളുടെ വൈവിധ്യതയും വൈപുല്യതയും പറഞ്ഞാല്‍ തീരാത്ത വിധം അത്ഭുതാവഹമാണ്. തോളില്‍ കയ്യിട്ടു നടന്ന് ഒരു സുഹൃത്തിനെപ്പോലെ ചിരിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍ ലാലിന്‍റേതായുണ്ട്. വിഷാദഗര്‍ത്തങ്ങളില്‍ മനസ്സാഴ്ന്നുപോകുമ്പോള്‍ സാന്ത്വനമായെത്തി കണ്ണീര്‍ തുടച്ചുതന്ന എത്രയോ മോഹന്‍ലാല്‍ ചിത്രങ്ങളുണ്ട്. സങ്കടക്കടലിന്‍റെ തീരത്ത് തനിച്ചാക്കി സ്വയം മുറിവുണക്കാന്‍ നമ്മെ അനുവദിച്ച ലാലിന്‍റെ കഥാപാത്രങ്ങളെയും ഇവിടെ വിസ്മരിക്കാവുന്നതല്ല.

എത്രയോ ചിത്രങ്ങളില്‍ ഒരു സാഗരം പോലെ ആ കഥാപാത്രങ്ങള്‍ തിരകളായ് ഓര്‍മ്മകളെ ഉണര്‍ത്തുകയും പിന്‍വാങ്ങുകയും ചെയ്തിരിക്കുന്നു. അതിലെ ചില ചിത്രങ്ങള്‍ സ്മൃതിപഥങ്ങളില്‍ ഇപ്പോഴും തെളിഞ്ഞുവരുന്നു, ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, യോദ്ധ തുടങ്ങിയവ മോഹന്‍ലാലിന്‍റെ അഭിനയ വര്‍ണ്ണങ്ങളിലെ ഒരു നിറമാകുമ്പോള്‍ ഭരതം, താഴ്വാരം, കിരീടം, ഇരുവര്‍, ഭ്രമരം, താളവട്ടം, തന്മാത്ര തുടങ്ങിയ ചിത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് കനത്തഭാരം പേറുന്ന മുറുക്കമുള്ള കഥാപാത്രങ്ങളുടെ മറ്റൊരു വര്‍ണ്ണമാണ്. രാജാവിന്‍റെ മകന്‍, ദേവാസുരം, രാവണപ്രഭു, ആറാം തമ്പുരാന്‍, പുലിമുരുകന്‍ തുടങ്ങിയവ ആസ്വാദനത്തിന്‍റെ വേറിട്ട വീരനായക പരിവേഷമാണ് നല്‍കിയത്. ഉയരങ്ങളില്‍, സദയം, അമൃതംഗമയ, തൂവാനത്തുമ്പികള്‍, ഉത്സവപ്പിറ്റേന്ന് ചിത്രങ്ങളിലെ കഥാപാത്രങ്ങളാകട്ടെ മനസ്സില്‍ കദനത്തിന്‍റെ ഇരുണ്ട നിഴലുകള്‍ വീശുന്നവയും.
നാടോടിക്കാറ്റ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, കിളിച്ചുണ്ടന്‍ മാമ്പഴം, അയാള്‍ കഥയെഴുതുകയാണ് ചിത്രങ്ങളിലെ സന്ദര്‍ഭങ്ങള്‍ ഓര്‍ത്തോര്‍ത്ത് ഇന്നും നാം ചിരിക്കുന്നത് മോഹന്‍ലാലിന്‍റെ ആവിഷ്ക്കാര തന്ത്രത്തിലെ അഭിനയമികവ് ഒന്നുകൊണ്ടുമാത്രമാണ്. ഇതില്‍ നിന്നും വ്യത്യസ്തമായ അഭിനയദിശയിലൂടെയുള്ള സഞ്ചാരമായിരുന്നു ഇരുവറിലെ എം.ജി.ആറും വാനപ്രസ്ഥത്തിലെ കുഞ്ഞൂട്ടനും കാലാപാനിയിലെ ഗോവര്‍ദ്ധനുമെല്ലാം. അങ്ങനെ അഭിനയ ചക്രവാളത്തില്‍ മോഹന്‍ലാല്‍ നെഞ്ചോട് ചേര്‍ത്ത് അവതരിപ്പിച്ച വര്‍ണ്ണഭാവങ്ങളെല്ലാം മഴവില്‍ ചാരുതയായി തീരുകയായിരുന്നു.
ഹൃദയപൂര്‍വ്വവും വിനീതവുമായാണ് മോഹന്‍ലാല്‍ എല്ലാവിധ ആദരവുകളും ശിരസ്സിലേറ്റുന്നത്. തന്നെ താനാക്കിയ പ്രേക്ഷകരെയും ഈശ്വരനെയും ആ വിനയത്തിന്‍റെയും ലാളിത്യത്തിന്‍റെയും കാന്തിക പ്രഭാവലയത്തിലാക്കാനും അഹങ്കാരത്തിന്‍റെ വിപരീത ദിശയിലൂടെ സഞ്ചരിച്ച് തന്നെക്കാള്‍ പ്രായമായവരുടെയും ലാലേട്ടനായി അറിയപ്പെടാനും കഴിയുന്നത് ലാലിന്‍റെ അനുകരണീയ വ്യക്തിത്വസവിശേഷത ഒന്നുകൊണ്ടുമാത്രമാണ്. രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയിട്ടുണ്ട് മോഹന്‍ലാല്‍. ഭരതം, വാനപ്രസ്ഥം എന്നിവയ്ക്കായിരുന്നു അത്. വാനപ്രസ്ഥം ദേശീയതലത്തില്‍ മികച്ച ചിത്രത്തിനനള്ള അംഗീകാരവും നേടിയിരുന്നു. കിരീടം ചിത്രത്തിലെ അഭിനയം ലാലിനെ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനാക്കിയിരുന്നു.

അതുപോലെ 2016 ലും പ്രത്യേക ജൂറി പരാമര്‍ശത്തിന് ലാല്‍ അര്‍ഹത നേടിയിരുന്നു. ജനതഗ്യാരേജ്(തെലുങ്ക്), മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ അഭിനയമായിരുന്നു ആ നേട്ടത്തിന് അടിസ്ഥാനം. ആറ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നല്ല നടന്‍ എന്ന നിലയ്ക്ക് മോഹന്‍ലാല്‍ സ്വന്തമാക്കിയിട്ടുണ്ട്. ടി.പി. ബാലഗോപാലന്‍ എം.എ(1986), അഭിമന്യു, കിലുക്കം, ഉള്ളടക്കം(1991), സ്ഫടികം, കാലാപാനി(1995), വാനപ്രസ്ഥം(1999), തന്മാത്ര(2005), പരദേശി(2007) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. കൂടാതെ പാദമുദ്ര, ചിത്രം, ഉത്സവപ്പിറ്റേന്ന്, ആര്യന്‍, വെള്ളാനകളുടെ നാട് എന്നീ ചിത്രങ്ങളിലെ അഭിനയമികവിന് സംസ്ഥാന പ്രത്യേക ജൂറി പരാമര്‍ശവും മോഹന്‍ലാല്‍ നേടിയിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് ഇന്ത്യന്‍ ആര്‍മിയില്‍ ലെഫ്. കേണല്‍ പദവി ലഭിച്ച ആദ്യനടന്‍ എന്ന അംഗീകാരവും ലാലിനെ തേടിവരുന്നത്.
2009 ല്‍ ആണ് ലാല്‍ അത് നേടുന്നത്. കൂടാതെ 2018 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ബഹുമതിയും സ്വന്തമാക്കിയിരുന്നു. രണ്ട് പദ്മപരുസ്ക്കാരവും ലാലിനെ തേടിയെത്തിയിട്ടുണ്ട്. 2001 ല്‍ ലഭിച്ച പത്മശ്രീയും 2019 ലെ പദ്മഭൂഷണുമാണത്. ഈ പുരസ്കാരങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും പിറകെയാണ് ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2023 ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്ക്കാരം കൂടി മോഹന്‍ലാലിനെ തേടിയെത്തിയിരിക്കുന്നത്.

980 ലെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ 2025 ലെ ഹൃദയപൂര്‍വ്വം വരെ വ്യത്യസ്തമായ എത്രയോ വേഷങ്ങളിലാണ് ഈ നടന്‍ പകര്‍ന്നാട്ടം നടത്തിയിരിക്കുന്നത്. വില്ലനായും സഹനടനായും ഒരുപാട് അഭിനേതാക്കളില്‍ ഒരാളായും അഭിനയത്തിന്‍റെ കൂര്‍ത്തു മൂര്‍ത്ത അവസ്ഥകളില്‍ നിന്നും കാലനദി ലാലിനെ ഒഴുക്കിയും പരിവര്‍ത്തനപ്പെടുത്തിയും ഇപ്പോള്‍ ആരും ഇഷ്ടപ്പെടുന്ന അഭിനയത്തിന്‍റെ വെള്ളാരം കല്ലാക്കി, ലാലേട്ടനാക്കി പ്രതിഫലിപ്പിക്കുന്ന ആ അവസ്ഥയ്ക്ക് ലഭിച്ച മികവിന്‍റെ അംഗീകാരമാണ് ഫാല്‍ക്കെ അവാര്‍ഡ്. അതിനും സാക്ഷിയായിരിക്കുന്നത് ലാലിനെ മികച്ച നടനാക്കി മാറ്റിയ കാലം തന്നെയാണ്. അതിന് അദ്ദേഹത്തിന് സഹായമായിരുന്നത് അപാരമായ ക്ഷമയും സമര്‍പ്പണബോധവുമായിരുന്നു.
ചില സന്ദര്‍ഭങ്ങളില്‍ ലാലിനെ നയിച്ചിരുന്നത് ഋഷിതുല്യമായ മനസ്സായിരുന്നു. അതിലേയ്ക്ക് ഒരുപക്ഷേ മോഹന്‍ലാലിനെകൊണ്ടുചെന്നെത്തിച്ചത് ഓഷോചിന്തകളുടെ സ്വാധീനമായിരിക്കാം. അതുകൊണ്ടാണ് ലാല്‍ വിജയത്തില്‍ മതിമറക്കാതിരിക്കുകയും തോല്‍വികളില്‍ തളരാതിരിക്കുകയും ചെയ്യുന്ന ഒരു നിസ്സംഗഭാവം കൈവരിക്കാന്‍ കാരണം. ഓരോ വേഷവും പരമാവധി നന്നാക്കാന്‍ അദ്ധ്വാനിക്കുക, കഴിഞ്ഞതിനെപ്പറ്റി കൂടുതല്‍ ചിന്തിക്കാതിരിക്കുക, അടുത്ത പ്രവൃത്തി പഥത്തില്‍ മാത്രം ദത്തശ്രദ്ധനാകുക എന്നതും ആ ഋഷിജീവിതധന്യതയുടെ ഭാഗമാണ്. ഇതായിരുന്നു കഴിഞ്ഞ നാല്‍പ്പത്തെട്ടുവര്‍ഷത്തെ മോഹന്‍ലാല്‍ എന്ന നടന്‍റെയും മനുഷ്യന്‍റെയും ജീവിതം. ഫാല്‍ക്കെ അവാര്‍ഡ് ധന്യമാക്കിയ മോഹന്‍ലാലെന്ന ആ ചലച്ചിത്രവ്യക്തിത്വത്തെ ഈ അവസരത്തില്‍ നാനയും സ്നേഹപൂര്‍വ്വം ആശ്ലേഷിക്കുന്നു, അനുമോദിക്കുന്നു.