Thursday, 22 October 2026 | 09:30 PM

Interviews

മംഗലാപുരത്തും വയനാട്ടിലുമായിട്ടായിരുന്നു പ്രധാന ഷൂട്ടിംഗ്. മംഗലാപുരത്ത് നല്ല ചൂടായിരുന്നപ്പോള്‍ വയനാട്ടില്‍ നല്ല തണുപ്പായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഈ രണ്ട് സ്ഥലങ്ങളിലും പോകുന്നത്... -മുഹമ്മദ് സിനാന്

ബിന്ദു പി.പി 12 October 2026 09:42 AM
മംഗലാപുരത്തും വയനാട്ടിലുമായിട്ടായിരുന്നു പ്രധാന ഷൂട്ടിംഗ്. മംഗലാപുരത്ത് നല്ല ചൂടായിരുന്നപ്പോള്‍ വയനാട്ടില്‍ നല്ല തണുപ്പായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഈ രണ്ട് സ്ഥലങ്ങളിലും പോകുന്നത്... -മുഹമ്മദ് സിനാന്

Highlights

തിയേറ്ററുകളില്‍ വലിയ തരംഗമായി മുന്നേറുന്ന 'ബാലന്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന പുതിയ ബാലതാരമാണ് ഫോര്‍ട്ട് കൊച്ചിക്കാരനായ മുഹമ്മദ് സിനാന്‍. ടൊവിനോ തോമസിനൊപ്പം ശക്തമായ കഥാപാത്രത്തെ അതിഗംഭീരമായി വെള്ളിത്തിരയില്‍ എത്തിച്ച സിനാന്‍, സിനിമയിലേക്കുള്ള തന്‍റെ അപ്രതീക്ഷിത വരവിനെക്കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ചും 'നാന'യോട് മനസ്സുതുറക്കുന്നു.

 

ഷൂട്ടിംഗില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടേണ്ടി വന്ന സീനുകള്‍ ഏതൊക്കെയായിരുന്നു? വ്യത്യസ്ത ലൊക്കേഷനുകളിലെ ഷൂട്ടിംഗ് അനുഭവം എങ്ങനെയുണ്ടായിരുന്നു?

അവസാനഭാഗത്ത് അമ്മയെ തിരഞ്ഞ് ദീര്‍ഘദൂരം ഓടുന്ന ചില രംഗങ്ങളുണ്ട്. ആ ഓട്ടം ശരിക്കും നല്ല ടഫ് ആയിരുന്നു. വലിയ കംഫര്‍ട്ട് എടുക്കേണ്ടി വന്നു. മറ്റൊരു കാര്യം, സിനിമയിലെ എന്‍റെ കുട്ടിക്കാലം ചെയ്ത പീക്കുവും അമ്മയും തമ്മിലുള്ള സീനുകളൊന്നും ഞാന്‍ ഷൂട്ടിംഗ് സമയത്ത് കണ്ടിരുന്നില്ല. ആ കഥാഗതി എങ്ങനെയാണെന്ന് വ്യക്തമായി മനസ്സിലാക്കി തന്നത് ചിദു സാറാണ്. അദ്ദേഹം തന്ന കൃത്യമായ നിര്‍ദ്ദേശങ്ങളാണ് ക്ലൈമാക്സിലെ ഇമോഷന്‍ നന്നായി ചെയ്യാന്‍ തുണയായത്.

മംഗലാപുരത്തും വയനാട്ടിലുമായിട്ടായിരുന്നു പ്രധാന ഷൂട്ടിംഗ്. മംഗലാപുരത്ത് നല്ല ചൂടായിരുന്നപ്പോള്‍ വയനാട്ടില്‍ നല്ല തണുപ്പായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഈ രണ്ട് സ്ഥലങ്ങളിലും പോകുന്നത്. പിന്നീട് പ്രമോഷന്‍റെ ഭാഗമായി ചെന്നൈ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലൊക്കെ തിയേറ്റര്‍ വിസിറ്റിന് പോകാന്‍ കഴിഞ്ഞതും വലിയൊരു അനുഭവമായിരുന്നു.

സിനിമയില്‍ നായകതുല്യമായ വേഷം കിട്ടിയെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാരുടെ പ്രതികരണം എങ്ങനെയായിരുന്നു? പത്താം ക്ലാസ് പഠനത്തെ ഇത് ബാധിക്കുമോ?

തുടക്കത്തില്‍ എനിക്ക് സിനിമയില്‍ അവസരം കിട്ടി എന്നുപറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് അത്ര വിശ്വാസം വന്നിരുന്നില്ല. പിന്നീട് എഗ്രിമെന്‍റ് സൈന്‍ ചെയ്യാന്‍ പോയപ്പോഴാണ് അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമായത്. സിനിമയുടെ വഴി തീരെ പരിചയമില്ലാത്തതുകൊണ്ട് തുടക്കത്തില്‍ അവരുടെ മനസ്സില്‍ സ്വാഭാവികമായൊരു ആശങ്ക ഉണ്ടായിരുന്നു. പക്ഷേ പിന്നീട് വലിയ സപ്പോര്‍ട്ടായി.

ഇപ്പോള്‍ പത്താം ക്ലാസിലാണ്. പഠനം മുടങ്ങാതെ കൊണ്ടുപോകാന്‍ എന്‍.ഐ.ഒ.എസ് വഴി പത്താം തരം പ്രൈവറ്റ് ആയി എഴുതിയെടുക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. 'പഠിത്തം ഒരിക്കലും കളയരുത്. ഒപ്പം അഭിനയവും മുന്നോട്ടുകൊണ്ടുപോകാം' എന്നാണ് വീട്ടുകാര്‍ പറഞ്ഞിട്ടുള്ളത്.

മനസ്സില്‍ സൂക്ഷിക്കുന്ന ഏറ്റവും പ്രിയപ്പെട്ട നടന്‍ ആരാണ്? ഭാവിയില്‍ ഏതുതരം സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം?

എനിക്ക് ദളപതി വിജയ് സാറിനെ ജീവനാണ്. അദ്ദേഹത്തിന്‍റെ കട്ട ഫാനാണ് ഞാന്‍. തിയേറ്ററുകളില്‍ പോയി വിജയ് സിനിമകളുടെ ആദ്യഷോ കണ്ട് ആഘോഷിക്കാറുണ്ട്. ഇനി എനിക്ക് അടുത്തതായി ഒരു സിനിമ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഫുള്‍-ഓണ്‍ ആക്ഷന്‍ മൂവി ചെയ്യണമെന്നാണ് വലിയ ആഗ്രഹം. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ സ്വയം റിസ്ക് എടുത്ത് ചെയ്യാനും ഞാന്‍ തയ്യാറാണ്.

സംവിധായകരില്‍ കാര്‍ത്തിക് സുബ്ബരാജ് സാറിന്‍റെ സിനിമകള്‍ ഭയങ്കര ഇഷ്ടമാണ്. ഭാവിയില്‍ അദ്ദേഹത്തിന്‍റെ ഒരു ചിത്രത്തില്‍അഭിനയിക്കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ സ്വപ്നസാക്ഷാത്ക്കാരമായിരിക്കും.

 

Tags
Muhammed Zinaan balan the boy