Sunday, 20 September 2026 | 02:55 PM

Exclusive

ചിത്രജാലക്കാഴ്ചകള്‍: കെ.ആര്‍. വിജയ - മലയാളത്തിന്‍റെ പ്രിയ ശകുന്തള

എന്‍.ടി. സതീഷ് 03 September 2026 06:19 AM
ചിത്രജാലക്കാഴ്ചകള്‍:  കെ.ആര്‍. വിജയ - മലയാളത്തിന്‍റെ പ്രിയ ശകുന്തള

Highlights

കാളിദാസഭാവനയിലെ ശകുന്തളയുടെ സൗന്ദര്യം എത്രമാത്രം ആകര്‍ഷകമായിരുന്നുവെന്ന് ആര്‍ക്കും അത്ര നിശ്ചയമില്ല. എന്നാല്‍ മലയാളികള്‍ക്ക് ആ സൗന്ദര്യം ഏറെ ആസ്വദിക്കാന്‍ കഴിഞ്ഞത് നടി കെ.ആര്‍. വിജയയിലൂടെയായിരുന്നു. ചലച്ചിത്രലോകത്ത് കെ.ആര്‍. വിജയ അറിയപ്പെടുന്നത് 'ക്യൂന്‍ ഓഫ് സ്മൈല്‍' എന്ന പേരിലാണ്.

 

കാളിദാസഭാവനയിലെ ശകുന്തളയുടെ സൗന്ദര്യം എത്രമാത്രം ആകര്‍ഷകമായിരുന്നുവെന്ന് ആര്‍ക്കും അത്ര നിശ്ചയമില്ല. എന്നാല്‍ മലയാളികള്‍ക്ക് ആ സൗന്ദര്യം ഏറെ ആസ്വദിക്കാന്‍ കഴിഞ്ഞത് നടി കെ.ആര്‍. വിജയയിലൂടെയായിരുന്നു. അതിന് നിമിത്തമായത് ഉദയായുടെ ബാനറില്‍ 1965 ല്‍ എം. കുഞ്ചാക്കോ നിര്‍മ്മിച്ച് സംവിധാനം ചെയ്ത 'ശകുന്തള' എന്ന ചിത്രമായിരുന്നു. കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ സ്നേഹനിര്‍ബന്ധപ്രകാരം പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തര്‍ജ്ജനം തിരക്കഥയും സംഭാഷണവും രചിച്ച ഏക ചലച്ചിത്രമെന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു. അങ്ങനെ വേറിട്ട ശൈലിയിലുള്ള ആവിഷ്ക്കാരപ്പുതുമ കൊണ്ട് മലയാളി പ്രേക്ഷകന്‍റെ മനസ്സില്‍ ശകുന്തളയിലൂടെ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കെ.ആര്‍. വിജയ. 

പ്രണയലേഖനം എങ്ങനെയെഴുതണമെന്നറിയാതെ വലഞ്ഞ മുനികുമാരിയുടെ അന്തര്‍സംഘര്‍ഷഷങ്ങള്‍ മലയാളിയുടെ സ്വന്തം വികാരമായി പകര്‍ന്നുനല്‍കാന്‍ ശകുന്തളയിലൂടെ കെ.ആര്‍. വിജയയ്ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കാളിദാസഹൃദയത്തിലെ ശകുന്തളയുടെ സൗന്ദര്യം എന്തുതന്നെയായാലും കേരളീയരെ സംബന്ധിച്ചിടത്തോളം കെ.ആര്‍. വിജയയുടെ ശാലീനസൗന്ദര്യമായിരുന്നു ശകുന്തളയുടെയും സൗന്ദര്യം. അതുപോലെ അത്രതന്നെ ആഴത്തില്‍ ശകുന്തളയുടെ മനോവ്യാപാരങ്ങളെ സ്പര്‍ശിക്കാനും കെ.ആര്‍. വിജയ ആ ചിത്രത്തിലൂടെ ശ്രമിച്ചിരുന്നു.

പഴയകാല മലയാള ചലച്ചിത്രങ്ങളില്‍ സ്വന്തമായ വ്യക്തിത്വം കൊണ്ടും അഭിനയപ്രത്യേകതകൊണ്ടും സ്വതന്ത്രസഞ്ചാരം നടത്തിയ നടിയാണ് കെ.ആര്‍. വിജയ. അനുകരണമില്ലാത്ത ഭാവമഹിമ കൊണ്ട് പ്രേക്ഷകന്‍റെ 
ഓര്‍മ്മകളില്‍ അനുരാഗത്തിന്‍റെ സപ്തവര്‍ണ്ണങ്ങള്‍ സൃഷ്ടിക്കാനും വിഷാദത്തിന്‍റെ നിഴല്‍ച്ചിത്രങ്ങള്‍ വരയ്ക്കാനും പ്രതികാരത്തിന്‍റെ കനലായി ജ്വലിക്കാനും കെ.ആര്‍. വിജയയയ്ക്ക് കഴിഞ്ഞിരുന്നു. 1968 ല്‍ പുറത്തിറങ്ങിയ 'കൊടുങ്ങല്ലൂരമ്മ' എന്ന ചിത്രം അതിന്‍റെ തെളിവായിരുന്നു. ഉദയായുടെ ബാനറില്‍ എം.കുഞ്ചാക്കോ തന്നെ നിര്‍മ്മിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇളംകോ അടികളുടെ സംഘകാല കൃതികളിലൊന്നായ 'ചിലപ്പതികാര'ത്തിന്‍റെ ചലച്ചിത്ര രൂപമായിരുന്നു. അതില്‍ കണ്ണകിയുടെ വേഷമായിരുന്നു വിജയയ്ക്ക്. കോവലന്‍ പ്രേംനസീറും. പ്രമുഖ നാടകരചയിതാവും ആകാശവാണി കലാകാരനുമായിരുന്ന ജഗതി എന്‍. കെ ആചാരിയായിരുന്നു 'കൊടുങ്ങല്ലൂരമ്മ'യുടെ തിരക്കഥ- സംഭാഷണ രചയിതാവ്. 

ഭര്‍ത്താവിനെ ചതിയില്‍പ്പെടുത്തി വധിച്ച പാണ്ഡ്യരാജാവിനോടുള്ള കണ്ണകിയുടെ ഒറ്റച്ചിലമ്പേന്തിയുള്ള പ്രതികാരയാത്രയും മധുരാപുരിയെ കനല്‍ക്കൂമ്പാരമാക്കിയ രോഷാഗ്നിയും മറ്റും മലയാളികള്‍ക്ക് ദൃശ്യസായൂജ്യം നല്‍കിയത് കെ.ആര്‍. വിജയയിലൂടെയായിരുന്നു. അതുപോലെതന്നെ കെ.ആര്‍. വിജയ തന്‍റെ തനത് അഭിനയശൈലി കൊണ്ട് ശ്രദ്ധേയമാക്കിയ മറ്റൊരു ചലച്ചിത്രമായിരുന്നു 1965 ല്‍ റിലീസ് ചെയ്ത 'ഓടയില്‍ നിന്ന്.' കൊല്ലത്തുനടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അവലംബിച്ച് പി. കേശവദേവ് രചിച്ച നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു അത്. 

അതിലെ റിക്ഷാക്കാരനായ പപ്പു എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് സത്യനായിരുന്നു. റിഷ തട്ടി ഓടയില്‍ വീണ അനാഥ ബാല്യത്തെ സനാഥമാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കിയപ്പോള്‍ രക്ഷകനെ തള്ളിപ്പറയുന്ന യൗവ്വനത്തിന്‍റെ ഹീനതയായിരുന്നു നോവലിലെയും ചലച്ചിത്രത്തിലെയും പ്രമേയം. അതിലെ അനാഥബാല്യത്തിന്‍റെ യൗവ്വനരൂപമായി പ്രേക്ഷകര്‍ കണ്ട നായിക കെ.ആര്‍. വിജയയായിരുന്നു. അവളെ പ്രണയിച്ച കാമുകന്‍ പ്രേംനസീറിന്‍റെ കഥാപാത്രവും. പ്രേംനസീറിനെ പ്രണയവഴിയിലേയ്ക്ക് നയിച്ചത് വിജയയുടെ കഥാപാത്രം കലാലയവേദിയില്‍ പാടിയ പാട്ടായിരുന്നു. ആ പാട്ട് പ്രേംനസീര്‍ ചെയ്ത കാമുക കഥാപാത്രത്തിന്‍റെ മാത്രമല്ല പുതിയ തലമുറയെയും ഇപ്പോഴും വശീകരിച്ചുകൊണ്ടിരിക്കുന്നു. വയലാര്‍ എഴുതി ദേവരാജ സംഗീതത്തില്‍ പിറന്ന് പി. സുശീല ആലപിച്ച ഗാനം ഇതാണ്-

കാറ്റില്‍ ഇളംകാറ്റില്‍ ഒഴുകിവരും ഗാനം
ഒരു കാണാക്കുയില്‍ പാടും കളമുരളീഗാനം.

അതുപോലെതന്നെ 1964 ല്‍ പുറത്തിറങ്ങിയ ആദ്യകിരണങ്ങള്‍ എന്ന ചിത്രത്തിലെയും നായിക കെ.ആര്‍. വിജയ ആയിരുന്നു. സത്യനായിരുന്നു നായകന്‍. പാറപ്പുറത്തിന്‍റെ ഇതേപേരിലുള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരം. പി. ഭാസ്ക്കരനായിരുന്നു നിര്‍മ്മാണവും സംവിധാനവും ഗാനങ്ങളും. സംഗീതം കെ. രാഘവന്‍. ഇതില്‍ പി. സുശീല പാടിയ ഒരു സുന്ദരഗാനമുണ്ട്-

പതിവായ് പൗര്‍ണ്ണമിതോറും
പടിവാതിലപ്പുറമെത്തി
കണിവെള്ളരി കാഴ്ചവയ്ക്കും കനകനിലാവേ..

പാറപ്പുറത്തിന്‍റെ മറ്റൊരു നോവല്‍ ചലച്ചിത്രസംരംഭത്തിലും കെ.ആര്‍. വിജയ തന്നെയായിരുന്നു നായിക. ജനറല്‍ പിക്ച്ചേഴ്സിന്‍റെ 'അന്വേഷിച്ചുകണ്ടെത്തിയില്ല' ആണ് ചിത്രം. പി. ഭാസ്ക്കരന്‍ സംവിധാനം ചെയ്ത ആ ചിത്രം നിര്‍മ്മിച്ചത് കെ. രവീന്ദ്രനാഥന്‍ നായരാണ്. അതില്‍ ഭാസ്ക്കരന്‍ മാഷിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എം.എസ്. ബാബുരാജാണ്. അതിലെ എസ്. ജാനകിയുടെ പ്രശസ്ത ഗാനത്തിന് അഭിനയഭാവം പകര്‍ന്നത് കെ.ആര്‍. വിജയയാണ്. ആ ഗാനം ഇതാണ്-

കവിളത്തെ കണ്ണീര്‍കണ്ട് മണിമുത്താണെന്നു കരുതി
വിലപേശാനോടി വന്ന വഴിയാത്രക്കാരാ... വഴിയാത്രക്കാരാ..
.

ഇങ്ങനെ എത്രയോ ചലച്ചിത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച അഭിനയപ്രതിഭയാണ് കെ.ആര്‍. വിജയ. വിജയയുടെ പൂര്‍വ്വനാമം ദേവനായകി  എന്നാണ്. തൃശൂരായിരുന്നു ജനനം. ഇപ്പോള്‍ എഴുപത്തേഴ് വയസ്സുള്ള കെ.ആര്‍. വിജയ ചലച്ചിത്രത്തിരക്കുകളില്‍ നിന്ന് വിശ്രമജീവിതത്തിലെത്തിയിരിക്കുന്നു. മലയാളത്തിലെന്നപോലെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ധാരാളം ഹിറ്റുകള്‍ സമ്മാനിച്ച നടിയാണ് കെ.ആര്‍. വിജയ. 1963 ലാണ് വിജയയുടെ ചലച്ചിത്ര സഞ്ചാരത്തിന്‍റെതുടക്കം.

കര്‍പ്പഗം എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ അരങ്ങേറ്റം. അതിപ്പോള്‍ ആറുപതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ആദ്യകാല ചിത്രങ്ങളില്‍ ഇദയകമലം, ഓടയില്‍ നിന്ന്, സരസ്വതി ശാപം തുടങ്ങിയവ ശ്രദ്ധേയമായിരുന്നു. അത് മുന്നോട്ടുള്ള അഭിനയ പ്രയാണത്തിന് നിമിത്തമാകുകയായിരുന്നു. അങ്ങനെ അഞ്ഞൂറിലധികം ചിത്രങ്ങളില്‍ ഭാഗമാകാന്‍ വിജയയ്ക്ക് കഴിഞ്ഞു. എന്‍.ടി.ആര്‍, എം.ജി.ആര്‍, ശിവജി ഗണേശന്‍, ജെമിനിഗണേശന്‍, സത്യന്‍, പ്രേം നസീര്‍, മധു തുടങ്ങിയ മുന്‍കാല നടന്മാരുടെ ഇഷ്ടനായികയായിരുന്നു കെ.ആര്‍. വിജയ. ശിവജി ഗണേശനോടൊപ്പം വിജയ അഭിനയിച്ച് ശ്രദ്ധേയമായ പല തമിഴ് ചിത്രങ്ങളും ഇപ്പോഴും പ്രേക്ഷകമനസ്സില്‍ നിത്യഹരിതങ്ങളാണ്. 1984 ല്‍ തിക്കോടിയന്‍ നാടകത്തിന്‍റെ  ചലച്ചിത്രാവിഷ്ക്കാരമായ 'ഇത്തിരിപ്പൂവേ ചുവന്നപൂവേ' എന്ന ചിത്രത്തിലെ അഭിനയത്തിന് കെ.ആര്‍. വിജയയ്ക്ക് കേരള സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചിരുന്നു. ചലച്ചിത്രലോകത്ത് കെ.ആര്‍. വിജയ അറിയപ്പെടുന്നത് 'ക്യൂന്‍ ഓഫ് സ്മൈല്‍' എന്ന പേരിലാണ്.

 

Tags
K R Vijaya