Thursday, 22 October 2026 | 09:31 PM

Interviews

പഴയകാലഘട്ടം, അതൊരു വെല്ലുവിളിയായിരുന്നു... -സുനില്‍ ലാവണ്യ

ബിന്ദു പി.പി. 22 October 2026 07:06 AM
പഴയകാലഘട്ടം, അതൊരു വെല്ലുവിളിയായിരുന്നു... -സുനില്‍ ലാവണ്യ

Highlights

2025ലെ മികച്ച കലാസംവിധാനത്തിന് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ ജഗളയുടെ കലാസംവിധായകന്‍  സുനില്‍ ലാവണ്യ സംസാരിക്കുന്നു...

 


2025 ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ജഗളയുടെ ആര്‍ട്ട് വര്‍ക്കിനാണ് കിട്ടിയത്. അത് എത്രത്തോളം സന്തോഷം നല്‍കുന്നു?

വളരെയധികം സന്തോഷമുള്ള ഒരു കാര്യമാണ് അത്. ശരിക്കും പറഞ്ഞാല്‍ ഇത് കോവിഡ് കാലത്ത് ഷൂട്ട് ചെയ്ത ഒരു സിനിമയായിരുന്നു. അന്നത്തെ ഒരു പരിമിത സാഹചര്യത്തില്‍ പിന്നെ വളരെ ചെറിയ ബഡ്ജറ്റിലുമായിട്ട് ചെയ്ത ഒരു സിനിമയാണ്. പക്ഷേ അത് കുറച്ച് പ്രതിസന്ധികളില്‍ അകപ്പെട്ടു. പിന്നെ കഴിഞ്ഞ വര്‍ഷം അവസാനമാണ് ആ പടം റിലീസിനെത്തിയത്.

ജഗളയുടെ കലാസംവിധാനത്തെക്കുറിച്ച്?

1920-25 കാലഘട്ടം പുനര്‍സൃഷ്ടിക്കാന്‍ പറ്റി എന്നുള്ളതാണ് സന്തോഷം. അതിനെക്കുറിച്ച്  നല്ല രീതിയില്‍ റിസര്‍ച്ച് ചെയ്തു, ചരിത്രകാരന്മാര്‍ മലപ്പുറം, കോഴിക്കോട് ഭാഗത്തുള്ള ഒരുപാട് പേരെ ഞാന്‍ ആ സമയത്ത് പോയി കണ്ടിരുന്നു. അന്നത്തെ ആള്‍ക്കാരുടെ ജീവിതരീതി, ഭക്ഷണരീതി, അന്ന് പട്ടിണിയുടെ ഒരു കാലമാണല്ലോ.

അരി എന്നുപറയുന്നത് വളരെ വലിയ വീടുകളില്‍ മാത്രമുള്ള ഒരു സാധനമാണ്. ബാക്കിയുള്ളിടത്ത് മുഴുവന്‍ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ പുഴുങ്ങിത്തിന്നുകയായിരുന്നു എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. മറ്റുവീടുകളില്‍ നിന്ന് കിട്ടുന്ന കൂലിക്ക് പകരമായി തരുന്ന ഒരു ബാര്‍ട്ടര്‍ സമ്പ്രദായം പോലെ കൂലിക്ക് പകരം ഭക്ഷ്യധാന്യം അല്ലെങ്കില്‍ ഭക്ഷണം ഒക്കെ കൊടുത്തിരുന്ന ഒരു കാലഘട്ടം. മൂന്നാല് ചരിത്രകാരന്മാര്‍ ഉണ്ടായിരുന്നു. ഞാന്‍ നേരിട്ട് അവരുടെ വീടുകളില്‍ പോവുകയും അവരോട് സംസാരിക്കുകയും ചെയ്തു. അന്നത്തെ വസ്ത്രധാരണം ഒക്കെ ഞങ്ങള്‍ പഠിച്ചു. പിന്നെ അങ്ങനെയാണ് സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചത്.

പ്രൊഡ്യൂസറുടേത് വലിയ കുടുംബമാണ്. അവിടെ ആലൂര്‍ എന്നുപറയുന്ന സ്ഥലത്തുള്ള  പഴയ തറവാടുകളും അവര്‍ക്ക് ബന്ധമുള്ള കുറെ വീടുകളും ഉണ്ടായിരുന്നു. അവിടുന്നൊക്കെ പല വസ്തുക്കളും ശേഖരിച്ചു. നെല്ലും തേങ്ങയും അടക്കയും അങ്ങനെയുള്ള സാധനങ്ങളൊക്കെ നിലവില്‍ ധാരാളം പ്രൊഡ്യൂസറുടെ കണക്ഷനില്‍ ഉണ്ടായിരുന്നു. ഇതൊക്കെ നമ്മളൊരു നാടുവാഴിയുടെ ഒരു വീട് കാണിക്കുന്നതിന് വളരെ ഉപകരിച്ചു. അതുപോലെ തന്നെ ആ വീട് ഒരു ഷീറ്റ് ഒക്കെ ഇട്ട ഒരു തറവാടായിരുന്നു. 

ആ തറവാട് റിനവേറ്റ് ചെയ്തെടുക്കുകയാണ് ചെയ്തത്. ആ പടിപ്പുര മാത്രമേ ഉണ്ടായിരുന്നുള്ളൂ. പടിപ്പുരയുടെ അവിടുന്ന് പിന്നെ അങ്ങോട്ട് മതിലാണ്. അവിടെ അതിന്‍റെ ഫ്രണ്ടില്‍ കുറെ മണല്‍ കുന്നുകൂടി കിടന്നിട്ട് ആ വീട് പോലും കാണാത്തവിധത്തില്‍ ഒരു ഏരിയ ആയിരുന്നു. അതെല്ലാം അന്നത്തെ രീതിയിലേക്കുള്ള ഒരു ആര്‍ക്കിടെക്ടറിലേക്ക് മാറ്റിയെടുത്തിരുന്നു. അന്ന് കറന്‍റ് ഇല്ലായിരുന്നല്ലോ. അപ്പോ ഈ വയറിങ് അടക്കം ഒരുപാട് സാധനങ്ങള്‍ മറയ്ക്കാനായിട്ടൊക്കെ പല രീതിയിലുള്ള വളരെ കോസ്റ്റ് കുറവായിട്ടുള്ള ഒരുപാട് മെറ്റീരിയലുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

ജഗള ഒരു പീരിയോഡിക് മൂവിയാണ്. ഇന്നത്തെ കാലത്ത് പഴയ ഒരു കാലഘട്ടം ക്രിയേറ്റ് ചെയ്യുക എന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു?

സന്തോഷ് കീഴാറ്റൂരിന്‍റെ വീടിന്‍റെ പടിപ്പുര നോക്കുമ്പോള്‍ കാണുന്ന ഒരു വലിയ ലൈന്‍ ഉണ്ട്. അതായത് അതിന്‍റെ ഓപ്പോസിറ്റ് ഒരു ടാറിട്ട റോഡ് ആയിരുന്നു. അത് നമുക്ക് പൂമുഖത്ത് നിന്ന് ഷോട്ട് വെച്ചാല്‍ ഈ ടാര്‍ റോഡ് കാണും. അതിന്‍റെ അപ്പുറത്ത് മതിലുണ്ടായിരുന്നു പിന്നെ ഒരു രണ്ട് ഇലക്ട്രിക് പോസ്റ്റും. അതെല്ലാം മാസ്ക് ചെയ്തു. പിന്നെ അതുപോലെ തന്നെ നേരെ ഓപ്പോസിറ്റ് ഒരു മതിലുണ്ടായിരുന്നു. പുതിയ ടൈപ്പ് മതില്‍. ആ മതിലിനെ നമ്മള്‍ ചെമ്മണ്ണ് തേച്ച് പണ്ടത്തെ പഴക്കമുള്ള ഒരു മണ്‍തിട്ട പോലത്തെ ഒരു സാധനമാക്കി മാറ്റി. പിന്നെ ഈ റോഡ് നമ്മള്‍ സ്വാഭാവികമായിട്ടും മണ്ണിട്ട് മറയ്ക്കുകയാണ് ചെയ്തത്. എല്ലാ ദിവസവും റോഡ് മാറ്റണം.

കാരണം പിറ്റേദിവസം ആകുമ്പോഴത്തേക്കും  കുറെ മണ്ണൊക്കെ പോകും. ആള്‍ക്കാര് നടന്നുപോവുകയും കാര്‍ ഓടിച്ചുപോവുകയും ഒക്കെ ചെയ്യുമ്പോഴത്തേക്ക് റോഡ് വീണ്ടും തെളിഞ്ഞുവരും. അപ്പൊ അവിടെ ഷോട്ട് ഉള്ള ദിവസം മുഴുവന്‍ ഇത് നമ്മുടെ ആര്‍ട്ടിലെ ആള്‍ക്കാരുടെ പ്രധാന പണിയായിരുന്നു. നായകവേഷത്തില്‍ എത്തിയ ചേക്കുവിന്‍റെ വീട് അല്ലെങ്കില്‍ കവലയിലും ഒരു വലിയ ഇലക്ട്രിക് പോസ്റ്റ് ഉണ്ടായിരുന്നു. പിന്നെ തൊട്ടപ്പുറത്ത് റോഡായിരുന്നു. അത് ബസ് സര്‍വ്വീസ് ഉള്ള ഒരു റോഡായിരുന്നു. ആ റോഡിന്‍റെ വിസിബിലിറ്റി  കിട്ടാതിരിക്കാന്‍ ഈ കവലയില്‍ നിന്ന് കാണുന്ന ഭാഗത്ത് മതിലിന് കുറച്ച് ഉയരം കൂട്ടി പണിതു. അപ്പുറത്തെ വീടുകളില്‍ വാട്ടര്‍ ടാങ്ക് ഉണ്ടായിരുന്നു. ടെറസ് വീടുണ്ട്. ഗ്രീന്‍ നെറ്റ് അടിച്ച വീടുണ്ട്. അതെല്ലാം പണ്ടത്തെ കാലത്തെ ഓര്‍മ്മിപ്പിക്കുംവിധം സെറ്റ് ഇടുകയായിരുന്നു.

ഈ ഒരു അവാര്‍ഡിലൂടെ നമുക്ക് അംഗീകാരം കിട്ടുമ്പോള്‍ ശരിക്കും അതൊരു പ്രചോദനം തന്നെയല്ലേ?

അതെ. തീര്‍ച്ചയായിട്ടും. ഞാന്‍ മുന്‍പ് വര്‍ക്ക് ചെയ്ത ഒരു സിനിമയായിരുന്നു ജയരാജ് സാറിന്‍റെ രൗദ്രം. വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തില്‍ നമ്മുടെ ഇവിടെ ചെങ്ങന്നൂര്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അതിലൊരു സെറ്റ് ഇട്ടിട്ടുണ്ടായിരുന്നു. 2018 ലെ വെള്ളപ്പൊക്കമായിരുന്നു. അതില്‍ ഇതേപോലെ വീടുകള്‍ സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്തത്. അത് വെള്ളം കയറണമായിരുന്നു. പല ലെവലില്‍ വെള്ളം കയറി ഈ വീട് മുങ്ങിപ്പോയി. ഈ ആള് ഒരു അള്‍ഷിമേഴ്സ് രോഗിയാണ്. അയാളുടെ ഭാര്യ മരിച്ചുപോയി. ആക്ച്വലി പക്ഷേ അഃ് ഡെഡ്ബോഡിയാണെന്ന് അറിയാതെ അവര്‍ക്ക് ജീവനുണ്ടെന്ന് കരുതി ഇയാള്‍ ആ തട്ടിന്‍പുറത്ത് ഗ്രാമഫോണിലെ പാട്ടും വെച്ച് ഇവരെ മടിയില്‍ കിടത്തി  ഇങ്ങനെ ഇരിക്കുന്ന ഒരു രംഗമുണ്ട്.

അപ്പൊ അത് തട്ടിന്‍പുറത്ത് തന്നെ  വെള്ളം കേറണം. അപ്പൊ ഒരുപാട് നമ്മള്‍ അന്വേഷിച്ച് അതിന്‍റെ സാധ്യതകളെക്കുറിച്ച് നോക്കിയിട്ടാണ് കുമ്പളം എന്നുപറഞ്ഞ ഒരു സ്ഥലത്ത് ഒരു വലിയ വാട്ടര്‍ ടാങ്ക് ഉണ്ടായിരുന്നു. ഏകദേശം ഒരു 30 അടി നീളവും 25 അടി വീതിയുമുള്ള വലിയൊരു 10 അടി ഹൈറ്റ് ഉള്ള ഒരു ടാങ്ക്. അതൊരു റിസോര്‍ട്ടിലായിരുന്നു. അവിടെയാണ് ഞങ്ങള്‍ ഈ സെറ്റ് ഇടുന്നത്. അന്ന് നമ്മളീ മള്‍ട്ടിവുഡ് എന്നുപറയുന്ന മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഈ വീടിന്‍റെ ഇന്‍റീരിയര്‍ ചെയ്തത്. എക്സ്റ്റീരിയര്‍ ചെങ്ങന്നൂരില്‍ ഒരു വീട്ടിലാണ് ചെയ്തത്. ആ വീടിന്‍റെ അതേ മെഷര്‍മെന്‍റില്‍ നമ്മള്‍ ഇവിടെ ഒരു സെറ്റ് ഇടുകയായിരുന്നു ചെയ്തത്.

ഈ വീടിന്‍റെ ബാക്കില്‍ കായലാണ്. അപ്പൊ വെള്ളത്തിന്‍റെ അവൈലബിലിറ്റി ഉണ്ടായിരുന്നു. നമ്മള്‍ ഒരു മൂന്ന് പമ്പ് കൊണ്ടുവന്നിട്ട്  വീടിന്‍റെ അകത്തേയ്ക്ക,്  ലിവിങ് റൂമിലേക്ക് വെള്ളംകയറിയ ഘട്ടം മുതല്‍ ഷൂട്ട് ചെയ്തു. പിന്നെ സെറ്റിന്‍റെ അകത്താണ് ഷൂട്ട് ചെയ്തത്.  പ്രോപ്പര്‍ട്ടികള്‍ എല്ലാം മുങ്ങിപ്പോകും. എല്ലാ സാധനങ്ങളും വെള്ളത്തില്‍ മുങ്ങിക്കിടക്കും. കുഷ്യനും മറ്റ് ഫര്‍ണിച്ചര്‍ മുഴുവന്‍ മുങ്ങിക്കിടക്കും. നമ്മുടേതായിട്ടുള്ള നമ്മുടെ കയ്യിലുള്ള പ്രോപ്പര്‍ട്ടി ആണ് ആ വീട്ടില്‍ സെറ്റ് ചെയ്തിട്ട് ഈ ലിവിങ് റൂം ഫസ്റ്റ് എടുക്കുന്നത്.

തുടര്‍ന്ന് അടുത്ത നിലവരെ നമ്മള്‍ ഇതേ രീതിയില്‍ വെള്ളം കേറ്റിക്കേറ്റി തന്നെയാണ് ഷൂട്ട് ചെയ്തത്. ഒരു തരി വെള്ളം പുറത്തുപോകാതെ ഇതിനകത്ത് തന്നെ വെള്ളം നിര്‍ത്തിക്കൊണ്ട് ജനലും വാതിലും എല്ലാം ജനലിന്‍റെ സ്പേസിലുള്ള എല്ലാ ലീക്കേജും അടച്ചിട്ട് അങ്ങനെയാണ് നമ്മള്‍ വെള്ളം കേറ്റിയത്. ക്യാമറാമാനും ഡയറക്ടറും ഞങ്ങളെല്ലാവരും അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്നാണ് മൂന്നുദിവസം ആ പടം ഷൂട്ട് ചെയ്തത്.

സിനിമായാത്രയെക്കുറിച്ച്?

1996 ല്‍ സ്വര്‍ണ്ണകിരീടം എന്നുപറയുന്ന വി.എം. വിനു സംവിധാനം ചെയ്ത ചിത്രത്തില്‍ ഞാന്‍ കലാസംവിധായകന്‍റെ സഹായി ആയിട്ട് എന്‍റെ ഒരു സുഹൃത്ത് വഴിയാണ് ഞാന്‍ ആദ്യമായി സിനിമയിലേക്ക് പ്രവേശിക്കുന്നത്. സിനിമ എനിക്കൊരു ക്രെയ്സ് ആയിരുന്നു. എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോള്‍  എന്‍റെ അമ്മാവന്‍ ജോസ് തിയേറ്ററിലെ ഓപ്പറേറ്റര്‍ ഉണ്ടായിരുന്നു. വെക്കേഷന്‍ കാലം മുഴുവന്‍ ഞാന്‍ അമ്മയുടെ വീട്ടിലാണ്. 

അമ്മാവന്‍ എന്നെ സൈക്കിളിന്‍റെ മുന്‍പിലിരുത്തി തിയേറ്ററില്‍ കൊണ്ടുപോകും. മാറ്റിനിയും ഫസ്റ്റ്ഷോയും സെക്കന്‍ഡ് ഷോയും എനിക്കറിയാം. അങ്ങനെ സിനിമ കണ്ട് സിനിമയോട് ഒരു ഇഷ്ടമുണ്ടായിരുന്നു. പിന്നെ യാദൃച്ഛികമായാണ് കലാസംവിധാനത്തിലേക്ക് വരുന്നത്. ഡിഗ്രി കഴിഞ്ഞ് ഞാന്‍ ഒരു ആറുവര്‍ഷം കൃഷ്ണന്‍കുട്ടി സാറിന്‍റെ കൂടെ തന്നെയായിരുന്നു സിനിമകള്‍ ചെയ്തിരുന്നത്. 2012 ല്‍ സിനിമാക്കമ്പനി എന്നുപറഞ്ഞ് മമ്മാസ് ഡയറക്ട് ചെയ്ത സിനിമയിലൂടെയാണ് ഞാന്‍ വീണ്ടും സിനിമാസമരവും മറ്റ് പ്രശ്നങ്ങളും മാറി കലാസംവിധാനത്തിലേക്ക് തിരിച്ചുവരുന്നത്. 

അതിന് മുന്‍പ് മുഴുവന്‍ ആര്‍ട്ട് ഫിലിമിലും ഇവന്‍റ് രംഗത്തും സജീവമായിരുന്നു. ഒരുപാട് ഇന്‍സ്റ്റലേഷനുകള്‍ ചെയ്തിട്ടുണ്ട്. 2008 ല്‍ ഞാന്‍ കേരള പോലീസിനുവേണ്ടി  12000 സ്ക്വയര്‍ ഫീറ്റ് പൂക്കളം ചെയ്തിരുന്നു. കൂടാതെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ ഒരു പൂക്കളവും ഞാന്‍ കൊച്ചിയില്‍ ചെയ്തിരുന്നു.  2010 ല്‍ ഞാന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിന് 14400 സ്ക്വയര്‍ ഫീറ്റ് ഉള്ള പൂക്കളം വേള്‍ഡ് പൂളിനുവേണ്ടി തൃശൂര്‍ ചെയ്തിരുന്നു. ഇനിയിപ്പോ അടുത്തത് രാഹുല്‍ സദാശിവന്‍ എന്ന ഭ്രമയുഗം ഡയറക്ടറുടെ പുതിയ പടത്തിന്‍റെ വര്‍ക്കുകളുണ്ട്. 

 

Tags
jagala sunil lavanya