അതുല്യന്‍ ശ്രീനിവാസന്
അനാഥാലയത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ബാന്‍റ് കൊട്ടിക്കൊണ്ട് കരോള്‍ സംഘമായി നീങ്ങുന്ന ശ്രീനിവാസന്‍റെ ഒരു ആദ്യകാല സിനിമാരംഗമാണ് എന്‍റെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നത്.
ശ്രീനിവാസന്‍ അത്ര വലിയ പോപ്പുലര്‍ ഒന്നുമല്ലാത്ത കാലത്തെ അദ്ദേഹത്തിന്‍റെ തലശ്ശേരിയിലെ കുടുംബവുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തില്‍ ഇടപെടേണ്ടി വന്നിട്ടുണ്ട്.

1980-82 കാലം. ശ്രീനിവാസന്‍, തിരുവനന്തപുരത്ത് കെ.എഫ്.സിയില്‍ നിന്ന് അദ്ദേഹത്തിന്‍റെ അച്ഛന്‍റെ പേരില്‍ ബസ് വാങ്ങാന്‍ വീട് പണയപ്പെടുത്തി ഒരു ലോണ്‍ എടുത്തിരുന്നു.
ലോണ്‍ വീടുവിറ്റ് വീട്ടണമെങ്കില്‍ ജാമ്യ ആധാരം എടുക്കണം. സി.ബി.സി വാര്യര്‍ സാറായിരുന്നു കെ.എഫ്.സിയിലെ യൂണിയന്‍ പ്രസിഡന്‍റ്. ഞാന്‍ അപ്പോള്‍ തിരുവനന്തപുരത്ത സി.ബി.സിയുടെ എം.എല്‍.എ ക്വാര്‍ട്ടേഴ്സിലെ മുറിയില്‍ താമസിക്കുകയായിരുന്നു. പാട്യം പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ഒരു ശ്രീധരന്‍ മാസ്റ്ററോടൊപ്പമാണ് ശ്രീനിവാസന്‍ അന്ന് എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍ വന്നത്. ഒരു കൊമ്പന്‍ മീശക്കാരന്‍ നീളം കുറഞ്ഞ മെലിഞ്ഞ ശ്രീധരന്‍ മാസ്റ്ററുടെ മുഖം എന്‍റെ മനസ്സില്‍ ഓര്‍ത്തുവരുന്നു.
അന്ന് എം.എല്‍.എ ക്വാര്‍ട്ടേഴ്സിലെ ഓള്‍ഡ് ബ്ലോക്കിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനറായിരുന്ന പി.വി. കുഞ്ഞിക്കണ്ണന്‍റെ മുറിയില്‍ ഓഫീസ് സെക്രട്ടറിയായിരുന്ന ടി.സി.എച്ച് വിജയനെയാണ് എം.വി.ആറിന്‍റെ കത്തുമായി സമീപിച്ചത്. വിജയന്‍ പറഞ്ഞപ്രകാരം ഞാന്‍ ഹരിപ്പാട്ടുള്ള സി.ബി.സിയെ ബന്ധപ്പെട്ടു. സി.ബി.സി കെ.എഫ്.സി എം.ഡിയെയും അദ്ദേഹത്തിന്‍റെ യൂണിയന്‍ സെക്രട്ടറി കൃഷ്ണന്‍കുട്ടിയെയും വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ നാലുപേരും കനകനഗറിലെ കൃഷ്ണന്‍കുട്ടിയുടെ വീട്ടിലും പിന്നെ വെള്ളയമ്പലത്തെ കെ.എഫ്.സി ഓഫീസിലും പോയി. പിന്നെ കാര്യങ്ങള്‍ വേഗതയില്‍ നടന്നു.

ശ്രീനിവാസന്‍റെ അനുജനായിരുന്നു കണ്ടക്ടറായി തലശ്ശേരി- ബോംബെ ബസ് ഓപ്പറേറ്റ് ചെയ്തിരുന്നത്. ആദ്യം ബസ്സ് വിറ്റു. പിന്നെ വീടും. ശ്രീനിവാസന്‍ തലശ്ശേരി വിട്ടു.
വര്‍ഷങ്ങള്‍ക്കുശേഷം ഹരിപ്പാട്ട് വള്ളംകളി ഉദ്ഘാടനചടങ്ങിന് വന്നപ്പോള്‍ വള്ളംകളി കമ്മറ്റി ചെയര്‍മാന്‍ ആര്‍.കെ. കുറുപ്പിന്‍റെ കാരിച്ചാലെ വീട്ടില്‍ വച്ച് ശ്രീനിവാസനെ വീണ്ടും കണ്ടു.
കെ.എഫ്.സി കാര്യം പറഞ്ഞപ്പോള്‍ ശ്രീനിവാസനെ എന്നെ ഓര്‍മ്മ വന്നു. ഞാന്‍ ശ്രീധരന്‍ മാസ്റ്ററുടെ കാര്യം ശ്രീനിവാസനോട് അന്വേഷിച്ചു. ശ്രീധരന്‍ മാസ്റ്റര്‍ എപ്പോഴും തോക്കുകൊണ്ട് നടക്കാറുണ്ടായിരുന്നെന്നും എം.വി.ആറും മറ്റും മാസ്റ്റര്‍ മുഖേനയാണ് തോക്ക് വാങ്ങിയിരുന്നതെന്നും മനസ്സിലാക്കി. ഒരു മോഹന്‍ലാല്‍ സിനിമയില്‍ അഴിമതിക്കെതിരെ സഞ്ചിയും കഴുത്തിലിട്ട് തോക്കും ചൂണ്ടിനില്‍ക്കുന്ന വേഷം ചെയ്തപ്പോള്‍ ജേര്‍ണലിസ്റ്റായിരുന്നെങ്കില്‍ തന്‍റെ മനസ്സ് മുഴുവന്‍ ശ്രീധരന്‍ മാസ്റ്ററായിരുന്നുവെന്നും ശ്രീനിവാസന്‍ ഓര്‍മ്മിച്ചു.
മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിയാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്. ശ്രീനിവാസന്‍ മുഖ്യ അതിഥിയായിരുന്നു. ഞാനും അതിഥിയായിരുന്നു.

കുറുപ്പിന്‍റെ വീട്ടില്‍ വച്ച് എന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്തായ ഒരു ശ്രീലാലിനെ ഞാന്‍ ശ്രീനിവാസന് പരിചയപ്പെടുത്തികൊടുത്തു. ചേപ്പാട്ടുകാരന്‍ ലാല്‍ പിന്നീട് ശ്രീനിവാസനുമായി വലിയ അടുപ്പമായി. ആലപ്പുഴ, മാവേലിക്കര, കായംകുളം ഭാഗങ്ങളില്‍ ശ്രീനിവാസന്‍ വരുമ്പോള്‍ ലാല്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്ന് വീട്ടില്‍ താമസിപ്പിക്കും. ലാലിന്‍റെ പ്രായമായ അമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. വല വച്ച് മീന്‍ പിടിക്കുന്ന ലാല്‍ നല്ലൊരു പാചകക്കാരനുമായിരുന്നു. ലാല്‍ ഒരു ആക്സിഡന്‍റില്‍ മരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അപ്പോള്‍ ശ്രീനിവാസനും അസ്വസ്ഥനായിരുന്നു.
ആര്‍.കെ. കുറുപ്പിനും ശ്രീനിവാസനും ചില സാമ്യതകളുണ്ട്. രണ്ടുപേര്‍ക്കും അറബി വേഷം കെട്ടേണ്ടി വന്നിട്ടുണ്ട്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ എന്നുമാത്രം.

കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ്
2015 ലെ അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക അവാര്‍ഡ് ശ്രീനിവാസനാണ് നല്‍കിയത്. ജി. സുധാകരനായിരുന്നു അമ്പലപ്പുഴ എം.എല്‍.എ. സ്മാരക സമിതി ചെയര്‍മാന്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയും സെക്രട്ടറി അദ്ധ്യാപകനായ സി. പ്രദീപും ആയിരുന്നു. ഞാന്‍ അന്ന് രണ്ടാം തവണ വനം വികസനകോര്‍പ്പറേഷന്‍ ചെയര്‍മാനും സ്മാരകസമിതി അംഗവും ആയിരുന്നു. അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിലെ സാംസ്കാരികമന്ത്രി കെ.സി. ജോസഫ് ആണ് അവാര്‍ഡ് നല്‍കിയത്. കേന്ദ്രമന്ത്രിയായിരുന്ന കെ.സി. വേണുഗോപാല്‍ മുഖ്യ അതിഥിയായിരുന്നു.