സത്യം പറഞ്ഞാല്‍ വളരെ സന്തോഷത്തിലാണ്; മോര്‍ ദാന്‍ ഹാപ്പി എന്നുതന്നെ പറയാം. ആളുകള്‍ ഇത് ഇത്രയധികം നെഞ്ചിലേറ്റുമെന്നും ഇത്രയും വലിയ രീതിയില്‍ ആഘോഷിക്കുമെന്നും ഞാന്‍ ഒട്ടും കരുതിയിരുന്നില്ല... -വിനീത് വിശ്വം
Highlights
ഗിരീഷ് എ.ഡിയുടെ ബെത്ലഹേം കുടുംബ യൂണിറ്റ് നേടിയ വന്‍വിജയത്തിനുപിന്നാലെ യൂ ട്യൂബില്‍ തരംഗമായ 'സാത്തുക്കുടി പ്രണയം' എന്ന കൊച്ചുചിത്രത്തിലൂടെ പ്രേക്ഷകരെ വീണ്ടും പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ് വിനീത് വിശ്വം. 'സൂപ്പര്‍ശരണ്യ'യിലെ പ്രൊഫസര്‍ അരുണ്‍സാറിന് ശേഷം 'ബെത്ലഹേം കുടുംബ യൂണിറ്റി'ലെ നന്ദന്‍ വേങ്ങടങ്ങ് എന്ന കഥാപാത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ മീമുകളും ട്രോളുകളും വാരിക്കൂട്ടുന്ന പ്രിയതാരം വിനീത് വിശ്വം 'നാന'യോട് സംസാരിക്കുന്നു...
സോഷ്യല്‍ മീഡിയയിലാകെ ഇപ്പോള്‍ 'സാത്തുക്കുടി പ്രണയ'മാണല്ലോ തരംഗം. എന്താണ് ഈ സമയത്തെ മനസ്സ്?
സത്യം പറഞ്ഞാല്‍ വളരെ സന്തോഷത്തിലാണ്; മോര്‍ ദാന്‍ ഹാപ്പി എന്നുതന്നെ പറയാം. ആളുകള്‍ ഇത് ഇത്രയധികം നെഞ്ചിലേറ്റുമെന്നും ഇത്രയും വലിയ രീതിയില്‍ ആഘോഷിക്കുമെന്നും ഞാന്‍ ഒട്ടും കരുതിയിരുന്നില്ല.
ബെത്ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളില്‍ വലിയ ഹിറ്റായതിനുപിന്നാലെ പ്രമോഷന്‍റെ ഭാഗമായി പ്ലാന്‍ ചെയ്തതാണോ ആ ഷോര്‍ട്ട് ഫിലിം?
പ്രമോഷന്‍ മെറ്റീരിയലായിട്ട് ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണെന്നത് ശരിയാണ്. പക്ഷേ ഇതൊരു പ്രമോഷന്‍ ഗിമ്മിക്ക് ആയി പെട്ടെന്ന് ഉണ്ടാക്കിയതല്ല. സിനിമ ഷൂട്ടിങ് തുടങ്ങുന്ന ആ സമയത്ത് തന്നെ സംവിധായകന്‍ ഗിരീഷ് എന്നോട് പറഞ്ഞിരുന്നു. 'നമുക്കിത് മുഴുവനായിട്ട് ഒരു ഷോര്‍ട്ട് ഫിലിമായിട്ട് തന്നെ ഷൂട്ട് ചെയ്യണം' എന്ന്. സിനിമയിലെ ഇവരുടെ ലോകത്തിന്‍റെ ഒരു എക്സ്റ്റന്‍ഷന്‍ പോലെ യൂ ട്യൂബില്‍ റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍. സിനിമയുടെ ഷെഡ്യൂളിനിടയില്‍ ഈ രണ്ട് പ്രോജക്റ്റുകള്‍ക്കും കോമണ്‍ ആയിട്ട് വരുന്ന ഭാഗങ്ങളെല്ലാം ഒപ്പത്തിനൊപ്പം തന്നെ മുഴുവനായി ഷൂട്ട് ചെയ്തു. അതില്‍ ചെറിയൊരു ഭാഗം മാത്രമേ സിനിമയില്‍ പാട്ടിന്‍റെ വിഷ്വലുകള്‍ക്കായി ഉപയോഗിച്ചിട്ടുള്ളൂ. ബാക്കി എക്സ്റ്റന്‍ഡഡ് വേര്‍ഷനാണ് ഇതിലേക്ക് എടുത്തത്. ഇതുകൂടാതെ, സിനിമയുടെ ഷൂട്ടിങ് പൂര്‍ണ്ണമായി കഴിഞ്ഞതിനുശേഷം ഒരു മൂന്ന് ദിവസം പ്രത്യേകം ഈ ഷോര്‍ട്ട് ഫിലിമിനുവേണ്ടി മാത്രമായി ഷൂട്ട് ചെയ്യുകയാണുണ്ടായത്. ആ രണ്ട് ഭാഗങ്ങളും കൂടി ചേര്‍ത്താണ് ഇപ്പോള്‍ കാണുന്ന ഈ കൊച്ചുചിത്രം പൂര്‍ത്തിയാക്കിയത്.
സംവിധായകന്‍ ഗിരീഷ് എ.ഡിയുമായുള്ള കൂട്ടുകെട്ട്? പണ്ട് മൂക്കുത്തിയിലും പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങളിലുമൊക്കെ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ...?
ഗിരീഷ് എന്‍റെ വളരെ അടുത്ത സുഹൃത്താണ്. ഞാന്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത് ഗിരീഷിന്‍റെ 'മൂക്കുത്തി' എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ്. ആ സമയത്തൊക്കെ കറുകുറ്റി എന്ന ഞങ്ങളുടെ സ്ഥിരം ഹാങ് ഔട്ട് സ്ഥലത്തുവെച്ച് തമാശയ്ക്കും വെറുതെ നേരംപോക്കിനും വേണ്ടി ഞങ്ങള്‍ ഒട്ടനവധി ഷോര്‍ട്ട് ഫിലിമുകള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അതില്‍ പലതും വെളിച്ചം കണ്ടിട്ടുപോലുമില്ല. പണ്ട് കട്ടപ്പ ഗേള്‍സ് എന്ന പേരില്‍ ഒരു സ്പൂഫ് ഒക്കെ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. പണ്ട് മുതലേ ഇത്തരം തമാശകളും സ്പൂഫുകളും ഗിരീഷിന്‍റെ മേക്കിങ്ങില്‍ വലിയൊരു ഇന്‍ഫ്ളുവന്‍സ് ഉണ്ടാക്കിയിട്ടുണ്ട്. അവന്‍ കാര്യങ്ങള്‍ ഭയങ്കര ലളിതമായി എന്നാല്‍ കൃത്യമായി ചെയ്യുന്നയാളാണ്. 'മൂക്കുത്തി'ക്ക് ശേഷം 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' വന്നപ്പോള്‍ അതില്‍ ചെറിയൊരു വേഷം തന്നു. പിന്നീട് 'സൂപ്പര്‍ശരണ്യ'യായപ്പോഴേക്കും കുറച്ചുകൂടി ഇമ്പോര്‍ട്ടന്‍റായ റോള്‍ കിട്ടി. ഇപ്പോള്‍ ബെത്ലഹേമിലും ഈ ഗ്യാങ്ങില്‍പ്പെടാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്.
നന്ദന്‍ വേങ്ങടങ്ങ് എന്ന കഥാപാത്രത്തിലേക്ക് വിനീത് എത്തുന്നത് എങ്ങനെയാണ്?
ബെത്ലഹേം കുടുംബ യൂണിറ്റിന്‍റെ ആദ്യഘട്ടചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ഇങ്ങനെയൊരു കഥയുടെ രൂപം ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നു. അന്ന് സൂപ്പര്‍ശരണ്യയ്ക്കുമുന്‍പുള്ള കാലമാണ്. പക്ഷേ അന്നത് പല കാരണങ്ങള്‍കൊണ്ടും സിനിമയായി നടന്നില്ല. പിന്നീട് ഞാന്‍ വേറൊരു ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി കണ്ണൂരില്‍ നില്‍ക്കുമ്പോഴാണ് ഗിരീഷ് എന്നെ വിളിക്കുന്നത്. 'ഇതില്‍ ഒരു കഥാപാത്രമുണ്ട്, പേര് നന്ദന്‍ വേങ്ങടങ്ങ്' എന്ന് പറഞ്ഞു. കേട്ടപ്പോള്‍ തന്നെ എനിക്ക് ഭയങ്കര സന്തോഷമായി. കാരണം 'വേങ്ങടങ്ങ്' എന്നത് എന്‍റെ സ്വന്തം നാടാണ്! ഗിരീഷ് എഴുതുമ്പോള്‍ തന്നെ എന്നെ മനസ്സില്‍ കണ്ടുകൊണ്ടുതന്നെയായിരിക്കണം ആ പേര് കഥാപാത്രത്തിന് നല്‍കിയത്. നാട്ടില്‍ എന്തെങ്കിലും വാങ്ങാന്‍ കടയില്‍ പോകുമ്പോഴും അവിടുത്തെ പിള്ളേരൊക്കെ ചോദിക്കാറുണ്ട്- 'ചേട്ടന്‍ ഇവിടെയാണ് താമസിക്കുന്നത്چ എന്ന്, കാരണം 'അങ്കമാലി ഡയറീസും' 'കരുവേലിപ്പടി' സൗഹൃദങ്ങളും കണ്ടിട്ട് ഞാന്‍ അങ്കമാലിക്കാരനാണെന്ന് പലരുടെയും വിചാരം! അപ്പോള്‍ സ്വന്തം നാടിന്‍റെ പേര് തുന്നിച്ചേര്‍ത്ത ഒരു കഥാപാത്രത്തെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വലിയൊരു ക്രെഡിറ്റും സന്തോഷവുമാണ്.