Friday, 22 May 2026 | 05:26 PM

Exclusive

ഭാസ്ക്കരപട്ടേലര്‍ മുതല്‍ സ്റ്റാലിന്‍ വരെ -മമ്മൂട്ടിയുടെ വില്ലന്‍ഭാവങ്ങള്‍

നാനാജി 05 May 2026 12:30 PM
ഭാസ്ക്കരപട്ടേലര്‍ മുതല്‍  സ്റ്റാലിന്‍ വരെ -മമ്മൂട്ടിയുടെ വില്ലന്‍ഭാവങ്ങള്‍

 

വിധേയന്‍ സിനിമയുടെ ന്യൂയോര്‍ക്ക് പ്രദര്‍ശനം കണ്ട ഒരു നിരൂപക എഴുതിയത് ഇങ്ങനെയാണ്, പട്ടേലര്‍ക്ക് ഹിറ്റ്ലറുടെ ഛായയുണ്ടത്രേ. അംഗീകാരം കൊടുത്തത് വിധേയന്‍ സിനിമയിലെ പ്രതിനായകനായ ഭാസ്ക്കര പട്ടേലര്‍ക്കാണെന്ന് തെറ്റിദ്ധരിക്കരുത്. അല്ല, മറിച്ച് ഭാസ്ക്കര പട്ടേലറായി വന്ന മമ്മൂട്ടിക്കാണ്. ക്യാരക്ടര്‍ ആര്‍ക്കിടെക്ചര്‍ മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്‍റെ ആ ഇന്‍റലിജന്‍സിനാണ്.

നായകസ്ഥാനത്ത് ഒന്നാമനായി നിലയുറപ്പിച്ച മമ്മൂട്ടിക്ക് ആ നായകന്‍റെ കുപ്പായമൂരി വില്ലന്‍വേഷങ്ങളിലേക്ക് പരകായപ്രവേശം ചെയ്യാന്‍, അതും ഇത്രയ്ക്ക് സ്വാഭാവികതയോടെ പരകായപ്രവേശം ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു എന്നത്ഭുതപ്പെടേണ്ട. കാരണം അദ്ദേഹമൊരു നടനാണ്. നല്ല ഒന്നാന്തരമൊരു മെറ്റമോര്‍ഫിക് ആക്ടര്‍. ആ മെറ്റമോര്‍ഫിക് ആക്ടര്‍ ഇത്തവണ ഞെട്ടിച്ചത്  മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വ്വഹിച്ച കളങ്കാവലിലൂടെയാണ്. ചിത്രത്തില്‍ സൈനഡ് മോഹനന്‍ എന്ന പ്രതിനായകവേഷം ചെയ്യുന്ന മമ്മൂട്ടിയുടെ മുന്‍കാല പ്രതിനായക വേഷങ്ങളിലേക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം.

1983 ല്‍ പത്മരാജന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'കൂടെവിടെ'യിലെ കാഞ്ഞിരപ്പള്ളി സുറിയാനി ക്രിസ്ത്യാനിയായ ക്യാപ്റ്റന്‍ തോമസ് ചിത്രത്തിലെ ആന്‍റി ഹീറോയാണ്. സ്നേഹമുള്ള ക്രൂരന്‍ എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന, എന്നാല്‍ ഒരു തികഞ്ഞ നാര്‍സിസ്റ്റിന്‍റേതായ എല്ലാത്തരം പെരുമാറ്റ വൈകല്യങ്ങളുമുള്ള പ്രതിനായകന്‍. അത്യാവശ്യം മദ്യപിക്കുകയും പെട്ടെന്ന് പ്രതികരിക്കുകയും, വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണിന് മേല്‍ ഉടമസ്ഥാവകാശം കാണിക്കുകയും ചെയ്യുന്ന ആ സുറിയാനി ക്രിസ്ത്യാനിയെ പ്രേക്ഷകര്‍ ഇന്നും വെറുക്കുന്നുവെങ്കില്‍ അതിനുള്ള ക്രെഡിറ്റ് കഥാപാത്രത്തിനായി അത്രത്തോളം ഭാവപ്പകര്‍ച്ച നടത്തിയ മമ്മൂട്ടിക്ക് തന്നെയാണ് അവകാശപ്പെട്ടത്.

മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട 'വിധേയന്‍.' മനുഷ്യര്‍ക്കുമേല്‍ അധികാരം പ്രയോഗിച്ചവരെ കീഴ്പ്പെടുത്തിയ ഭാസ്ക്കര പട്ടേലര്‍, ഭീരുവായ ഒരു നായയെ പ്പോലെ ഓടിത്തീര്‍ത്ത കഥ പറഞ്ഞ വിധേയന്‍ തന്നെയാണ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഡെപ്ത്തുള്ള വില്ലന്‍ കഥാപാത്രം.

രഞ്ജിത് സംവിധാനം ചെയ്ത് 2009 ല്‍ തിയേറ്ററുകളില്‍ എത്തിയ മൂന്ന് തലമുറകളുടെ കഥ  പറയുന്ന പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ. 'ഒരു മാണിക്യത്തിനെയല്ല, ഒമ്പത് മാണിക്യത്തിനെ കൊന്നാലും ആരും ചോദിക്കുകേല'എന്ന ഗര്‍വ്വിന്‍റെ മറ്റുപേരായ മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയെ സിനിമ കണ്ട പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ചിത്രത്തില്‍ മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ്, ഹരിദാസ് എന്നീ മൂന്ന് കഥാപാത്രങ്ങളെയും മമ്മൂട്ടി തന്നെ ചെയ്യുമ്പോള്‍ നായകനായ ഹരിദാസിനേക്കാളും ഏറ്റവും പ്രഭാവശാലിയായി സ്ക്രീനില്‍ തകര്‍ത്താടിയത് മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയാണെന്നത് മറ്റൊരു ചരിത്രം.

കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സി.കെ. രാഘവന്‍. 2014 ല്‍ വേണുവിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'മുന്നറിയിപ്പ്.' ക്ലൈമാക്സിലെ ഒരു പുഞ്ചിരിയിലൂടെ സി.കെ. രാഘവന്‍ പ്രേക്ഷക മനസ്സിലേക്ക് ചേക്കേറുമ്പോള്‍ തുടക്കത്തില്‍ തന്നെ രാഘവന്‍ നിങ്ങള്‍ക്ക് 'മുന്നറിയിപ്പ്' നല്‍കിയിരുന്നു എന്ന സത്യം ഒരു ഞെട്ടലോടെയല്ലാതെ പ്രേക്ഷകര്‍ക്ക് ഓര്‍ത്തെടുക്കാനാവില്ല.

കുലമഹിമയില്‍ രമിക്കുന്ന കുട്ടന്‍റെ കഥ പറഞ്ഞ 'പുഴു'. 2022 ല്‍ രത്തീന സംവിധാനം ചെയ്ത പുഴുവില്‍, ജാതീയ വേര്‍തിരിവുകളെ ശീലമാക്കി വളര്‍ത്തിയെടുത്ത, തന്‍റെയുള്ളിലെ ജാതിവിഷത്തെ അടുത്ത തലമുറയിലേക്കു കൂടി പകര്‍ന്നുകൊടുക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്ന കുട്ടന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചൊരു കഥാപാത്രമാണ്. പുഴു എന്ന സിനിമ തുടക്കം മുതല്‍ ഒടുക്കംവരെ മമ്മൂട്ടിയെന്ന നടനെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. പക്ഷേ മമ്മൂട്ടി എന്ന നായകനെ പിന്‍സീറ്റില്‍ ഇരുത്തി, മമ്മൂട്ടി എന്ന പ്രതിനായകനെ മുന്‍സീറ്റില്‍ കയറ്റി ഞെട്ടിച്ച സിനിമയാണതെന്ന് മാത്രം.

കൊടുമണ്‍ പോറ്റിയെന്ന കൊടുംവില്ലന്‍റെ ഓരോ ചേഷ്ടകള്‍ക്കും തീയേറ്ററുകളില്‍ നിറഞ്ഞ കയ്യടി വാങ്ങിയ  ഭ്രമയുഗം. ഇത് ഭ്രമയുഗാ.. അല്ല, മമ്മൂട്ടിയുടെ യുഗമാണ്. ദി ആക്ടര്‍ ഓഫ് മാഡ്നെസ്സിന്‍റെ യുഗം എന്ന് നിരൂപകര്‍ പറഞ്ഞതുതന്നെയാണ് യഥാര്‍ത്ഥ  ഭ്രമയുഗം. അതെ, കാരണം കൊടുമണ്‍ പോറ്റി, വെറുമൊരു വില്ലന്‍ കഥാപാത്രമല്ലായിരുന്നു. മമ്മൂട്ടി തന്‍റെ ക്രാഫ്റ്റ് കൊണ്ട് പുനര്‍ജ്ജനിപ്പിച്ച ഒരു ഭ്രാന്തിന്‍റെ രൂപം തന്നെയാണത്.

ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വ്വഹിച്ച കളങ്കാവലില്‍ തന്‍റെ മുന്‍കാല സിനിമകളിലൂടെ യജമാനന്‍റെ ഗര്‍വ്, സ്ത്രീലമ്പടന്‍റെ കാമാതുരത, ദുര്‍ന്നടപ്പുകാരന്‍റെ അപകര്‍ഷതാബോധം, സമൂഹത്തോടുള്ള ഒളിച്ചുവച്ച ഭയം, വേട്ടക്കാരന്‍റെ കൊതി തുടങ്ങിയ പ്രതിനായക ഭാവങ്ങളെല്ലാം രൂക്ഷമാക്കിയിരിക്കുകയാണ് മമ്മൂട്ടി. ഇത്തവണ താനൊരു സ്വതന്ത്ര പക്ഷിയാണ്. മികച്ചതിലേക്ക് മാത്രം പറന്നടുക്കുന്ന ഒരു സ്വതന്ത്രപക്ഷി എന്ന് വീണ്ടും മമ്മൂട്ടി ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു.
 

Tags
Mammootty